ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ മദ്രാസ് ഹൈക്കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊന്‍മുടിക്കും ഭാര്യ പി.വിശാലാക്ഷിക്കും 3 വര്‍ഷം തടവ്. 50 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും ജസ്റ്റിസ് ജി.ജയചന്ദ്രന്‍ ഉത്തരവിട്ടു. അപ്പീല്‍ നല്‍കാനായി ഉത്തരവ് നടപ്പാക്കുന്നത് 30 ദിവസത്തേക്കു കോടതി മരവിപ്പിച്ചു. അടിയന്തരമായി സുപ്രീംകോടതിയെ സമീപിക്കാനാണു പൊന്‍മുടിയുടെ തീരുമാനം.
തടവുശിക്ഷ പ്രാബല്യത്തിലാകുന്നതോടെ അയോഗ്യനാകുന്ന മന്ത്രിക്ക് എംഎല്‍എ സ്ഥാനവും നഷ്ടമാകും. പൊന്‍മുടിയെ മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിനോടു ഗവര്‍ണര്‍ ആര്‍.എന്‍.രവി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. 2006 2011 കാലത്ത് ഡിഎംകെ മന്ത്രിസഭയില്‍ ഉന്നത വിദ്യാഭ്യാസ, ഖനി മന്ത്രിയായിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചതിനു വിജിലന്‍സ് നേരത്തേ കേസെടുത്തെങ്കിലും വെല്ലൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പൊന്‍മുടി ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കി.
എന്നാല്‍, കേസ് സ്വമേധയാ പുനഃപരിശോധിച്ച ഹൈക്കോടതി, കീഴ്‌ക്കോടതിക്കു തെറ്റുപറ്റിയെന്നു കണ്ടെത്തി. വരുമാനത്തിന്റെ 64.90% അധികം ആസ്തി നേടിയെന്നും 1.75 കോടി രൂപയിലധികം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നുമായിരുന്നു കുറ്റപത്രത്തിലെ ആരോപണം.