IndiaNEWS

പ്രാണപ്രതിഷ്ഠയിലൂടെ ശ്രീരാമനെയല്ല, മോദിയെയാണ്  ഉയർത്തിക്കാട്ടുന്നത്: അന്താരാഷ്ട്ര മാധ്യമങ്ങൾ

അയോധ്യ: പ്രാണപ്രതിഷ്ഠയിലൂടെ ശ്രീരാമനെയല്ല, മോദിയെ ഉയര്‍ത്തിക്കാട്ടാനാണ് സംഘ്പരിവാറും ദേശീയ മാധ്യമങ്ങളും ശ്രമിക്കുന്നതെന്ന വിമർശനവുമായി അന്താരാഷ്ട്ര മാധ്യമങ്ങള്‍.

ബി.ജെ.പിയുടെ രാഷ്ട്രീയ മുതലെടുപ്പുകളിലെക്ക് വിരല്‍ ചൂണ്ടുന്നതാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ്.’മതപരമായ ചടങ്ങ്’ എന്നതിനപ്പുറം മോദിയും പാര്‍ട്ടിയും ഇതിനെ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് നോക്കിക്കാണുന്നതെന്ന് ബി.ബി.സി നിരീക്ഷിക്കുന്നു. മേയ് മാസത്തിനുമുമ്ബായി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രചാരണമായിത്തന്നെയാണ് അല്‍ ജസീറ ലേഖകനും സംഭവത്തെ കാണുന്നത്. ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകാതെയാണ് ഉദ്ഘാടന മാമാങ്കമെന്നും അദ്ദേഹം എടുത്തുപറയുന്നുണ്ട്. സമാനമായ നിരീക്ഷണം ടി.ആര്‍.ടി വേള്‍ഡ് ലേഖിക ശ്വേത ദേശായിയും പങ്കുവെക്കുന്നു. അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് (എ.പി) ഉദ്ഘാടന ചടങ്ങിലെ ആചാരലംഘനത്തെ മുന്‍നിര്‍ത്തി ഹിന്ദു സന്യാസിമാര്‍ ഉയര്‍ത്തിയ വാദങ്ങള്‍ കാര്യമായി തന്നെ അവർ അവതരിപ്പിച്ചിട്ടുണ്ട്.

Signature-ad

പ്രാണപ്രതിഷ്ഠയുടെ മുഖ്യ യജമാന സ്ഥാനത്ത് മോദി വരുന്നതോടെ അയോധ്യയില്‍ നടക്കുന്നത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അനൗദ്യോഗിക വിളംബരമാണെ’ന്ന് എഴുതിയ ദ ഗാര്‍ഡിയന്‍ 80 ശതമാനത്തോളം വരുന്ന രാജ്യത്തെ ഹിന്ദു മതവിശ്വാസികളെ ലക്ഷ്യമിട്ടാണിതെന്നും ചൂണ്ടിക്കാട്ടുന്നു.

അതേസമയം അയോധ്യയിലെ ബാബരി ഭൂമിയില്‍ നിര്‍മിച്ച രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കാവിയില്‍ മുങ്ങി നിൽക്കയാണ് പ്രമുഖ ഇന്ത്യന്‍ മാധ്യമങ്ങള്‍.സംഘ് മുഖമുള്ള മാധ്യമങ്ങളെ പോലും വെല്ലുന്ന രീതിയിലാണ് പല ദേശീയ മാധ്യമങ്ങളും ചടങ്ങിന്റെ റിപ്പോര്‍ട്ടിങ് നടത്തുന്നത്.

ആഴ്ചകള്‍ക്കു മുമ്ബേ തുടങ്ങി ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ തങ്ങളുടെ ആഘോഷം. ‘ദി ഇനോഗുറേഷന്‍’ എന്ന പേരില്‍ ഒരു പ്രത്യേക പേജ്തന്നെ രാമക്ഷേത്ര വര്‍ണനകള്‍ക്കായി അവര്‍ മാറ്റിവെച്ചു. ക്ഷേത്രത്തിലേക്കുള്ള വിവിധ വഴികള്‍, അയോധ്യയിലെ പുതിയ വികസന പ്രവൃത്തികള്‍, ക്ഷേത്രത്തിന്റെയും നഗരത്തിന്റെയും ആര്‍ക്കിടെക്ടുമാരുടെ വിവരങ്ങളും അഭിമുഖങ്ങളും, പ്രാണപ്രതിഷ്ഠയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടങ്ങിയ ആഘോഷ പരിപാടികള്‍ തുടങ്ങിയവയൊക്കെയും ഇതില്‍ വായിക്കാം.

‘ദ ഹിന്ദുസ്ഥാന്‍ ടൈംസും’നുമുണ്ട് ‘സ്‌പോട്ട് ലൈറ്റ് അയോധ്യ’ എന്ന പേരില്‍ പ്രത്യേക പേജ്. കഴിഞ്ഞദിവസം, പ്രാണപ്രതിഷ്ഠ ചടങ്ങിന്റെ ആചാരങ്ങളുടെയും മറ്റും വിവരങ്ങളാണ് വായനക്കാര്‍ക്ക് സ്‌പോട്ട് ലൈറ്റ് നല്‍കിയത്.

ഇതിനെയെല്ലാം വെല്ലുന്നതാണ് ദൃശ്യമാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ്. ഇതിനായി പ്രത്യേക ബസ് തന്നെ രംഗത്തിറക്കിയിട്ടുണ്ട് ഇന്ത്യാ ടുഡേ. ‘രാം ആയേംഗെ’ എന്ന് കൂറ്റന്‍ അക്ഷരത്തില്‍ എഴുതിയ ബസ് തന്നെ രംഗത്തിറക്കിയിട്ടുണ്ട് ഇന്ത്യാ ടുഡേ.

ഹിന്ദി മാധ്യമരംഗത്ത് താരതമ്യേന പുതുതായി കടന്നുവന്ന ടിവി 9 ഭാരത് വര്‍ഷ് ഒരു പടി കൂടി മുന്നോട്ട് പോയി. അതിന്റെ OB വാനില്‍ ഒട്ടിച്ചിരിക്കുന്നത് 1992 ലെ കലാപത്തില്‍ നിന്നുള്ള കര്‍സേവകിന്റെ ആഹ്വാനത്തിന്റെ ഒരു അപ്‌ഡേറ്റാണ്, ചരിത്രകാരന്മാര്‍ ഇപ്പോള്‍ രാമജന്മഭൂമി പ്രസ്ഥാനത്തെ വിളിക്കാന്‍ ഇഷ്ടപ്പെടുന്നു: ‘മന്ദിര്‍ വഹി ബനായ ഹേ’ ‘ഞങ്ങള്‍ അവിടെ ക്ഷേത്രം പണിതു എന്നൊക്കെയാണ് അവര്‍ പരസ്യമാക്കുന്നത്.

റിപ്പബ്ലിക് ടി.വി പോലുള്ള വാര്‍ത്താ ചാനലുകള്‍ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി ക്ഷേത്രത്തിന്റെ ഫ്രെയിമില്‍ ഒരുക്കിയ സ്‌ക്രീനിലാണ് പ്രേക്ഷകരുമായി സംവദിക്കുന്നത്. ചില ഒ.ടി.ടി പ്ലാറ്റ് ഫോമുകള്‍ ഒരാഴ്ചയിലേറെയായി അയോധ്യയില്‍നിന്നുള്ള ദൃശ്യങ്ങള്‍ 24 മണിക്കൂറും തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.

ഈ രീതിതന്നെയാണ് ഏറിയും കുറഞ്ഞും മലയാളമടക്കമുള്ള പ്രാദേശികഭാഷാ മാധ്യമങ്ങളും പകര്‍ത്തിക്കൊണ്ടിരിക്കുന്നത്. രാമക്ഷേത്രം സ്ഥാപിക്കപ്പെട്ടതിന്റെ ചരിത്രരാഷ്ട്രീയ പശ്ചാത്തലങ്ങളൊന്നും ഈ മാധ്യമങ്ങളിലില്ലെന്നതാണ് ശ്രദ്ധേയം. ബാബരി മസ്ജിദ് ധ്വംസനവും തുടര്‍ന്ന് സുപ്രിം കോടതി വിധി തുടങ്ങിയ കാര്യങ്ങളൊന്നും എവിടെയും പരാമര്‍ശിക്കുന്നില്ല.

ദേശീയ പ്രതിപക്ഷ സഖ്യമായ ‘ഇന്‍ഡ്യ’ മുന്നണിയില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ ഭിന്നതക്ക് അമിത പ്രാധാന്യം നല്‍കുന്ന ഈ മാധ്യമങ്ങള്‍ ശങ്കരാചാര്യന്മാര്‍ ചടങ്ങിലെ ആചാര ലംഘനം ചൂണ്ടിക്കാണിച്ച്‌ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതും  വിട്ടുകളഞ്ഞിരിക്കുന്നു. പ്രതിഷ്ഠയുടെ പേരില്‍ ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പുകളും ഇവര്‍ പരാമര്‍ശിക്കുന്നില്ല.

Back to top button
error: