Life Style

ഹീലുള്ള ചെരിപ്പുകള്‍ ആരോഗ്യത്തിന് ഹാനികരം, പാദരക്ഷകള്‍ വാങ്ങുമ്പോള്‍ ഈ  കാര്യങ്ങള്‍ ശ്രദ്ധിക്കുക

      ഹീലുള്ള ചെരിപ്പുകള്‍  ആരോഗ്യത്തിന് നല്ലതല്ല. പലരും സ്റ്റൈലിനുവേണ്ടിയും ഉയരം കൂട്ടാനുമായി ഹീലുള്ള ചെരിപ്പുകള്‍ ഉപയോഗിക്കുന്നു. പരസ്യങ്ങളെ ആശ്രയിച്ചാണ് പലരും പാദരക്ഷകള്‍ തിരഞ്ഞെടുക്കുന്നത്. അത് പാദങ്ങളെ ഏത് രീതിയില്‍ പരിരക്ഷിക്കും എന്ന് നാം ചിന്തിക്കാറേയില്ല.

വീട്ടിലും ഓഫീസിലും ആഘോഷപരിപാടികളിലുമൊക്കെ  ധരിക്കാന്‍ അനുയോജ്യമായ പ്രമുഖ ബ്രാന്‍ഡുകളിലുളള ആകര്‍ഷകമായ നിരവധി പാദരക്ഷകളുണ്ട്. ഇന്ന് പലരും ഓണ്‍ലൈനിലൂടെയും പാദരക്ഷകള്‍ ഓര്‍ഡര്‍ ചെയ്ത് വാങ്ങാറുണ്ട്. എന്നാല്‍ പാദരക്ഷകള്‍ വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അത് ഏതൊക്കെയാണെന്ന് നോക്കാം.

Signature-ad

ഗുണം കുറഞ്ഞ പ്ലാസ്റ്റിക് ചെരിപ്പുകള്‍ കാലുകളുടെ ആരോഗ്യത്തിന് നല്ലതല്ല

കടകളില്‍ പാദരക്ഷകളുടെ വിപുലമായ ശേഖരം തന്നെ കാണാന്‍ കഴിയും. ഇതൊക്കെ കാണുമ്പോള്‍ ഏത് തരം ചെരിപ്പുകള്‍ വാങ്ങും എന്നോര്‍ത്ത് പലരും വേവലാതിപെടാറുണ്ട്. വിവിധ മെറ്റീരിയലുകളിലും ഡിസൈനുകളിലുമുളള ചെരിപ്പുകള്‍ തിരഞ്ഞെടുക്കാം. ബൂട്ടുകള്‍, ബാലറ്റ് ഫ്ളാറ്റ്സ്, അത്ലറ്റിക് ഷൂസ്, സ്പോര്‍ട്സ് ഷൂസ് എന്നിങ്ങനെ വിവിധ തരത്തിലുളള പാദരക്ഷകളുടെ കലവറകള്‍ തന്നെയുണ്ട്.

ലോഫര്‍, ഹൈ ഹീല്‍സ്, ഫ്ലിപ് ഫ്ലോപ് പാദരക്ഷകള്‍ക്ക് ആവശ്യക്കാരേറെയാണ്. പ്ലാസ്റ്റിക്, ലെതര്‍, റബര്‍ തുടങ്ങിയ മെറ്റീരിയലുകളില്‍ നിര്‍മിച്ച പാദരക്ഷകളും ഉപയോഗിക്കാം. പ്ലാസ്റ്റിക് ചെരിപ്പുകള്‍ ശ്രദ്ധയോടെ  തിരഞ്ഞെടുക്കുക. ഗുണം കുറഞ്ഞ പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ചവ കാലുകളുടെ ആരോഗ്യത്തിന് നല്ലതല്ല. ആകര്‍ഷകവും കംഫര്‍ട്ടബിളുമായ ലെതര്‍ ചെരിപ്പുകളും ഉപയോഗിക്കാം.

കാലുകളുടെ സുരക്ഷ പ്രധാനം

ഫാഷനേക്കാളുപരി കാലുകളുടെ സുരക്ഷക്കാണ് ചെരിപ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രാധാന്യം നല്‍കേണ്ടത്.  മികച്ച കംഫര്‍ട്ടോടെ ഉപയോഗിക്കാനാകണം. അമിതമായ ഫാഷന് ഒരിക്കലും മുന്‍ഗണന കൊടുക്കരുത്.

ഉയരം കൂടിയ ഹീലുകളുളള പാദരക്ഷകള്‍ നിത്യോപയോഗത്തിന് അനുയോജ്യമല്ല. ഇവ സ്ഥിരമായി ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴി വച്ചേക്കാം. എന്നാല്‍ ആഘോഷപരിപാടികളിലും ഫാഷന്‍ ഷോകളിലും ധരിക്കാം. ധരിക്കുമ്പോള്‍ പാദങ്ങള്‍ പൂര്‍ണമായും ഉളളിലായിരിക്കുന്ന ചെരിപ്പുകള്‍ തന്നെ തിരഞ്ഞെടുക്കുക.

ഫിറ്റ്നസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ധരിക്കാനായി പ്രത്യേകം നിര്‍മിച്ച അത്ലറ്റിക്  ഷൂസുണ്ട്. റണിംഗ് ഷൂസ്, ടെനീസ് ഷൂസ്, ഹൈ ടോപ്സ് ഷൂസ് എന്നിങ്ങനെ വിവിധ തരം അത്ലറ്റിക് ഷൂസ് വിപണികളിലുണ്ട്.

കാലാവസ്ഥക്ക് അനുയോജ്യമോ  എന്നും ശ്രദ്ധിക്കുക

വിപണികളിലെ ഫാഷന്‍ ട്രെന്‍ഡുകള്‍ക്ക് പിറകെ പോകുമ്പോള്‍, ചെരിപ്പുകള്‍ കാലാവസ്ഥക്ക് അനുയോജ്യമാണോ എന്നും നോക്കേണ്ടതുണ്ട്. മഴക്കാലത്തും വേനല്‍ക്കാലത്തും ഇണങ്ങുന്ന വിവിധ തരം പാദരക്ഷകളുണ്ട്. ലെതര്‍ ചെരിപ്പുകളും തുണി കൊണ്ട് സ്ട്രാപുകളുളളവയും മഴക്കാലത്ത് ഒഴിവാക്കാം.

റബര്‍, ലൈക്ര മെറ്റീരിയലുകളിലുളള പാദരക്ഷകളാണ് മഴക്കാലത്ത് അനുയോജ്യം. ഈര്‍പ്പം കെട്ടിനില്‍ക്കുന്ന ചെരിപ്പുകള്‍, കുഷനിംഗുകളുളള ഷൂകള്‍ തുടങ്ങിയവ മഴക്കാലത്ത് അനുയോജ്യമാല്ല. റബര്‍ ചെരിപ്പുകള്‍ വേനല്‍ക്കാലത്തും ഉപയോഗിക്കാം. മഞ്ഞുകാലത്ത് പാദങ്ങള്‍ പൂര്‍ണമായും പൊതിയുന്ന പാദരക്ഷകളാണ് ഉത്തമം. വിണ്ടുകീറല്‍ തടയാനാകും.

ഏത് തരം പാദരക്ഷകളായാലും ധരിച്ച് നോക്കിമാത്രം തിരഞ്ഞെടുക്കുക. രണ്ടു പാദങ്ങളിലും ഇട്ട് നോക്കി, കുറച്ച് നേരം നടന്ന് ഉപയോഗിക്കാന്‍ അനുയോജ്യമെന്ന് ഉറപ്പുവരുത്തണം. പരന്ന കാലുകളാണെങ്കില്‍ ധാരാളം സ്ട്രാപുകളുളളവ ഒഴിവാക്കാം.

പ്രമേഹമുളളവര്‍ ശരിയായ അളവിലുളള ചെരിപ്പുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. പാദങ്ങള്‍ ഉരയുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ചെരിപ്പുകളുടെ മെറ്റീരിയലുകള്‍ അലര്‍ജിയുണ്ടാക്കുന്നവയാണെങ്കില്‍ അത്തരത്തിലുളളവയും ഒഴിവാക്കാം.

Back to top button
error: