CrimeNEWS

അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ ഡ്രൈവറുടെ പേഴ്‌സുമായി മുങ്ങാന്‍ ശ്രമം; ശബരിമല പാതയിലെ ‘രക്ഷകന്‍’ അറസ്റ്റില്‍

പത്തനംതിട്ട: അപകടത്തില്‍പെട്ട ശബരിമല തീര്‍ഥാടക വാഹനത്തിലെ ഡ്രൈവറുടെ പേഴ്‌സ് തട്ടിയെടുത്തുമുങ്ങാന്‍ ശ്രമിച്ച മറ്റൊരു വാഹന ഡ്രൈവര്‍ പിടിയിലായി. തീര്‍ത്ഥാടകവാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാനെന്ന വ്യാജേനയെത്തിയയാള്‍ വാഹനത്തിന്റെ ഡ്രൈവറുടെ പണവും രേഖകളുമടങ്ങിയ പേഴ്‌സ് മോഷ്ടിച്ചു കടക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വടശ്ശേരിക്കര പോലീസ് പ്രതിയെ ഉടനടി പിടികൂടി. തിരുവനന്തപുരം അരുവിക്കര ഇടമണ്‍ മുകള്‍ മുക്കുവിള വീട്ടില്‍ ഗിരീഷ് കുമാറാ(44)ണ് അറസ്റ്റിലായത്.

പുലര്‍ച്ചെ 5.30 ന് ശേഷമാണ് ശബരിമലക്കുള്ള യാത്രാമദ്ധ്യേ തിരുവനന്തപുരം മലയന്‍കീഴ് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ വിളക്കുവഞ്ചിക്ക് സമീപം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. അപകടം നടന്നപ്പോള്‍ തന്നെ നിലയ്ക്കല്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍നിന്നും ഫോണില്‍ വടശ്ശേരിക്കര പോലീസിനെ അറിയിച്ചു. തുടര്‍ന്ന് വടശ്ശേരിക്കര എസ്എച്ച്ഒ എസ്‌ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. വിളക്കുവഞ്ചിയിലുള്ള പോലീസ് എയ്ഡ്‌പോസ്റ്റിന് 500 മീറ്റര്‍ അകലെ റോഡിനു ഇടതുവശം താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്.

Signature-ad

ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേരായിരുന്നു കാറിലുണ്ടായിരുന്നത്. ഇരുവര്‍ക്കും പരിക്കൊന്നും പറ്റിയിരുന്നില്ല. കാര്‍ ഓടിച്ച മലയന്‍കീഴ് മച്ചനാട് വിജയസദനം വീട്ടില്‍ വിജയ(58)ന്റെ പണമടങ്ങിയ പേഴ്‌സാണ് മോഷ്ടിക്കപ്പെട്ടത്. പേഴ്‌സില്‍ 4540 രൂപയാണ് ഉണ്ടായിരുന്നത്.
അപകടത്തിനുശേഷം കാറില്‍നിന്നും ഇരുവരും പുറത്തിറങ്ങി നിന്നപ്പോള്‍, ശബരിമലയില്‍നിന്നുംവന്ന കുടിവെള്ള ടാങ്കര്‍ നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങി ഇവര്‍ക്കരികിലേക്കെത്തി. തുടര്‍ന്ന്, ഇയാള്‍ സഹായിക്കാനെന്ന വ്യാജേന കാര്‍ ഡ്രൈവറുടെ ശരീരത്തില്‍ തപ്പുകയും മറ്റും ചെയ്തു. പിന്നീടാണ് പണമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ട വിവരമറിഞ്ഞത്.

ടാങ്കര്‍ പെട്ടെന്ന് ഓടിച്ചുപോകാന്‍ ശ്രമിച്ചെങ്കിലും, കാര്‍ ഡ്രൈവര്‍ ബഹളം വച്ചതിനാല്‍ അപകടം അറിഞ്ഞ് ഓടിക്കൂടിയവര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. അപകടവിവരമറിഞ്ഞെത്തിയ പോലീസിനോട് കാര്‍ ഡ്രൈവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ടാങ്കര്‍ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും പേഴ്‌സ് ഇയാളില്‍നിന്നും കണ്ടെത്തുകയും ചെയ്തു. ഗിരീഷിനെതിരെ മോഷണക്കുറ്റത്തിന് വടശ്ശേരിക്കര പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് വിജയന്‍ അയല്‍വാസി രവിയുമായി ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടത്. ഉറക്കക്ഷീണം കാരണമാവാം വണ്ടി നിയന്ത്രണം വിട്ട് റോഡില്‍ നിന്നും താഴ്ചയിലേക്ക് മറിഞ്ഞതെന്ന് കരുതുന്നു. മോഷണക്കേസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി. അപകടത്തില്‍ കേടുപാട് സംഭവിച്ച കാര്‍ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് കരക്കെത്തിച്ചു.

 

 

 

Back to top button
error: