Social MediaTRENDING

ശബരിമലയും പെരുനാടും തമ്മിലുള്ള ബന്ധം 

ശബരിമല ക്ഷേത്രത്തിന് പന്തളം കൊട്ടാരം ഏതുപോലെയാണോ അതുപോലെ ഏറെ ബന്ധമുള്ള സ്ഥലമാണ് പത്തനംതിട്ട ജില്ലയിലെ റാന്നിക്ക് സമീപമുള്ള പെരുനാട്. ഇവിടെനിന്നും 45 കിലോമീറ്ററാണ് ശബരിമലയിലേക്കുള്ള ദൂരം.
 ശബരിമലയുടെ പുനര്‍നിര്‍മാണ ഘട്ടത്തില്‍ പന്തളം രാജാവ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് പെരുനാട്ടില്‍ താമസിച്ചുകൊണ്ടായിരുന്നു. അന്ന് രാജാവിന് ശബരിമലയിലേക്ക് കൂട്ടുപോയിരുന്ന കുടുംബക്കാരെ കൂടക്കാവില്‍ കുടുംബക്കാര്‍ എന്നാണറിയപ്പെട്ടിരുന്നത്. അയ്യപ്പന് നായാട്ട് സമയത്ത് കൂട്ടുപോയിരുന്നത് ഈ കുടുംബക്കാര്‍ ആണെന്ന് പറയപ്പെടുന്നു. തിരുവാഭരണം ശബരിമലയിലേക്ക് പോകുമ്പോള്‍ കൂടക്കാവില്‍ ഇറക്കി പൂജനടത്താനും ഈ കുടുംബക്കാര്‍ക്ക് അവകാശമുണ്ട്.
അന്ന് രാജാവ് പെരുനാട്ടില്‍ താമസിക്കുന്ന കാലത്ത് 25 കുടുംബക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അതിലുള്ള ഒരു കുടുംബമാണ് പാലമുറ്റം. അയ്യപ്പന്റെ അംഗരക്ഷകരില്‍ ഒരാളായ വലിയ കടുത്ത സ്വാമിയുടെ നടയില്‍ പൂജാ അവകാശം ഉണ്ടായിരുന്നത് ഈ കുടുംബത്തിനായിരുന്നു. (ശബരിമലയില്‍ പതിനെട്ടാംപടിയുടെ ഇടതുഭാഗത്താണ് വലിയ കടുത്ത) പാലമുറ്റത്ത് കുടുംബത്തിലെ കൊച്ചുകുഞ്ഞുപിള്ളയുടെ മകന്‍ ഭഗവതി പിള്ളയുടെ കാലംവരെ പൂജാ അവകാശമുണ്ടായിരുന്നു.
ശബരിമലയിലേക്ക് കൊണ്ടുപോകുന്ന തിരുവാഭരണം മടക്കയാത്രയില്‍ പെരുനാട് പാലമുറ്റത്ത് കുടുംബത്തിലിറക്കി പൂജയുണ്ടായിരുന്നു. ഇത് രാജാവ് നേരിട്ട് നല്‍കിയ അവകാശമായിരുന്നു. തിരുവാഭരണം ശബരിമലയിലേക്ക് പോകുമ്പോള്‍ മലപൂജ നടത്തുന്നത് പെരുനാട്ടിലെ അറയ്ക്കല്‍ കുടുംബത്തോട് ചേര്‍ന്നുള്ള സത്രത്തില്‍വച്ചാണ്. ഇവിടെനിന്നും തിരുവാഭരണ വാഹകര്‍ക്ക് നെല്ലിക്കാമോരുംവെള്ളം നല്‍കും. വനത്തിലൂടെയുള്ള യാത്രയില്‍ ഊര്‍ജം പകരുന്നതിനായിട്ടാണ് ഈ ഔഷധക്കൂട്ട് നല്‍കുന്നത്.
 തിരുവാഭരണം മടക്കയാത്രയില്‍ പെരുനാട് കക്കാട്ടുകോയിക്കല്‍ ശാസ്താ ക്ഷേത്രത്തില്‍ ചാര്‍ത്തും. ശബരിമല കഴിഞ്ഞാല്‍ തിരുവാഭരണം ചാര്‍ത്തുന്ന ക്ഷേത്രം ഇതുമാത്രമാണ്. ശബരിമലയില്‍ നിത്യപൂജ ഇല്ലാത്തതുകൊണ്ട് രാജാവ് നിത്യപൂജയ്ക്കായി പണികഴിപ്പിച്ച ക്ഷേത്രമാണിത്. എല്ലാ കൊല്ലവും മകരം 8ന്  ആണ് ഇവിടെ തിരുവാഭരണം ചാര്‍ത്തുക.

Back to top button
error: