Social MediaTRENDING

മൃഗ സംരക്ഷണ  സംരംഭങ്ങളുടെ നിയന്ത്രണം മൃഗസംരക്ഷണവകുപ്പിനെ   അല്ലേ ഏൽപ്പിക്കേണ്ടത്!?

കോട്ടയം ജില്ലയിൽ നിന്ന് 2005 ൽ പാലക്കാട് ജില്ലയിലെ മംഗലം ഡാമിനടുത്ത് മൂന്നര ഏക്കർ സ്ഥലം വാങ്ങി കുടിയേറിയതാണ് ജോയിയും കുടുംബവും.  ഭാര്യ ടീച്ചർ ആയ ലിന്നി. മക്കൾ :അഞ്ജലി,  അമൽ ,എമിൽ.
മൂന്നര ഏക്കറിൽ  റബ്ബർ ഒഴിച്ചുള്ള എല്ലാ കൃഷിയും ചെയ്തു .തെങ്ങ്, കമുക്, ജാതി ,കുരുമുളക് , പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ.അങ്ങനെ മനസ്സിൽ തോന്നിയ എല്ലാ  കൃഷിയും.
അവിടെ എല്ലാവരും ചെയ്യുന്നതുപോലെ ആട് കൃഷി തുടങ്ങി .തൊട്ടടുത്ത്‌ ഫോറസ്റ്റ് .വലിയ  മിനക്കേടോ, ചിലവോ ഇല്ല .   അഴിച്ചുവിട്ടാൽ കാട്ടിൽ മേഞ്ഞുനടന്ന് വയറുനിറച്ച് ആടുകൾ മടങ്ങും. എണ്ണം 40 വരെ എത്തി ..
ആടുകളുടെ മണംപിടിച്ച് പുലി കുടുംബം  എത്തിത്തുടങ്ങി. ആ ടുകളുടെ എണ്ണം  ദിവസേന കുറഞ്ഞു കുറഞ്ഞു വന്നു .അതോടെ ആടുവളർത്തൽ നിർത്തി .
ചെറുപ്പം മുതൽ പശു വളർത്തലും, കൃഷിയും ഒക്കെ ഇഷ്ടമായിരുന്നു ലിന്നിക്കും,ജോയിക്കും .
 ഉടനടി വരുമാനം കിട്ടുന്ന പശുവളർത്തൽ തുടങ്ങാൻ അവർ തീരുമാനിച്ചു.
പ്രധാന  വരുമാനം പശു ആയതോടെ പശുക്കളുടെ എണ്ണം പടിപടിയായി ഉയർത്തി .
പാലും ,തൈരും ,  നെയ്യും വിപണനം ചെയ്തു .
ഇതിനിടെ ചെറുതായി ഒരു കേറ്ററിംഗ് യൂണിറ്റും തുടങ്ങി .
വീട്ടിലെ പശുക്കളുടെ പാലും തൈരും നെയ്യും,
ഒപ്പം വീട്ടിൽ  കഴുകി ഉണങ്ങി  പൊടിക്കുന്ന പാചകകൂട്ട് കൂടിയായപ്പോൾ ജോയിയുടെ കേറ്ററിംഗ് പെരുമ  നാടറിഞ്ഞു.
പശുക്കളുടെ എണ്ണം ക്രമേണ 40 ലെത്തി.
കേറ്ററിംഗ് ആവശ്യം കഴിഞ്ഞുള്ള പാൽ സൊസൈറ്റിയിൽ ആണ് വിപണനം ,
വീടുകളിലും അത്യാവശ്യം കൊടുക്കും .
കഴിഞ്ഞവർഷം ജോയി കുടുംബം ഉൽപ്പാദിപ്പിച്ചത് ഒരു ലക്ഷം ലിറ്റർ പാൽ.
ഇതിനിടെ പതിവുപോലെ പുട്ടിനു പീര എന്ന പോലെ പരാതികളും, അടച്ചുപൂട്ടൽ ഭീഷണി കളും ഒക്കെ വന്നു .
ആദ്യ പരാതി ദുർഗന്ധം. പരാതി
 മെഡിക്കൽ ഓഫീസർക്ക്.
  ഓഫീസർ നേരിട്ട് വന്നു. .ഫാമിൽ മാലിന്യമോ  അനുഭവപ്പെടാത്ത തിനാൽ  പരാതിക്കാരുടെ വീട്ടിലെത്തി മെഡിക്കൽ ഓഫീസർ. ശരിയാണ് ദുർഗന്ധം ഉണ്ട് . ദുർഗന്ധത്തിന് ഉറവിടം അന്വേഷിച്ചു മെഡിക്കൽ ഓഫീസർ. പരിശോധനയിൽ ജോയിയുടെ  പറമ്പിൽ  തെങ്ങിന്  ഇട്ട വളം ആയ എല്ലുപൊടിയും, ചാണകവും ആണ് വില്ലൻ എന്ന് മനസ്സിലായി.
വളം മണ്ണിട്ട്  മൂടാൻ ആവശ്യപ്പെട്ടു മെഡിക്കൽ ഓഫീസർ .
ആ പരാതി അവിടെ തീർന്നു.
 ലൈസൻസില്ലാതെ കൂടുതൽ പശുക്കളെ വളർത്തുന്നു .
 അടുത്ത പരാതി .
 ഇക്കുറി പരാതി പഞ്ചായത്ത് സെക്രട്ടറിക്ക്  .
 സ്റ്റോപ്പ് memo വരാൻതാമസമുണ്ടായില്ല .
 ജോയി  സെക്രട്ടറിയെ  കണ്ടു.
“സാർ വന്ന്‌
എൻറെ  ഫാം ഒന്ന് കാണണം .  ലൈസൻസിന്റെ നൂലാമാലകൾ ഒന്നും എനിക്കറിയില്ല .സാർ പറയുന്നത്   പോലെ ഞാൻ ചെയ്യാം.
എനിക്ക് ലൈസൻസ് തരണം “.
 പാലു വാങ്ങുന്ന കുടുംബങ്ങളും , മിൽക്ക് സൊസൈറ്റിയും കട്ട സപ്പോർട്ട് ആയി ജോലിക്കു പിന്നിൽ അണിനിരന്നു.
സെക്രട്ടറി വന്നു  ഫാം ചുറ്റിനടന്നു കണ്ടു .മാലിന്യസംസ്കരണം ഒക്കെ ഭംഗിയായി നടക്കുന്നു.
കമ്പോസ്റ്റ് ഷെഡ്ഡും ,ബയോഗ്യാസ് പ്ലാൻറ് കണ്ടു .slurry പമ്പ് ചെയ്ത് നേരെ പറമ്പിലെ വിളകൾക്കും പുല്ലിനും.
സ്റ്റോപ്പ് മെമ്മോ പിൻവലിഞ്ഞു ലൈസൻസായി.
പശുക്കൾ കൂടിയതോടെ ചാണക സംസ്കരണം  ബയോഗ്യാസ്  പ്ലാൻറിൽ ഒതുങ്ങാതായി
മഴക്കാലത്ത് ചാണകം ഉണക്കൽ ഒരു വെല്ലുവിളിയായി.
 UV Sheet മേൽക്കൂരയുള്ള ഒരു ഷെഡ് ഉണ്ടാക്കി അതിനു പരിഹാരം കണ്ടു ജോയി. വശങ്ങൾ ഗാർഡൻ നെറ്റ് കൊണ്ട് മറച്ചു.
ഉള്ളിൽ  പോള്ളുന്ന ചൂട്.
പച്ചച്ചാണകം ഇട്ടാൽ മൂന്നുദിവസംകൊണ്ട്   ചാക്കിലാക്കാൻ പാകത്തിൽ ഉണങ്ങും
ചാക്കിലെ ചാണകം വിപണനത്തിനും  എളുപ്പം.
15 ലിറ്റരിൽ  കൂടുതൽ പാൽ ഉൽപ്പാദിപ്പിക്കുന്ന പശുക്കളെ ഫാമിൽ ഉള്ളൂ.
പാലക്കാടൻ ചൂടും, കാറ്റും പശുക്കളെ വല്ലാതെ കഷ്ടപ്പെടുത്തുന്നു എന്ന് കണ്ടപ്പോഴാണ്   തൊഴുത്തിനു മുകളിൽ ഒരു springler സ്ഥാപിക്കാൻ ജോയി തീരുമാനിച്ചത്. ചൂടു കനക്കുമ്പോൾ ജോയിയുടെ തൊഴുത്തിനു മുകളിൽ  സ്പ്രിങ്ലർ മഴപെയ്യും .
സുഖമുള്ള തണുപ്പിൽ പശുക്കൾ ആവോളം  പാൽ ചുരതതി  നന്ദി കാണിക്കും.
മീൻ കുളത്തിൽ നിന്ന് അടിക്കുന്ന വെള്ളം  Springler  മഴയായി പെയ്തിറങ്ങി തിരിച്ച് മീൻകുളത്തിലെത്തും   വെള്ളം ഒട്ടും  നഷ്ടപ്പെടുന്നില്ല.
ചെറിയതോതിൽ താറാവ്  കൃഷിയുമുണ്ട്.
കുട്ടനാട്  താറാവുകൾ. ചാരയും ചെമ്പല്ലിയും.
കഴുത്തിൽ തൂവൽ ഇല്ലാത്ത നാടൻ കോഴികളുടെ  ചെറിയശേഖരവും ഉണ്ട് .
 ഫാമിലെപശുക്കളെയും, വീട്ടുകാരെയും ,കൃഷിയും ഒക്കെ സംരക്ഷിക്കുന്നത്  3 ഡോബർമാൻ നായ്ക്കളാണ് . ഇവരെ പേടിയാണ്…
കാട്ടിലെ പുലികൾക്ക് പോലും.
പച്ചക്കറികൃഷിക്ക് പുറമേ കരനെൽ കൃഷിയും ഉണ്ട് .ആണ്ടോടാണ്ട് ഉണ്ണാനുള്ള ചോറ് കരനെല്ലിൽ നിന്നാണ് കിട്ടുന്നത്.
ഇത്രയും  പശുക്കൾക്ക് സുഭിക്ഷമായി തിന്നാൻ പുല്ല് വേണം. അതിന് ജോയി കണ്ട് മാർഗ്ഗം  പാട്ടത്തിന് രണ്ടരയേക്കർ നിലം എടുക്കുക എന്നതായിരുന്നു.
ചാണക സ്ലറിയും മൂത്രവും ഒക്കെ ഒക്കെ പുല്ലുകൾക്ക് ഏറ്റവും നല്ല വളം ആണല്ലോ. തഴച്ചുവളരുന്ന പുല്ലു ആണ് പശുക്കളുടെ ആരോഗ്യത്തിന്റെ  രഹസ്യം.
ലിന്നി ടീച്ചറുടെ ഫാം കാണാനും, മൃഗങ്ങളുമായി കൂട്ടുകൂടാനും സ്കൂളിലെ കുട്ടികൾക്ക് വലിയ ഇഷ്ടമാണ് .ഇടയ്ക്കൊക്കെ  പിക്നിക്കായി കുട്ടികൾ ഫാമിലെത്തും.
പശുക്കിടാവിനെ പാലു കുടിപ്പിക്കുക, കുളത്തിൽ ചൂണ്ടയിട്ട് മീനിനെ പിടിക്കുക ,കോഴിയൊടും, താറാവിനോടും ചങ്ങാത്തം കൂടുക,
പശുവിനെ തൊട്ടുതലോടുക   അങ്ങനെ ഒരു ദിവസം കുട്ടികൾ ശരിക്കും എൻജോയ് ചെയ്യും.
ഒരു പരാതി കിട്ടിയപ്പോൾ നേരിട്ട് ചെന്ന് നിജസ്ഥിതി മനസ്സിലാക്കി നടപടി സ്വീകരിച്ച മെഡിക്കൽ ഓഫീസറെയും പഞ്ചായത്ത് സെക്രട്ടറിയും ആണ് നമ്മൾ ഇവിടെ കണ്ടത് .അവർ കൃത്യമായി അവരുടെ കടമ നിർവഹിച്ചു.
 ഒരു പ്രസ്ഥാനം കണ്ണിൽ ചോരയില്ലാതെ പൂട്ടാൻ  പറയാൻ എളുപ്പമാണ്
 തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ കണ്ടറിഞ്ഞ് പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ പറഞ്ഞുകൊടുത്തു പ്രസ്ഥാനം അത് എന്തുതന്നെയായാലും നടത്തിക്കൊണ്ടുപോകാൻ എല്ലാ പിന്തുണയും കൊടുക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്യേണ്ടത്.
 സംരംഭകരെ പിന്തിരിപ്പിക്കുകയും, അവരുടെ പാതയിൽ അനാവശ്യ തടസ്സങ്ങൾ സൃഷ്ടിക്കുകയും, ചട്ടത്തിൽ ഇല്ലാത്ത നിയമങ്ങൾ പറഞ്ഞു ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ നില യ്‌ക്ക്നിർത്തേണ്ടതും ,  മാതൃകാപരമായി ശിക്ഷിക്കേണ്ടതും. ഇന്നിന്റെ ആവശ്യമാണ്.
മൃഗ സംരക്ഷണ  സംരംഭങ്ങളുടെ മേൽനോട്ടവും,  പരിശോധനയും, ചട്ടങ്ങൾ ഉണ്ടാക്കലും, ലൈസൻസും ഒക്കെ മൃഗസംരക്ഷണവകുപ്പിനെ   അല്ലേ ഏൽപ്പിക്കേണ്ടത്!?
ഡോ.മരിയ ലിസ

Back to top button
error: