KeralaNEWS

ആദ്യമെത്തിയ ബസിന് ലുക്കില്ലെന്ന് വിദ്യാര്‍ഥികള്‍; പിന്നീടെത്തിയ ‘ഫ്രീക്കന്‍ ബസ്’ പിടിച്ചെടുത്ത് M.V.D

പാലക്കാട്: സ്‌കൂളില്‍നിന്ന് വിനോദയാത്രപോകാന്‍, അനുവദനീയമല്ലാത്ത രീതിയില്‍ ശബ്ദ, വെളിച്ച സംവിധാനങ്ങള്‍ ഘടിപ്പിച്ചെത്തിയ ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് ആലത്തൂര്‍ കാവശ്ശേരിയിലായിരുന്നു സംഭവം. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ യാത്രയ്ക്കായി ആദ്യമെത്തിയ രണ്ടുബസുകളില്‍, സംഗീതത്തിനുള്ള ശബ്ദക്രമീകരണവും നൃത്തം ചെയ്യുമ്പോള്‍ ഇടാനുള്ള വര്‍ണവെളിച്ച സംവിധാനവും പോരായെന്നു പറഞ്ഞ് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു.

ഈ ബസുകളില്‍ യാത്രപോകാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് നിര്‍ബന്ധം പിടിച്ചതോടെ ഇവ തിരിച്ചുപോയി. അധ്യാപകര്‍ ഇടപെട്ട് നെന്മാറയില്‍നിന്നും പാലക്കാട്ടുനിന്നുമായി വേറെ രണ്ട് ബസുകള്‍ ഏര്‍പ്പാടാക്കി. രണ്ടാമതുവന്ന ബസ്സുകളില്‍ നിയമം അനുശാസിക്കാത്ത തരത്തില്‍ ശബ്ദവും വെളിച്ചവും ക്രമീകരിച്ചിരുന്നു.

Signature-ad

വിദ്യാര്‍ഥികള്‍ ഇവയില്‍ കയറുമ്പോഴേക്കും, വിവരമറിഞ്ഞ് പാലക്കാട് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റും ആലത്തൂര്‍ ജോ. ആര്‍.ടി.ഒ. ഓഫീസ് അധികൃതരും സ്ഥലത്തെത്തി. ഇവര്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയതോടെ വാഹനങ്ങള്‍ പിടിച്ചെടുത്തു. വിദ്യാര്‍ഥികളുടെ വിനോദയാത്ര മുടങ്ങുകയുംചെയ്തു. ചട്ടലംഘനത്തിന് ആറായിരം രൂപ വീതം രണ്ടുബസുകള്‍ക്കും പിഴ ചുമത്തി.

വിനോദയാത്ര പോകുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി യാത്ര പോകുന്നതിനു ഒരാഴ്ചമുമ്പ് വാഹനത്തിന്റെ വിശദാംശങ്ങള്‍ ആര്‍.ടി.ഒ. അല്ലെങ്കില്‍ ജോയന്റ് ആര്‍.ടി.ഒ.യ്ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. വിനോദയാത്ര പോകുന്നതിന് ഒരാഴ്ച മുമ്പ് വാഹന ഉടമയോ ഡ്രൈവറോ വാഹനം ആര്‍.ടി.ഒ. അല്ലെങ്കില്‍ ജോയന്റ് ആര്‍.ടി.ഒ. മുമ്പാകെ പരിശോധയ്ക്ക് ഹാജരാക്കണം.

പരിശോധനാ റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ വാഹനയുടമ, ഡ്രൈവര്‍, പരിശോധന നടത്തിയ ഉദ്യോഗസ്ഥന്‍, വിദ്യാഭ്യാസ സ്ഥാപന മേധാവി എന്നിവരുടെ കൈയിലുണ്ടായിരിക്കണം. റിപ്പോര്‍ട്ട് ആ പ്രത്യേക വിനോദയാത്രയ്ക്കുമാത്രമാണ് ബാധകം.

നിയമം ഇങ്ങനെയായിരിക്കെ പിടിച്ചെടുത്ത വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ഹാജരാക്കിയ രേഖകളില്‍ സംശയമുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. രേഖകളുടെ അസല്‍ ഹാജരാക്കാന്‍ നിശ്ചിത സമയം അനുവദിച്ചെന്നും ഹാജരാക്കാത്തപക്ഷം മറ്റ് നടപടികള്‍ ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു.

അനുവദനീയമല്ലാത്ത വെളിച്ച, ശബ്ദ സംവിധാനങ്ങള്‍ പരിശോധനാ സമയത്ത് അഴിച്ചുവെക്കുകയും യാത്രാ സമയത്ത് ഘടിപ്പിക്കുകയും ചെയ്യുന്നത് വ്യാപകമാണ്. ഒരു യാത്രയ്ക്കായി അനുവദിച്ച സര്‍ട്ടിഫിക്കറ്റ് വേറെ യാത്രയ്ക്കായി ദുരുപയോഗിക്കുന്നതും പതിവാണ്.

Back to top button
error: