ലോസ് ഏഞ്ചല്‍സ്: ‘ബേബി സിറ്റ’റെന്ന (കുട്ടികളെ പരിപാലിക്കാന്‍) പേരില്‍ വീടുകളിലെത്തി 16 ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 707 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. 34-കാരനായ മാത്യു സാക്ര്സെസ്‌കിയെയാണ് ഓറഞ്ച് കൗണ്ടി സുപ്പീരിയര്‍ കോടതി ജഡ്ജി കിംബെര്‍ലി മെന്നിഗര്‍ ശിക്ഷിച്ചത്. 14 വയസില്‍ താഴെയുള്ള 16 ആണ്‍കുട്ടികളെ പീഡിപ്പിച്ച ഇയാള്‍ മറ്റൊരു കുട്ടിയെ അശ്ലീല വീഡിയോ കാണിക്കുകയും ചെയ്തു.
2014 മുതല്‍ 2019 വരെയുള്ള കാലത്താണ് മാത്യു കുറ്റകൃത്യങ്ങള്‍ നടത്തിയത്. രണ്ട് വയസുള്ള കുട്ടികള്‍ പോലും ഇയാളുടെ ഇരകളായിരുന്നു. ഇയാള്‍ കുട്ടികളെ പീഡിപ്പിക്കുന്നതായി ആദ്യമായി കണ്ടെത്തുന്നത് 2019 മെയ് മാസത്തിലാണ്. ഇരയായ എട്ടുവയസുകാരനെ മോശമായി സ്പര്‍ശിച്ചുവെന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസിനെ സമീപിച്ചപ്പോഴായിരുന്നു ഇത്.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ദക്ഷിണ കാലിഫോര്‍ണിയയില്‍ മാത്രം 11 കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചുവെന്ന് കണ്ടെത്തുകയായിരുന്നു. 2019 മെയ് 17-ന് വിദേശത്തേക്ക് പോകാനെത്തിയ മാത്യുവിനെ വിമാനത്തില്‍ നിന്ന് ഇറക്കിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സ്വന്തം വെബ്സൈറ്റ് വഴിയാണ് ഇയാള്‍ കുട്ടികളെ പരിപാലിക്കുന്ന ജോലി കണ്ടെത്തിയിരുന്നത്. ‘കുട്ടികളുടെ യഥാര്‍ത്ഥ പരിപാലകന്‍’ എന്നാണ് വെബ്സൈറ്റില്‍ ഇയാള്‍ സ്വയം വിശേഷിപ്പിച്ചത്. കുട്ടികളെ പരിപാലിക്കുന്ന ജോലി ആറ് വര്‍ഷത്തിലേറെയായി ചെയ്തുവരുന്നുവെന്നും മാത്യു വെബ്സൈറ്റില്‍ അവകാശപ്പെട്ടിരുന്നു.
അതേസമയം, തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്ന് മാത്യു സാക്ര്സെസ്‌കി കോടതിയോട് പറഞ്ഞു. കുട്ടികളുടെ മുഖത്ത് ചിരി വിടര്‍ത്താന്‍ കഴിഞ്ഞതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന വിചിത്രമായ കാര്യമാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്.