KeralaNEWS

ഉപതെരഞ്ഞെടുപ്പ്: ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ നവകേരള സദസെന്ന കെട്ടുകാഴ്ചയുമായി നാടുചുറ്റുന്ന മുഖ്യമന്ത്രിക്ക് മുഖമടച്ചു കിട്ടിയ കനത്ത പ്രഹരം; നവകേരളത്തിന്‍റെ മനസ് യുഡിഎഫിനൊപ്പമാണെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: നവകേരളത്തിൻറെ മനസ് യുഡിഎഫിനൊപ്പമാണെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ നവകേരള സദസെന്ന കെട്ടുകാഴ്ചയുമായി നാടുചുറ്റുന്ന മുഖ്യമന്ത്രി പിണറായി വിജയന് മുഖമടച്ചു കിട്ടിയ കനത്ത പ്രഹരം. നവകേരള സദസ് സഞ്ചരിച്ച മിക്കയിടങ്ങളിലും തിളക്കമാർന്ന ജയം ഉണ്ടായി. ഭരണവിരുദ്ധ വികാരം താഴെത്തട്ടിൽ പ്രതിഫലിച്ചതിന് തെളിവാണിത്. ശബരിമല ദർശനത്തെക്കാൾ പിണറായിയുടെ ദർശനത്തിന് സർക്കാർ പ്രാമുഖ്യം നല്കിയതിന് ജനങ്ങൾ നല്കിയ മുന്നറിയിപ്പ്.

33 തദ്ദേശ വാർഡുകളിൽ 17ൽ യുഡിഎഫ് വിജയിച്ചു. അതിൽ പതിനാലിലും കോൺഗ്രസിന്റെയും മൂന്നിൽ മുസ്ലീംലീഗിന്റെയും സ്ഥാനാർത്ഥികൾ വിജയിച്ചു. കഴിഞ്ഞ തവണ പന്ത്രണ്ടിടത്ത് വിജയിച്ച എൽഡിഎഫിന് ഇത്തവണ പത്തു വാർഡുകളിൽ മാത്രമാണ് വിജയിക്കാനായത്. 11 സീറ്റുണ്ടായിരുന്ന യുഡിഎഫ് 17 സീറ്റ് നേടി ഉജ്വല പ്രകടനം കാഴ്ചവച്ചു. പിണറായി സർക്കാരിനെ ജനം എത്രത്തോളം വെറുക്കുന്നു എന്നതിന്റെ തെളിവാണ് ഈ തരംഗം.

Signature-ad

സർവത്രമേഖലയിലും ദുരിതം അനുഭവിക്കുന്ന ജനം പിണറായി സർക്കാരിനെ പുറംകാലുകൊണ്ട് തൊഴിക്കുന്ന ജനാധിപത്യത്തിലെ മനോഹരകാഴ്ചയാണ് കഴിഞ്ഞ ഓരോ ഉപതിരഞ്ഞെടുപ്പിലും കണ്ടത്. തൃക്കാക്കരയിൽ ഇരട്ടിയും പുതുപ്പള്ളിയിൽ നാലിരട്ടിയും വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥികളായ ഉമ തോമസും ചാണ്ടി ഉമ്മനും ജയിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന വിവിധ ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസിനും യുഡിഎഫിനും തിളക്കമാർന്ന വിജയം കിട്ടി. പതിറ്റാണ്ടുകളായി കമ്യൂണിസ്റ്റ് കോട്ടകളായിരുന്ന സ്ഥലങ്ങളിലാണ് യുഡിഎഫ് വെന്നിക്കൊടി പാറിച്ചത്. എസ്എഫ്ഐയുടെ അക്രമരാഷ്ട്രീയത്തെ കാമ്പസുകളും കൈയൊഴിഞ്ഞു. മുപ്പതും നാൽപ്പതും വർഷം കൈയടിക്കിവെച്ചിരുന്ന സർവകലാശാലകളിൽ ചെങ്കൊടി വീണുടഞ്ഞ് കെഎസ് യുവിൻറെ നീലക്കൊടി പാറുകയാണ്.

ഓരോ തിരഞ്ഞെടുപ്പ് കഴിയുംതോറും ബിജെപിയുടെ പ്രസക്തി തന്നെ ഇല്ലാതാവുകയാണ്. സിപിഎമ്മുമായി ഒത്തുചേർന്നാണ് അവർ കേരളത്തിൽ ജീവിച്ചിരിക്കുന്നതു തന്നെ.ശബരിമല മണ്ഡല സീസണിൽ അയപ്പ ഭക്തർക്ക് സുഗമമായ ദർശന സൗകര്യം ഒരുക്കുന്നതിൽ സർക്കാർ സമ്പൂർണ്ണ പരാജയമായി. ഗവർണറുമായുള്ള യുദ്ധം ക്രമസമാധാന തകർച്ചിയിലേക്ക് നാടിനെ എത്തിച്ചു. ജനവിധി തുടർച്ചയായി എതിരാകുന്ന സാഹചര്യത്തിൽ പിണറായി ഭരണകൂടത്തിന് അധികാരത്തിൽ തുടരാനുള്ള ധാർമികാവകാശം നഷ്ടമായി. യുഡിഎഫിന് തിളക്കമാർന്ന വിജയം സമ്മാനിച്ച എല്ലാ ജനാധിപത്യ മതേതരവിശ്വാസികൾക്കും എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും നന്ദി പ്രകാശിപ്പിക്കുന്നതായും കെ.സുധാകരൻ പറഞ്ഞു

Back to top button
error: