KeralaNEWS

രാമൻ മുസ്‌ലിംകളുടെയും പ്രവാചകൻ: എ.പി അബ്ദുല്ലക്കുട്ടി

രാമൻ മുസ്‌ലിംകളുടെയും പ്രവാചകനെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടി. മദ്രസയിലും ദർസിലും താൻ പഠിച്ചതു പ്രകാരം രാമനെ പ്രവാചകനായി അംഗീകരിക്കുന്നതില്‍ യാതൊരു തടസ്സവുമില്ലെന്നും അബ്ദുല്ലക്കുട്ടി ജന്മഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

മദ്രസയിലും ദർസിലും (രാത്രി പാഠശാല) കുട്ടിക്കാലം ചെലവഴിച്ച ഒരു മുസ്‌ലിം മതവിശ്വാസിയാണ് ഈ കുറിപ്പെഴുതുന്നയാള്‍. ഉസ്താദന്മാരില്‍ നിന്ന് പഠിച്ച അറിവുവച്ച്‌ പറയട്ടെ, 2024 ജനുവരി 22ന് അയോധ്യയിലെ ഭവ്യമായ പ്രാണപ്രതിഷ്ഠ അനുഗ്രഹിക്കുന്നതിന് ഇന്ത്യൻ മുസ്‌ലിംകള്‍ക്ക് വിശ്വാസപരമായി യാതൊരു തടസ്സവുമില്ല. താത്വികമായിട്ടും പ്രായോഗികമായിട്ടും ഇതാണ് സത്യം.

പരിശുദ്ധ ഖുർആനില്‍ സൂറ ഹജ്ജില്‍ 22 : 67 പറയുന്നത് ഇങ്ങനെയാണ്:

Signature-ad

”ഓരോ ജനതക്കും നാം വ്യത്യസ്തമായ ആരാധനാ രീതികള്‍ നിശ്ചയിച്ചിരിക്കുന്നു അതില്‍ നിങ്ങള്‍ തർക്കിക്കരുത്” ഖുർആനിലെ മറ്റൊരു ആയത്ത് ഇങ്ങനെയാണ്. ”ഓരോ ജനതയിലും പ്രവാചകന്മാർ വരാതെ പോയിട്ടില്ല” ഖുർആൻ 35:24

ഈ രണ്ട് അധ്യായങ്ങളില്‍നിന്ന് കാര്യങ്ങള്‍ സുവ്യക്തമാണ്. മാത്രമല്ല മുസ്‌ലിം മതവിശ്വാസത്തിന്റെ അടിസ്ഥാന കാര്യങ്ങളില്‍ ഒന്ന് ഈമാൻ കാര്യമാണ്. ഇമാൻ കാര്യം ആറ് തത്വങ്ങളാണ്. അല്ലാഹുവിലുള്ള വിശ്വാസം, കിത്താബുകളിലുള്ള വിശ്വാസം, പ്രവാചകന്മാരിലുള്ള വിശ്വാസം എന്നിവയാണിത്.

നാളിതുവരെ പ്രപഞ്ചത്തില്‍ ഇറങ്ങിയ എല്ലാ കിത്താബുകളിലും (ഗ്രന്ഥങ്ങള്‍) വിശ്വസിക്കണം എന്നതാണ് കല്‍പന. അതിനർഥം ലോകത്തില്‍ ആദ്യമായി ഇറങ്ങിയിട്ടുള്ള ഭാരതത്തിന്റെ കിത്താബുകളായ വേദങ്ങള്‍ ഏതൊരു മുസ്‌ലിമിനും മതവിശ്വാസം അനുസരിച്ച്‌ തന്നെ അംഗീകരിക്കാവുന്നതാണ്.

ചതുർവേദങ്ങള്‍, ഭഗവദ്ഗീത, രാമായണം, മഹാഭാരതം (ഇതിഹാസങ്ങള്‍) എന്നിവ ഒരു യഥാർഥ മുസല്‍മാന് ഈമാന്റെ (വിശ്വാസം)ഭാഗമാണ്. അടുത്തത് പ്രവാചകന്മാരെ വിശ്വസിക്കുക എന്നതാണ്. നാളിതുവരെ ഭൂമിയില്‍ ഇറങ്ങിയിട്ടുള്ള എല്ലാ പ്രവാചകന്മാരിലും വിശ്വസിക്കണം.

ഒരുലക്ഷത്തി ഇരുപത്തിനാലായിരം അമ്ബിയാ മുസ്‌ലിംകള്‍(പ്രവാചകർ). അവരെയെല്ലാം ബഹുമാനിക്കണം. ഇതാണ് ഇസ്‌ലാമിന്റെ ആഹ്വാനം. അവരില്‍ ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീബുദ്ധനും യേശുക്രിസ്തുവും എല്ലാം വരും.

സത്യത്തിലുള്ള ഇസ്‌ലാമിക കാഴ്ചപ്പാട് അനുസരിച്ചുതന്നെ ഒരു മുസ്‌ലിം മതവിശ്വാസിക്ക് രാമനെ പ്രവാചകനായി അംഗീകരിക്കാവുന്നതേയുള്ളൂ. ഇതാണ് യഥാർത്ഥ മുസ്‌ലിം ദർശനം. പിന്നെ എങ്ങനെയാണ് മുസ്‌ലിം സമുദായത്തില്‍ ഇന്നുകാണുന്ന അന്യമത വിദ്വേഷം വന്നത്? കൃത്യമായി പറഞ്ഞാല്‍ പ്രവാചകൻ മുഹമ്മദ് നബിക്ക് ശേഷം 25 കൊല്ലം കഴിഞ്ഞപ്പോള്‍ അമവി ഗോത്രം ഇസ്‌ലാമിക ഭരണം പിടിച്ചെടുത്തു. അതോടെ ഖലീഫാ ഉമറിന്റെ ജനായത്ത ഭരണമൂല്യങ്ങള്‍ അവസാനിച്ചു.

ലോകമെങ്ങും രാഷ്ട്രീയ ഇസ്‌ലാമിന്റെ പടയോട്ടമായിരുന്നു പിന്നിട്ടുള്ള ചരിത്രം. ഗോത്രങ്ങള്‍ തമ്മില്‍ കടുത്ത അധികാര കിടമത്സരത്തിന്റെ കാലം വീണ്ടും ആരംഭിച്ചു. അധികാര വിസ്തൃതിക്ക് വേണ്ടി അവർ അന്യദേശങ്ങള്‍ തേടിപ്പോയി വെട്ടിപ്പിടിച്ചു.പേരിനു മാത്രം ഇസ്‌ലാമിനെ ഉപയോഗിച്ച ആ വിഭാഗത്തില്‍പ്പെട്ടവരാണ് മുഗളന്മാർ. അവർ പേർഷ്യയില്‍ നിന്ന് ഭാരതത്തിലേക്ക് വന്നു. അവരില്‍ മുഹമ്മദ് ഘസ്നി, ബാബർ, ജഹാംഗീർ, ഔറംഗസീബ് തുടങ്ങി പലരും അധികാരം വെട്ടിപിടിക്കാൻ ഭാരതത്തിലെ ക്ഷേത്രങ്ങളെല്ലാം ആക്രമിച്ചു. ഹിന്ദുക്കളെയും സിഖുകാരേയും കൂട്ടക്കൊല ചെയ്തു. നാളിതു വരെയുമുളള ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വംശഹത്യ അന്നായിരുന്നു.

സോമാഥ ക്ഷേത്രവും അയോധ്യയും മഥുരയും കാശിയും കൊള്ളയടിച്ച്‌ ക്ഷേത്രങ്ങളെല്ലാം തകർത്ത് തരിപ്പണമാക്കി. ലോകത്തിലെ സംസ്‌കാരത്തിന്റെ ആദിമ കേന്ദ്രങ്ങളിലെ സകല സംസ്‌കൃതിയും പാരമ്ബര്യ ചിഹ്നങ്ങളും വൈദേശിക അക്രമികള്‍ നശിപ്പിച്ചു.ഏറ്റവും ക്രുരവും സങ്കടകരവുമായ സംഗതി സ്വാതന്ത്ര്യാനന്തര നെഹ്റുവിയൻ കാലത്ത് ഭാരത പൈതൃകത്തോടും സംസ്‌കാരത്തോടും ഏറ്റവും നിന്ദ്യമായ അനാദരവ് കാണിച്ചു എന്നതാണ്. അയോധ്യയിലെ രാമജന്മഭൂമിയില്‍ ക്ഷേത്രപുനഃരുദ്ധാരണത്തിന് ശ്രമിച്ച വിശ്വാസികള്‍ക്ക് അവഗണനയും അപമാനങ്ങളും മാത്രമാണ് നെഹ്റുവിയൻ ഭരണത്തില്‍ നിന്ന് ഉണ്ടായത്.

രാമജന്മഭൂമിക്കു വേണ്ടിയുള്ള വിശ്വാസികളുടെ പോരാട്ടം സഹനത്തിന്റെതാണ്. അവസാനം നീതിപീഠം കനിഞ്ഞു നല്‍കിയ ഒരു വിധിയായിരുന്നു മന്ദിർ മസ്ജിദ് തർക്കത്തിന്റെ പരിഹാരം. അതിന്റെ ഫലമായി ഇന്ത്യയിലെ 85 ശതമാനം ജനങ്ങളുടെ വിശ്വാസത്തിന് അംഗീകാരം കിട്ടി. അവിടെ ക്ഷേത്രം യാഥാർത്ഥ്യമായി.ശ്രീരാമൻ ധർമ്മത്തിന്റെ നീതിയുടെ നന്മയുടെ പ്രതീകമാണ്. മര്യാദാ പുരുഷോത്തന്റെ ജന്മഗേഹത്തിന്റെ പുനഃപ്രതിഷഠ ചടങ്ങിന് എല്ലാ ഭാവുകങ്ങളും പ്രാർഥനകളും നേരുന്നു.

Back to top button
error: