തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങൾക്ക് മുന്നിലെത്തുന്ന സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സ് പരിപാടിയുടെ ഭാഗമായി സ്കൂൾ ബസുകളും വിട്ടുനൽകണമെന്ന് നിർദ്ദേശം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടിരിക്കുന്നത്. സംഘാടകർ ആവശ്യപ്പെട്ടാൽ ബസുകൾ വിട്ടു നൽകാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഇന്ധന ചെലവും ഡ്രൈവറുടെ ബാറ്റയും സംഘാടകർ നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
നവ കേരള സദസ്സ് പരിപാടിയിക്കെത്തുന്ന പൊതുജനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് ബസുകൾ വിട്ടുനൽകാൻ ആവശ്യപ്പെട്ടത്. ഇന്നാണ് നവകേരള സദസ്സ് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചയോടെ കാസർകോടെത്തും. മന്ത്രിമാർ ഇന്നലെ മുതൽ തന്നെ ജില്ലയിലേക്ക് എത്തിത്തുടങ്ങി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ബസ് ഇന്ന് പുലർച്ചെ കാസർകോട് എത്തിച്ചു. ഇതിപ്പോൾ കാസർകോട് എആർ ക്യാംപിലാണ് ഉള്ളത്.