ഏത് ഓഫിസ് കേന്ദ്രീകരിച്ചാണ് കേരളത്തില്‍ സ്വര്‍ണ കള്ളക്കടത്ത് നടക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതിക്കൂട്ടിലായ സ്വര്‍ണക്കടത്ത് വിവാദം പ്രധാനമന്ത്രി പരാമര്‍ശിച്ചത്.എന്നാൽ അത് വിപരീതഫലമാണ് ഉണ്ടാക്കിയതെന്നു മാത്രമല്ല, മുഖ്യ എതിരാളി കോണ്‍ഗ്രസിന് ശക്തമായ ആയുധമായി മാറുകയും ചെയ്തു.
കേസ് ആരാണ് അന്വേഷിച്ചതെന്നും സ്വര്‍ണക്കടത്തിനെ കുറിച്ച് അറിയാമെങ്കില്‍ പ്രധാനമന്ത്രി എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന മറുചോദ്യത്തിന് ബി.ജെ.പിക്ക് മറുപടിയുണ്ടായില്ല.
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരൻ മാസങ്ങളോളം ജയിലിലായി. കൂട്ടുപ്രതി യു.എ.ഇ കോണ്‍സുലേറ്റ് മുൻ ഉദ്യോഗസ്ഥ സ്വപ്ന സുരേഷിനും മുഖ്യമന്ത്രിയും കുടുംബവുമായുള്ള അടുപ്പവും പുറത്തുവന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണക്കടത്തില്‍ നേരിട്ട് ബന്ധമുണ്ടെന്ന് സ്വപ്ന സുരേഷ് പലകുറി വെളിപ്പെടുത്തി. ഇതുസംബന്ധിച്ച് കേന്ദ്ര ഏജൻസികള്‍ക്ക് മൊഴി നല്‍കി. എന്നാല്‍, കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീങ്ങിയില്ല.
മുഖ്യമന്ത്രിയുടെ വിശ്വസ്തനും അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയുമായ സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും തുടര്‍നടപടിയുണ്ടായില്ല.പലതും വ്യാജ ആരോപണങ്ങളാണെന്ന് ഇതിനകം തന്നെ തെളിഞ്ഞതുമാണ്.കഴിഞ്ഞ ഏഴഉവർഷങ്ങളായി കേന്ദ്ര ഏജൻസികളാണ് കേസ് അന്വേഷിക്കുന്നതും.
സ്വര്‍ണക്കടത്ത് കേസന്വേഷണം എങ്ങുമെത്താത്തതും ബി.ജെ.പി പ്രസിഡന്‍റ് കെ. സുരേന്ദ്രനെതിരായ കൊടകര കേസ് തേഞ്ഞുമാഞ്ഞതും പിണറായി-മോദി ഒത്തുകളിയാണെന്നത് കോണ്‍ഗ്രസ് നേരത്തേ ഉന്നയിക്കുന്ന ആക്ഷേപമാണ്.പ്രധാനമന്ത്രിയുടെ തൃശൂര്‍ പ്രസംഗം ഒത്തുകളി ആക്ഷേപത്തിന് തെളിവായി ഉയര്‍ത്തിക്കാട്ടുകയാണ് കോണ്‍ഗ്രസ്.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെ ഇക്കാര്യം ഉന്നയിച്ച് രംഗത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യത്തിന് ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്നുള്ള മറുപടി ദുര്‍ബലമാണ്. മുഖ്യമന്ത്രിയുടെ ഓഫിസിന് നേരെയുള്ള പ്രധാനമന്ത്രിയുടെ തൃശൂരിലെ കടന്നാക്രമണം സത്യത്തിൽ പരിക്കേല്‍പിച്ചത് ബിജെപിക്ക് തന്നെയാണ്. കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ഒത്തുകളി പ്രചാരണം ഇതോടെ അവർക്ക് ഇരട്ടപ്രഹരവുമായി മാറി.
അതേസമയം സ്വര്‍ണക്കടത്ത് ഏത് ഓഫിസ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് പറയുന്ന പ്രധാനമന്ത്രി, കള്ളക്കടത്തുകാരനെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി ആവശ്യപ്പെട്ടു. സ്വര്‍ണക്കള്ളക്കടത്ത് കേസുണ്ടായപ്പോള്‍ കേന്ദ്രത്തിന്റെ അഞ്ച് അന്വേഷണ ഏജന്‍സികളാണ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഇരമ്ബിക്കയറിയത്. എന്നാല്‍ ഏഴ് വർഷമായിട്ടും ഒരടി പോലും മുന്നോട്ടു വയ്ക്കാൻ അവർക്കായിട്ടില്ല.
ഒന്നുകിൽ ഇത് വ്യാജ ആരോപണമാണ്.അല്ലെങ്കിൽ കേന്ദ്ര ഏജൻസികളുടെ കഴിവുകേട്.രണ്ടായാലും ഇവിടെ കുറ്റക്കാരൻ നരേന്ദ്ര മോദി തന്നെയാണ്- സുധാകരൻ കുറ്റപ്പെടുത്തി.