ലഖ്‌നൗ: നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന പരാതിയില്‍ ഉത്തര്‍പ്രദേശില്‍ തമിഴ്‌നാട് സ്വദേശിയടക്കം ഒമ്പത് പേര്‍ അറസ്റ്റില്‍. 42 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സോന്‍ഭദ്ര ജില്ലയില്‍ ദരിദ്രരെയും ഗോത്രവര്‍ഗക്കാരെയും കബളിപ്പിച്ച് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഇവര്‍ ശ്രമിച്ചെന്ന് പൊലീസ് പറയുന്നു.
അറസ്റ്റിലായ പ്രതികളില്‍ നിന്ന് വന്‍തോതില്‍ മതഗ്രന്ഥങ്ങളും പ്രചാരണ സാമഗ്രികളും ലാപ്ടോപ്പുകളും കണ്ടെടുത്തു. ആദിവാസികളെയും പാവപ്പെട്ടവരെയും കബളിപ്പിച്ച് ക്രിസ്തുമതത്തിലേക്ക് മാറ്റാന്‍ ചിലര്‍ പ്രേരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ജില്ലയിലെ ചോപാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മല്‍ഹിയ തോല നിവാസിയായ നര്‍സിങ് ആണ് പരാതി നല്‍കിയതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് കാലു സിങ് പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ 42 പേര്‍ക്കെതിരെ ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തമിഴ്നാട് ചെന്നൈ സ്വദേശി ജയ്പ്രഭു, ഉത്തര്‍പ്രദേശ് റോബര്‍ട്ട്സ്ഗഞ്ചിലെ അജയ് കുമാര്‍, ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശി ചെക്ക ഇമ്മാനുവല്‍, രാജേന്ദ്ര കോള്‍, രഞ്ജന്‍ എന്ന ഛോട്ടു, പര്‍മാനന്ദ്, സോഹന്‍, പ്രേംനാഥ് പ്രജാപതി, രാം പ്രതാപ് എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.