കണ്ണൂര്‍: ആറളത്ത് വനപാലകര്‍ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തിനു പിന്നില്‍ മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമെന്ന് സൂചന. ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്. വധശ്രമക്കുറ്റത്തിനൊപ്പമാണ് യു.എ.പി.എയും ചുമത്തിയിരിക്കുന്നത്.
അഞ്ചംഗ സംഘമാണ് പ്രദേശത്ത് അക്രമം നടത്തിയതെന്നാണ് വനപാലകര്‍ പറയുന്നത്. സംഘത്തില്‍ ഒരു സ്ത്രീ ഉണ്ടായിരുന്നതായും ഇവര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലും സി.പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സായുധസംഘം പ്രദേശത്തെത്തിയിരുന്നു.
മാവോയിസ്റ്റ്കളെ കണ്ടെത്തുന്നതിനായി തണ്ടര്‍ബോള്‍ട്ടുള്‍പ്പെടെയുള്ള സായുധസേനയെ വിന്യസിച്ചിട്ടുണ്ട്. കര്‍ണാടകയുടെ സഹായവും ഇവരെ കണ്ടെത്തുന്നതിനായി സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ സായുധസേനയെ വിന്യസിച്ചുകൊണ്ട് ശക്തമായ പരിശോധന നടത്താനാണ് തീരുമാനം.
തിങ്കളാഴ്ച ഉച്ചയോടെയാണ് കണ്ണൂര്‍ ആറളം വന്യജീവി സങ്കേതത്തിനുള്ളില്‍ വച്ച് വനംവകുപ്പ് വാച്ചര്‍മാര്‍ക്കെതിരെ മാവോയിസ്റ്റ്കള്‍ വെടിയുതിര്‍ത്തത്. വനംവകുപ്പിലെ താത്കാലിക വാച്ചര്‍മാരായ എബിന്‍ (26), സിജോ (28), ബോബസ് (25) എന്നിവര്‍ക്കുനേരേയാണ് ഏഴുറൗണ്ട് വെടിവെച്ചത്. വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയില്‍ വീണ് മൂന്ന് വനപാലകര്‍ക്കും നിസാരപരിക്കേറ്റു.