CrimeNEWS

കൊല നടത്തി 17 വര്‍ഷം മുന്‍പ് സൗദിയിലേക്കു മുങ്ങി; ഇന്റര്‍പോളിന്റെ സഹായത്തോടെ പ്രതിയെ പിടികൂടി

തിരുവനന്തപുരം: 17 വര്‍ഷം മുന്‍പ് തുമ്പയില്‍ കൊലപാതകം നടത്തി മുങ്ങിയ കേസിലെ മൂന്നാം പ്രതിയെ സൗദിയില്‍ നിന്ന് ഇന്റര്‍പോളിന്റെ സഹായത്തോടെ പൊലീസ് പിടികൂടി. ലഹരിമരുന്നു സംഘാംഗമായിരുന്ന മണ്‍വിള കിഴക്കുംകര സ്വദേശി ബൗഡന്‍ എന്നു വിളിക്കുന്ന സുധീഷിനെയാണ് (36) കഴക്കൂട്ടം സൈബര്‍ സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ഡി.കെ. പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18ന് കസ്റ്റഡിയിലെടുത്ത പ്രതിയെ നാട്ടിലെത്തിച്ചു.

ലഹരിമരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം തടയാന്‍ ശ്രമിച്ചതിനു തുമ്പയില്‍ മുരളി കൊല ചെയ്യപ്പെട്ട കേസിലെ മൂന്നാം പ്രതിയായ സുധീഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കേരള പൊലീസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. റിയാദില്‍ സുധീഷ് ഡ്രൈവറായി ജോലി ചെയ്യുന്ന വിവരം സൗദി പൊലീസ് വഴി ഇന്റര്‍പോള്‍ ശേഖരിക്കുകയും കേരള പൊലീസിനെ അറിയിക്കുകയും ചെയ്തു. വിദേശകാര്യവകുപ്പിന്റെ അനുമതിയോടെയാണ് കേരള പൊലീസ് സൗദിയിലേക്ക് പോയത്.

Signature-ad

ഏറെ കോളിളക്കം സൃഷ്ടിച്ച മുരളി വധക്കേസിലെ ഒന്നാം പ്രതി രാജേന്ദ്രബാബുവും രണ്ടാം പ്രതി ഷൈനുവും വിചാരണയ്ക്കു ഹാജരാകാതെ ഒളിവിലാണ്. മദ്യവും ലഹരിമരുന്നും വില്‍പന നടത്തിയ പ്രതികളെ തടയാന്‍ ശ്രമിച്ചതിനാണ് മുരളിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം. കേസിന്റെ വിചാരണ വേഗത്തിലാക്കാനാണു സിറ്റി പൊലീസിന്റെ തീരുമാനം. പ്രതിയെ ഇന്ന് സെഷന്‍സ് കോടതി മുന്‍പാകെ ഹാജരാക്കും.

Back to top button
error: