KeralaNEWS

സംഘപരിവാര്‍ തൃശൂരില്‍ ‘നുണ ഫാക്ടറി’ തുറന്നിരിക്കുകയാണ്; നിയമനടപടി സ്വീകരിക്കുമെന്ന് ടി.എന്‍. പ്രതാപന്‍

തൃശൂർ: സാമൂഹ്യ മാധ്യമങ്ങളിലൂടെ സാമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ചുള്ള അപവാദപ്രചരണങ്ങള്‍ നിയമപരമായി നേരിടുമെന്ന് ടി.എന്‍.പ്രതാപൻ എം .പി.

 ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംഘപരിവാര്‍ തൃശൂരില്‍ ‘നുണ ഫാക്ടറി’ തുറന്നിരിക്കുകയാണ്. ബി.ജെ.പിയുടെ ദേശീയ ഐ.ടി. സെല്ലിന്റെ നേതൃത്വത്തില്‍ അപകടകരമായ വ്യാജ വ്യവഹാര നിര്‍മിതിയാണ് നടക്കുന്നത്.തനിക്കെതിരേ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. വ്യക്തിഹത്യയിലൂടെ തെരഞ്ഞെടുപ്പ് നേരിടാമെന്നാണ് അവര്‍ കരുതുന്നത്. ഇതിന് ബി.ജെ.പി. കനത്ത വില കൊടുക്കേണ്ടി വരുമെന്നും പ്രതാപന്‍ പറഞ്ഞു.

ചെറുതും വലുതുമായ നുണകള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി ആയിരക്കണക്കിന് ബോട്ട് അക്കൗണ്ടുകള്‍, വിവിധ സാമൂഹ്യ മാധ്യമങ്ങള്‍, ബ്ലോഗ്ഗർ എന്നിവ ബി.ജെ.പി-ആര്‍.എസ്.എസ്. സംഘം തയ്യാറാക്കിയിട്ടുണ്ട്. ഒരേ അച്ചിലിട്ട് വാര്‍ത്തതുപോലെയുള്ള കമന്റുകളും പോസ്റ്റുകളും സാമൂഹ്യ മാധ്യമങ്ങളില്‍ നിരന്തരമായി പരത്തുന്നത് സംഘപരിവാരം ആവിഷ്‌കരിക്കുന്ന വെറുപ്പിന്റെ കമ്ബോളം തുറക്കുവാനാണ്.

ടി.എന്‍. പ്രതാപന്‍ എന്ന വ്യക്തിക്കെതിരെയുള്ള വ്യാജ വാര്‍ത്തകളും പ്രചരണങ്ങളും താന്‍ ഗൗനിക്കുന്നില്ല. കഴിഞ്ഞ അന്‍പത് വര്‍ഷത്തെ പൊതുജീവിതം തൃശൂരിലെ ജനങ്ങളുടെ മുന്നിലുണ്ട്. ആദ്യമായി പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കാലം തൊട്ട് സംഘപരിവാര്‍ ശക്തികള്‍ പറഞ്ഞുപരത്തിയ നുണകളാണ് അവരിപ്പോഴും തുടരുന്നത്. ഇവയെല്ലാം നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുുകളില്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതും ബി.ജെ.പിക്ക് കടുത്ത തിരിച്ചടി നല്‍കിയതുമാണ്.

പാര്‍ലമെന്റിന് അകത്തും പുറത്തും വര്‍ഗീയതക്കെതിരെയുള്ള തന്റെ നിലപാടുകള്‍ സംഘപപരിവാരത്തെ വല്ലാതെ പ്രകോപിപ്പിക്കുന്നുണ്ടെന്ന് മനസ്സിലാകുന്നുണ്ട്. അതാണ് തന്റെ രാഷ്ട്രീയം. അത് തുടരുക തന്നെ ചെയ്യും. ഇതില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്നും പ്രതാപന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സംഘപരിവാരവും അവരുടെ കൈയില്‍ നിന്നും പണം കൈപ്പറ്റിയ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും അവര്‍ വിലക്കെടുത്ത ചില ബ്ലോഗുകളും തന്നെ വ്യക്തിപരമായി ലക്ഷ്യമിടുകയാണെന്ന് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
ആവിഷ്‌കാര സ്വാതന്ത്ര്യം അങ്ങേയറ്റം മാനിക്കുന്ന ഒരാളാണ് താന്‍. ആരോഗ്യകരമായ വിമര്‍ശനങ്ങളും സംവാദങ്ങളുമാണ് ജനാധിപത്യത്തിന്റെ കാതല്‍ എന്ന് ഉറച്ച്‌ വിശ്വസിക്കുന്നു. പക്ഷെ, നമ്മുടെ കുടുംബങ്ങളെ അടക്കം നിഷ്ടൂരമായി കൊത്തി വലിക്കുന്ന അപവാദ പ്രചരണങ്ങള്‍, നുണകള്‍, വ്യാജവാര്‍ത്തകള്‍ എന്നിവ നിയമപരമായി നേരിടേണ്ടത് നമ്മുടെ ജനാധിപത്യ സമൂഹത്തിന്റെ ആവശ്യമാണ്.

ക്ഷേത്രാരാധകനായ ഹൈന്ദവ വിശ്വാസിയാണ് താന്‍. ഇന്ത്യന്‍ ഭരണഘടനയാണ് എന്റെ ജീവാത്മാവ്. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും മറ്റു മതക്കാരും മതമില്ലാത്തവരും തുല്യ നീതിയും സ്ഥാനവും അഭിമാനവും അര്‍ഹിക്കുന്ന പൗരന്മാരാണ് എന്നതാണ് തന്റെ സാമൂഹിക രാഷ്ട്രീയ വീക്ഷണം. ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും കുടുംബം പോലെ സ്വകാര്യമായ ഇടങ്ങളെയും അപഹസിക്കുന്ന സംഘപരിവാര്‍ സംഘത്തെ നിയമപരമായും രാഷ്ട്രീയമായും സാമൂഹ്യപരമായും നേരിടും. ഇതിന് മതനിരപേക്ഷസമൂഹത്തിന്റെ പിന്തുണയുണ്ടാകുമെന്ന് ഉറച്ച വിശ്വാസമുണ്ട്.

Back to top button
error: