മാലി: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന്റെ നീക്കം.മുഖ്യപ്രതിപക്ഷമായ മാലദ്വീപിയൻ ഡെമോക്രാറ്റിക് പാർട്ടിയാണ്(എം.ഡി.പി) പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാൻ ഒരുങ്ങുന്നത്.
ഇംപീച്ച്‌മെന്റിനായുള്ള നടപടികള്‍ പ്രതിപക്ഷം പാർലമെന്റില്‍ തുടങ്ങിയെന്നാണ് റിപ്പോർട്ട്. ഡെമോക്രാറ്റുകളുമായി സഖ്യത്തിലേര്‍പ്പെട്ടാണ് എം.ഡി.പി മുയിസുവിനെതിരെ നീക്കം നടത്തുന്നത്. എം.ഡി.പിയുടെയും ഡെമോക്രാറ്റുകളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടെ 34 അംഗങ്ങള്‍ ഇംപീച്ച്‌മെന്റ് പ്രമേയത്തിന് പിന്തുണ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ചൈനയോട് കടുത്ത ആഭിമുഖ്യം പുലർത്തുന്ന മുയിസു അടുത്തിടെ ചൈനീസ് ചാരക്കപ്പലിന് രാജ്യത്ത് നങ്കൂരമിടാൻ അനുവാദം നല്‍കിയതിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. ഇതെ ചൊല്ലി പാർലമെന്റില്‍ വലിയ ബഹളമുണ്ടായി.
മുയിസു പ്രസിഡൻറായി അധികാരമേറ്റതു മുതല്‍ ഇന്ത്യയുമായുള്ള മാലദ്വീപിന്റെ ബന്ധം വഷളായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ ചൊല്ലിയാണ് പ്രശ്നം തുടങ്ങിയത്.