KeralaNEWS

മുടികെട്ടിവെച്ചത് ചോദ്യംചെയ്തത് സംഘര്‍ഷമായി; മഹാരാജാസ് കോളേജില്‍ കൂട്ടത്തല്ല്

കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ.-കെ.എസ്.യു. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ മൂന്ന് കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കും ഒരു എസ്.എഫ്.ഐ. പ്രവര്‍ത്തകനും സാരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാംവര്‍ഷ വിദ്യാര്‍ഥി പ്രതിനിധിയും ബി.കോം. വിദ്യാര്‍ഥിയുമായ കെ. അഹമ്മദ് അഫാം, മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ഥി അബ്ദുള്‍ മാലിക്, മ്യൂസിക് വിദ്യാര്‍ഥി ഡാനിഷ്, ഒന്നാം വര്‍ഷ വിദ്യാര്‍ഥി അഭിജിത്ത് എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം. മൂന്നാംവര്‍ഷ വിദ്യാര്‍ഥി പ്രതിനിധിയായി കെ.എസ്.യു. പാനലില്‍ ജയിച്ച കെ. അഹമ്മദ് അഫാമിനെയാണ് ആദ്യം ക്രൂരമായി മര്‍ദിച്ചത്. തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ. പ്രതിനിധി പരാജയപ്പെട്ടതിലുള്ള വൈരാഗ്യമാണ് അടിക്കു പിന്നിലെന്നാണ് ആരോപണം. മുഖത്തും തലയ്ക്കുമാണ് അഹമ്മദ് അഫാമിന് പരിക്കേറ്റത്.

Signature-ad

അഹമ്മദ് അഫാമിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി കഴിഞ്ഞാണ് കെ.എസ്.യു. പ്രവര്‍ത്തകരായ അബ്ദുള്‍ മാലിക്കിനെയും ഡാനിഷിനെയും അടിച്ചത്. പട്ടികക്കഷ്ണം കൊണ്ടും കല്ലുകൊണ്ടും ഇരുമ്പുവടികൊണ്ടുമായിരുന്നു ആക്രമണം. ഇരുവരുടെയും കൈകള്‍ക്കാണ് സാരമായി പരിക്കേറ്റത്. അബ്ദുള്‍ മാലിക്കിന്റെ ശരീരത്തില്‍ അടിയേറ്റ പാടുകളുണ്ട്. ആദ്യം ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രിയിലേക്കും ഇവരെ മാറ്റുകയായിരുന്നു.

കെ.എസ്.യു. പ്രവര്‍ത്തകരില്‍നിന്നു മര്‍ദനമേറ്റ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും എസ്.എഫ്.ഐ. പ്രവര്‍ത്തകനുമായ അഭിജിത്തിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കെ.എസ്.യു.വിന്റെയും എസ്.എഫ്.ഐ.യുടെയും പരാതിയില്‍ കേസെടുത്തിട്ടുണ്ട്. ഒരു വിദ്യാര്‍ഥി മുടി കെട്ടിവെച്ചത് സസ്പെന്‍ഷനിലുള്ള മറ്റൊരു വിദ്യാര്‍ഥി ചോദ്യം ചെയ്തതില്‍നിന്നാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് പോലീസ് പറയുന്നത്.

Back to top button
error: