CrimeNEWS

കളമശ്ശേരി ബോംബ് സ്ഫോടനം: ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു; മരണം നാലായി

എറണാകുളം: കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആലുവ സ്വദേശി മോളി ജോയ് (61) ആണ് ഇന്ന് മരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ മോളി എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. രാവിലെ അഞ്ചുമണിയോടെയായിരുന്നു അന്ത്യം. മൂന്ന് പേര്‍ നേരത്തെ മരിച്ച സ്ഫോടനത്തില്‍ 20 പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 11 പേരില്‍ മോളിയടക്കം രണ്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ഒന്‍പതുപേര്‍ വാര്‍ഡുകളിലുണ്ട്.

സ്ഫോടനത്തില്‍ മരിച്ച നാലു പേരും സ്ത്രീകളാണ്. കളമശ്ശേരിയില്‍ യഹോവയുടെ സാക്ഷികളുടെ മേഖല കണ്‍വെന്‍ഷന്‍ നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ കഴിഞ്ഞ മാസം 29-നാണ് സ്ഫോടനം നടന്നത്. പെരുമ്പാവൂര്‍ സ്വദേശി ലിയോണ പൗലോസ് (55), തൊടുപുഴ വണ്ണപ്പുറം സ്വദേശി കുമാരി (52), മലയാറ്റൂര്‍ സ്വദേശി ലിബിന (12) എന്നിവരാണ് നേരത്തെ മരിച്ചത്. സ്ഫോടനം നടത്തിയ ഡൊമിനിക് മാര്‍ട്ടിന്‍ നിലവില്‍ റിമാന്‍ഡിലാണ്.

Signature-ad

സംഭവത്തില്‍ താന്‍ മാത്രമാണ് ഉത്തരവാദിയെന്നാണ് മാര്‍ട്ടിന്‍ ആവര്‍ത്തിച്ചു പറയുന്നത്. പോലീസ് ഇത് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. ബോംബ് സ്ഫോടനം ആസൂത്രണം മുതല്‍ സ്ഫോടനം വരെയുള്ള സംഭവങ്ങളില്‍ ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. അതിനായി മാര്‍ട്ടിനെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മാര്‍ട്ടിന്റെ വിദേശബന്ധങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിവ പരിശോധിച്ചു വരികയാണ്. സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, സാക്ഷികള്‍ എന്നിവരുടെ മൊഴിയെടുപ്പും തുടരുന്നുണ്ട്. മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഒരു ദിവസമാണ് ഇയാളുമായി തെളിവെടുപ്പ് നടത്തിയത്. അത്താണിയിലെ തന്റെ ഫ്ലാറ്റില്‍ വെച്ച് എങ്ങനെയാണ് ബോംബ് ഉണ്ടാക്കിയതെന്ന് മാര്‍ട്ടിന്‍ കാണിച്ചുകൊടുത്തിരുന്നു. എന്നാല്‍, മുന്‍പരിചയമില്ലാതെ, എങ്ങനെ ബോംബ് നിര്‍മിച്ചുവെന്നും കൃത്യമായി പദ്ധതി ആസൂത്രണം ചെയ്തുവെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

സ്ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലും തമ്മനത്തെ വാടകവീട്ടിലും പെട്രോള്‍ വാങ്ങിയ പമ്പുകളിലും റിമോട്ട്, ബാറ്ററി തുടങ്ങിയവ വാങ്ങിയ ഇടങ്ങളിലുമെല്ലാം ഇനി തെളിവെടുക്കേണ്ടതുണ്ട്. സംഭവത്തിലെ ദുരൂഹത സംബന്ധിച്ച് കേന്ദ്ര ഏജന്‍സികളും അന്വേഷിക്കുന്നുണ്ട്.

 

Back to top button
error: