
കോഴിക്കോട്: കിഡ്നി തകരാറുള്ള ആളെ ഡയാലിസിസിന് കൊണ്ടുപോകാന്‍ സാധിക്കാത്ത രീതിയില്‍ മാർഗതടസം സൃഷ്ടിച്ചെന്ന പരാതിയിൽ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ. രോഗിയെ വാഹനത്തിൽ ഡയാലിസിസിന് കൊണ്ടുപോകാൻ സാധിക്കാത്ത രീതിയിൽ വഴിയിൽ ചെങ്കല്ലും മണ്ണും ഇറക്കി ഗതാഗതം തടസപ്പെടുത്തിയെന്ന പരാതിയിൽ അടിയന്തരമായി ഇടപെടാനാണ് പൊലീസിന് മനുഷ്യാവകാശ കമ്മീഷൻ നൽകിയിരിക്കുന്ന ഉത്തരവ്.
കൊയിലാണ്ടി പൊലീസ് ഇൻസ്പെക്ടർക്കാണ് കമ്മീഷൻ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. വാഹന ഗതാഗതം തടസപ്പെടുത്തരുതെന്ന കൊയിലാണ്ടി മുൻസിഫ് കോടതിയുടെ വിധി ഉണ്ടായിരിക്കെയാണ് ചേമഞ്ചേരി തുവക്കോട് വടക്കെ വളപ്പിൽ മിഥുൻ വഴി തടസ്സപ്പെടുത്തുന്നതെന്ന് പരാതിക്കാരന്‍ വിശദമാക്കുന്നത്. തുവക്കോട് സ്വദേശി സുജേഷാണ് പരാതിക്കാരൻ. സുജേഷിന്റെ ഭാര്യയുടെ ഡയാലിസിസാണ് മാര്‍ഗതടസം മൂലം മുടക്കമുണ്ടാകുന്നത്. പരാതിക്കാരന്റെ ഭാര്യയുടെ അച്ഛന്റെ സഹോദരന്റെ മകനാണ് മിഥുൻ.

ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി വഴിയിലുണ്ടായ തടസ്സം നീക്കാൻ ശ്രമിച്ചപ്പോൾ മിഥുൻ ബഹളമുണ്ടാക്കിയെന്നും ചികിത്സ കൃത്യ സമയത്ത് ലഭ്യമാകാതെ വന്നതോടെ ഭാര്യയുടെ രോഗം മൂർച്ഛിച്ചെന്നും പരാതിയിൽ പറയുന്നു. ഒടുവിൽ സുഹൃത്തുക്കളുടെ സഹായത്തോടെ ഭാര്യയെ കസേരയിലിരുത്തി റോഡിൽ കൊണ്ടുവന്ന ശേഷമാണ് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും സുജേഷ് പരാതിയിൽ പറയുന്നു.