കോട്ടയം: ശബരിമല തയാറെടുപ്പുകള്‍ക്ക് പണം തടസ്സമല്ലെന്നും തീര്‍ഥാടനത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വികസനത്തിനായി 220 കോടി രൂപ മുടക്കിയെന്നും അദ്ദേഹം പറഞ്ഞു.
പുറത്തുനിന്നുള്ളവര്‍ വലിയ തോതില്‍ എത്തുന്ന തീര്‍ഥാടന കേന്ദ്രമാണ് ശബരിമല. തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്ന് ധാരാളം പേര്‍ വരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂടി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. സ്‌പോട് ബുക്കിങ് വഴി തീര്‍ഥാടകരെ കടത്തിവിടുന്നുണ്ട്. അത് 20,000 വരെ എത്തി. കാനനപാതയിലൂടെയും ഭക്തര്‍ ദര്‍ശനത്തിനെത്തുന്നുണ്ട്.
ഒരു ദിവസം 1,20,000 വരെ തീര്‍ഥാടകര്‍ ശബരിമലയിലെത്തി. പൊതുഅവധി ദിവസങ്ങളില്‍ തിരക്ക് വര്‍ധിച്ചു. സന്നിധാനത്ത് എത്തിച്ചേരാന്‍ കൂടുതല്‍ സമയം വേണ്ടിവന്നു. സ്ത്രീകളും കുട്ടികളും വരുമ്പോള്‍ യാന്ത്രികമായി പതിനെട്ടാം പടി കയറ്റിവിടാന്‍ സാധിക്കില്ല. സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിന് പ്രത്യേക അവലോകന യോഗം ചേര്‍ന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പമ്പയിലേക്ക് തീര്‍ഥാടകപ്രവാഹം തുടരുമ്പോഴും സന്നിധാനത്ത് തിരക്ക് നിയന്ത്രണവിധേയമാണ്. നിലയ്ക്കലിലും സ്ഥിതി സാധാരണനിലയിലേക്ക് എത്തിത്തുടങ്ങി. ഗതാഗതക്കുരുക്കിനും ശമനമായതോടെ ബസ് സര്‍വീസും സാധാരണ നിലയിലേക്ക് എത്തി. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് കൂടുതല്‍ കാര്യക്ഷമമായി ഇടപെട്ടതോടെയാണ് തിരക്കിന് ശമനമുണ്ടായത്. നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കും തിരിച്ചും കൂടുതല്‍ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തി.