
അയോധ്യ മൂവ്മെന്റില്‍ ഒരിക്കലും മറക്കാൻ പാടില്ലാത്ത പേര് ഒരു മലയാളിയുടെതാണ് എന്ന കാര്യം ഇന്നും പലർക്കും അറിയില്ല. കെകെ നായർ അഥവാ കണ്ടങ്ങളത്തില്‍ കരുണാകരൻ നായർ അയോധ്യാ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആഴത്തില്‍ പതിഞ്ഞ ഒരു പേരാണ്.
കേരളത്തില്‍ നിന്നുള്ള ഈ ഐസിഎസ് ഉദ്യോഗസ്ഥൻ ഉത്തർപ്രദേശുകാർക്കിടയിൽ നായർ സാബ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. രാം ലല്ല വിഗ്രഹം നീക്കം ചെയ്യാനുള്ള അന്നത്തെ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്‌റുവിന്റെ നിർദ്ദേശം ലംഘിച്ച കെകെ നായർക്ക്, അതിന്റെ ഫലമായി നേരിടേണ്ടി വന്നത് സസ്പെൻഷൻ നടപടിയായിരുന്നു, എന്നാല്‍ ഈ തീരുമാനത്തിനെതിരെ നിയമപോരാട്ടം നടത്തി വിജയിച്ചു കൊണ്ടാണ് കെകെ നായർ എന്ന മലയാളി വ്യത്യസ്‌തനായത്.
1907 സെപ്റ്റംബർ 11ന് ജനിച്ച കെകെ നായർ ആലപ്പുഴയിലെ കുട്ടനാട്ടില്‍ നിന്നാണ് തന്റെ ജീവിതം ആരംഭിച്ചത്.കേരളത്തില്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അദ്ദേഹം ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോവുകയായിരുന്നു. തുടർന്ന് 21-ാം വയസില്‍ ഐസിഎസ് നേടുകയും ചെയ്‌തു. 1945ല്‍ ഉത്തർപ്രദേശില്‍ സിവില്‍ സർവീസില്‍ ചേർന്ന അദ്ദേഹം 1949 ജൂണ്‍ 1നാണ് ഫൈസാബാദിലെ ഡെപ്യൂട്ടി കമ്മീഷണർ കം-ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റായി ചുമതല ഏറ്റെടുത്തത്.
ജില്ലാ മജിസ്‌ട്രേറ്റ് എന്ന നിലയില്‍, അയോധ്യ വിഷയത്തില്‍ സംസ്ഥാന സർക്കാരില്‍ നിന്ന് ഒരു കത്ത് ലഭിച്ചതിന് ശേഷം, അതിന്റെ ഗ്രൗണ്ട് റിപ്പോർട്ട് സമർപ്പിക്കാൻ കെകെ നായർ തന്റെ സഹായിയായ ഗുരു ദത്ത് സിംഗിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ 1949 ഒക്‌ടോബർ 10ന് കെകെ നായർക്ക് കൈമാറിയ റിപ്പോർട്ടില്‍ ഗുരു ദത്ത് സിംഗ്, ആ പ്രദേശത്ത് ഒരു വലിയ രാമക്ഷേത്രം നിർമ്മിക്കാനുള്ള ശുപാർശ മുന്നോട്ട് വയ്ക്കുകയായിരുന്നു.
1949 ഡിസംബർ 22ന് അന്നത്തെ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്‌റുവിന്റെ നിർദ്ദേശപ്രകാരം ഉത്തർപ്രദേശ് മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്ത് രാംലല്ല ക്ഷേത്രത്തില്‍ നിന്ന് ഹിന്ദുക്കളെ പുറത്താക്കാൻ ഉത്തരവിടുകയായിരുന്നു. എന്നാല്‍ അന്നത്തെ ഫൈസാബാദ് ജില്ലാ കളക്‌ടർ ആയിരുന്ന കെകെ നായർ ഉത്തരവ് നടപ്പാക്കാൻ വിസമ്മതിക്കുകയും, യഥാർത്ഥ തല്‍പരകക്ഷികള്‍ അവിടെ പൂജ നടത്തുകയാണെന്നും ഈ നീക്കം കലാപത്തിനും രക്തച്ചൊരിച്ചിലിനും ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടുകയും ചെയ്‌തു.
സംഭവത്തിന് പിന്നാലെ ഗോവിന്ദ് വല്ലഭ് പന്ത് കെകെ നായരെ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്‌തിരുന്നു. എന്നാല്‍ കെകെ നായർ കോണ്‍ഗ്രസ് സർക്കാരിനെതിരെ കോടതിയില്‍ പോരാടുകയും അദ്ദേഹത്തിന് അനുകൂലമായ ഉത്തരവ് നേടുകയും ചെയ്‌തു. സർവീസില്‍ തിരിച്ചെത്തിയ ശേഷം ഐഎഎസ് ഉദ്യോഗസ്ഥനായി ജോലി തുടരേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചു. പിന്നീട് രാജിവെച്ച ശേഷം അലഹബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്‌ടീസും തുടങ്ങി.
അപ്പോഴേക്കും ഫൈസാബാദിലെയും പരിസരങ്ങളിലെയും ആളുകള്‍ അദ്ദേഹത്തെ സ്നേഹത്തോടെ ‘നായർ സാഹിബ്’ എന്ന് വിളിച്ചുതുടങ്ങിയിരുന്നു. രാമക്ഷേത്രത്തിനായുള്ള പോരാട്ടം മുന്നോട്ടുകൊണ്ടുപോയ കെ കെ നായരും കുടുംബവും പിന്നീട് ജനസംഘത്തില്‍ ചേർന്നു. 1952ല്‍ ഭാര്യ ശകുന്തള നായർ ജനസംഘം ടിക്കറ്റില്‍ മത്സരിച്ച് ഉത്തർപ്രദേശ് നിയമസഭയില്‍ അംഗമായി.
പിന്നീട്, 1962-ല്‍ കെകെ നായരും ഭാര്യയും യഥാക്രമം ബഹ്റൈച്ച്, കൈസർഗഞ്ച് മണ്ഡലങ്ങളില്‍ വിജയിച്ച് നാലാം ലോക്‌സഭയില്‍ അംഗങ്ങളായിരുന്നു. 1977 സെപ്റ്റംബർ 7ന് മരിക്കുന്നതുവരെ കെകെ നായർ ജനസംഘം പ്രവർത്തകനായി തന്നെ തുടർന്നു. അക്കാലത്ത് ഉത്തർപ്രദേശില്‍ അദ്ദേഹം ആദരണീയനും ഏറെ ആഘോഷിക്കപ്പെട്ടിരുന്ന വ്യക്തിയാണെങ്കിലും കേരളത്തില്‍ അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ പേർക്കറിയില്ല എന്നതാണ് വാസ്‌തവം.






