തൃശ്ശൂര്‍: ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പൊന്നൂക്കര കാത്തിര വീട്ടില്‍ സഞ്ജുവിന്റെ ഭാര്യ സാന്ദ്ര(24)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് കിടപ്പുമുറിയില്‍ ഇവരെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. തോണിപ്പാറ പൊങ്ങണാമൂല വീട്ടില്‍ സുഭാഷിന്റെ മകളാണ്. രണ്ടു വര്‍ഷം മുന്‍പായിരുന്നു വിവാഹം. ആറുമാസം പ്രായമുള്ള ഒരു മകനുണ്ട്. സംസ്കാരം പിന്നീട്.
അതേസമയം, കഴിഞ്ഞ ദിവസം മലപ്പുറം പന്തല്ലൂരില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍. മങ്കട വെള്ളില സ്വദേശിനി പന്തല്ലൂര്‍ കിഴക്കുപറമ്പ് മദാരികുപ്പേങ്ങല്‍ നിസാറിന്റെ ഭാര്യ തഹ്ദില (ചിഞ്ചു-25)യുടെ മരണത്തില്‍ ഭര്‍തൃപിതാവ് മദാരി അബൂബക്കര്‍ ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. അബൂബക്കര്‍ തഹ്ദിലയെ ഉപദ്രവിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു.
വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് തഹ്ദിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ തഹ്ദിലയുടെ ബന്ധുക്കളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഭര്‍തൃവീട്ടുകാര്‍ തയാറായില്ലെന്ന് തഹ്ദിലയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഗാര്‍ഹിക പീഡനം കാരണമാണ് മരിച്ചതെന്ന് ആരോപിച്ച് ഭര്‍തൃപിതാവിനും മാതാവിനുമെതിരെ തഹ്ദിലയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.