ടെഹ്‌റാന്‍: ഇറാനില്‍ ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ പൊലീസ് പീഡിപ്പിച്ചതിനെ തുടര്‍ന്നു മെട്രോ ട്രെയിനില്‍ കുഴഞ്ഞുവീണ അര്‍മിത ഗൊരാവന്ദ് (16) എന്ന പെണ്‍കുട്ടിക്ക് മസ്തിഷ്‌കമരണം സംഭവിച്ചു. പൊലീസ് പീഡനം നിഷേധിച്ചെങ്കിലും ഇറാന്‍ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു.
ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അര്‍മിത ആശുപത്രിയില്‍ തുടരുന്നതെന്ന് ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. അതേസമയം, പൊലീസ് അര്‍മിതയെ മര്‍ദിച്ചതായാണ് ദൃക്‌സാക്ഷികള്‍പറയുന്നത്.
ഈ മാസം ഒന്നിനാണ് അര്‍മിത ഗൊരാവന്ദ് മെട്രോയില്‍ കൂട്ടുകാരികള്‍ക്കൊപ്പം സഞ്ചരിക്കുന്നതിനിടയില്‍ ബോധരഹിതയായി വീണത്. പൗരാവകാശ സംഘടനയായ ഹെന്‍ഗാവ് ആണ് സദാചാര പൊലീസ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി ആരോപിച്ചത്.
2022 സെപ്റ്റംബറില്‍ കുര്‍ദ് യുവതി മഹ്‌സ അമിനി (22) കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്നു വനിതകളുടെ നേതൃത്വത്തില്‍ മാസങ്ങളോളം കനത്ത പ്രക്ഷോഭമാണു രാജ്യത്തുടനീളം നടന്നത്. അമിനിയും മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് 3 ദിവസം ആശുപത്രിയിലായിരുന്നു. അതിനിടെ കഴിഞ്ഞവര്‍ഷം മഹ്‌സ അമിനിയുടെ മരണം റിപ്പോര്‍ട്ട് ചെയ്ത 2 വനിതാ മാധ്യമപ്രവര്‍ത്തകരെ ഇറാന്‍ ജയിലിലടച്ചു.
നിലോഫര്‍ ഹമദി, ഇലാഹി മുഹമ്മദി എന്നിവര്‍ക്കാണു കോടതി യഥാക്രമം 13 വര്‍ഷവും 12 വര്‍ഷവും ജയില്‍ ശിക്ഷ വിധിച്ചത്. ദേശീയ താല്‍പര്യത്തിനു വിരുദ്ധമായി യുഎസുമായി ചേര്‍ന്നു ഗൂഢാലോചന നടത്തിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണം.