IndiaNEWS

പരീക്ഷകളില്‍ ഹിജാബിന് വിലക്കില്ല; നിരോധനത്തില്‍ ഇളവുമായി കര്‍ണാടകം

ബംഗലൂരു: കര്‍ണാടകയില്‍ മുന്‍ ബിജെപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനത്തില്‍ ഇളവു നല്‍കി കോണ്‍ഗ്രസ് സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള മല്‍സര പരീക്ഷകള്‍ക്കു ഹിജാബ് ധരിച്ചെത്താമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഹിജാബിന് കര്‍ണാടക അഡ്മിനിസ്ട്രേറ്റീവ് പരീക്ഷകളില്‍ (കെഎഇ) വിലക്കുണ്ടാകില്ലെന്നാണ് ഉത്തരവ്. ഹിജാബ് നിരോധനം നീക്കുമെന്നത് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.

ഹിജാബ് വിലക്കുന്നത് വ്യക്തി സ്വാതന്ത്ര്യം തടയലാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി എം.സി. സുധാകര്‍ ചൂണ്ടിക്കാട്ടി. മറ്റു പരീക്ഷകളില്‍ നിന്നും വിലക്ക് ഘട്ടംഘട്ടമായി നീക്കുമെന്നും അറിയിച്ചിട്ടുണ്ട്. മുന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തിയതിനാല്‍ അത് പിന്‍വലിക്കുന്നതിനായി ഭരണഘടനാപരമായ നടപടികള്‍ ആവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി.

Signature-ad

കര്‍ണാടകയിലെ സ്‌കൂളുകളിലും പിയു കോളജുകളിലും ഹിജാബും കാവി ഷാളും മറ്റു മതപരമായ ചിഹ്നങ്ങളും ധരിച്ച് ക്ലാസില്‍ കയറുന്നതു വിലക്കി 2022 ഫെബ്രുവരി 5നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തുടര്‍ന്ന് മാര്‍ച്ച് 15ന് ഈ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിശാലബെഞ്ച്, യൂണിഫോം സംബന്ധിച്ച് കൃത്യമായ നിര്‍വചനമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വേഷം ധരിക്കരുതെന്നു വിധിച്ചിരുന്നു.

ഇതിനെ ചോദ്യം ചെയ്ത് ഉഡുപ്പി ഗവ.വനിതാ പിയു വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സുപ്രീം കോടതി ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. ഹര്‍ജികളില്‍ വിശദമായ വാദംകേട്ട രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹിജാബ് നിരോധനം ശരിയാണെന്നു വിധിച്ചു. എന്നാല്‍, ഹിജാബ് വിലക്ക് മൗലികാവകാശ ലംഘനമാണെന്നു വിലയിരുത്തി ജസ്റ്റിസ് സുധാംശു ധൂളിയ ഹൈക്കോടതി വിധിയും സര്‍ക്കാര്‍ ഉത്തരവും റദ്ദാക്കി.

ഹിജാബ് ധരിക്കാത്തതിന് പോലീസ് തെമ്മാടിത്തം വീണ്ടും; ഇറാനില്‍ കൗമാരക്കാരിക്ക് മസ്തിഷ്‌ക മരണം

ഇതേത്തുടര്‍ന്ന്, കര്‍ണാടകയിലെ ഹിജാബ് വിലക്കിനെതിരെയുള്ള ഹര്‍ജികളില്‍ തീര്‍പ്പുണ്ടാക്കാന്‍ മൂന്നംഗ ബെഞ്ച് ഉടന്‍ രൂപീകരിക്കുമെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. അതുവരെ ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിയാണു പ്രാബല്യത്തിലുണ്ടാവുകയെന്നും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ ഹിജാബ് നിരോധനം ഭാഗികമായി നീക്കി ഉത്തരവിറക്കിയത്.

 

Back to top button
error: