IndiaNEWS

രാജസ്ഥാനില്‍ ഭരണവിരുദ്ധ വികാരം ബിജെപിക്ക് ഗുണം ചെയ്യുമോ? പൈലറ്റ്-ഗലോട്ട് തര്‍ക്കം കോണ്‍ഗ്രസിന് തലവേദന

ജയ്പുര്‍: കോണ്‍ഗ്രസും ബിജെപിയും മാറി മാറി ഭരിച്ച് ചരിത്രമുള്ളതാണ് രാജസ്ഥാന്‍ രാഷ്ട്രീയം. വീണ്ടും ഒരു നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കെ അധികാര തുടര്‍ച്ചെയാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍, ഭരണവിരുദ്ധ വികാരവും മോദി സര്‍ക്കാരിന്റെ പ്രഭാവവും ഉയര്‍ത്തി വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപിയുള്ളത്.

2018 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വസുന്ധര രാജ സിന്ധ്യ സര്‍ക്കാരിനെ തറപറ്റിച്ചാണ് കോണ്‍ഗ്രസ് മിന്നും വിജയം കൈവരിച്ചത്. വസുന്ധര രാജേയുടെ നേതൃത്ത്വത്തിലുള്ള സര്‍ക്കാരിന്റെ അഴിമതിയാണ് ബിജെപിക്ക് തിരിച്ചടിയാകാന്‍ ഇടയായത്. അന്ന് 39 ശതമാനം വോട്ടുകളാണ് കോണ്‍ഗ്രസ് നേടിയത്. അന്നത്തെ ഭരണകക്ഷിയായ ബിജെപി 38 ശതമാനം വോട്ടുകളാണ് നേടിയത്. 100 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ 73 സീറ്റുകളാണ് ബിജെപി നേടിയത്. ഇത്തവണ തങ്ങള്‍ക്ക് നഷ്ടപ്പെട്ട ഭരണം തിരികെ പിടിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. 2013 ല്‍ 163 സീറ്റുകളാണ് ബിജെപി വാരിക്കൂട്ടിയത്.

Signature-ad

ബഹുജന്‍ സമാജ് പാര്‍ട്ടിയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളേയും ചേര്‍ത്താണ് 2018 ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അശോക് ഗെലോട്ട് മുഖ്യമന്ത്രിയായും ഏറെ ജനപ്രിയനായ യുവ നേതാവ് സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍, ഈ ബന്ധത്തിലെ വിള്ളലാണ് പാര്‍ട്ടിക്ക് പിന്നീട് തലവേദനയുണ്ടാക്കിയത്.

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്ഥനായ ഗെലോട്ട് എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനം സച്ചിന്‍ പൈലറ്റിന് നല്‍കാനോ ഒഴിയാനോ അദ്ദേഹം ഒരുക്കമായിരുന്നില്ല. ഇതോടെ അദ്ദേഹത്തെ ഒഴിവാക്കി മല്ലികാര്‍ജുന്‍ ഖാര്‍ഗയെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയായിരുന്നു.

അതേസമയം, പാര്‍ട്ടിക്കുള്ളിലെ പൊട്ടിത്തെറികള്‍ അവസാനിച്ചിരുന്നില്ല. രാജസ്ഥാനിലെ അഴിമതി അവസാനിപ്പിക്കണമെന്ന് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു. അഴിമതിയ്ക്കെതിരെ നടപടി സ്വീകരിക്കണം. തന്റെ ലക്ഷ്യം കൃത്യമാണെന്നും ശരിയായ രാഷ്ട്രീയം സാധ്യമാണെന്നും സച്ചിന്‍ ഉന്നയിച്ചുകൊണ്ടേ ഇരുന്നു. അഞ്ചുവര്‍ഷത്തിനിടെ ഗെലോട്ട് സര്‍ക്കാരിനെതിരെ സച്ചിന്‍ പൈലറ്റ് ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ ബിജെപി ഉന്നയിച്ചാല്‍ കോണ്‍ഗ്രസിനു തിരിച്ചടിയാവും.

ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കമുള്ള അഴിമതി ആരോപണങ്ങളാണ് സച്ചിനും കൂട്ടരും ഉന്നയിച്ചത്. അതിന് പിന്നാലെ ബിജെപി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് സച്ചിന്‍ പൈലറ്റ് പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. പിന്നാലെ ഹൈക്കമാന്‍ഡ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി നിരവധി ചര്‍ച്ചകളും നടത്തിയിരുന്നു.

സച്ചിന്‍ പൈലറ്റ് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നുവന്നു. എങ്കിലും വിവിധ നേതാക്കള്‍ ഇടപെട്ട് അനുനയ നീക്കങ്ങളിലൂടെ പൈലറ്റിനെ മെരുക്കുകയായിരുന്നു.

അതിന് പിന്നാലെ, ഗെലോട്ട് മന്ത്രിസഭയിലെ മന്ത്രി രാജേന്ദ്ര സിങ് ഗൂധയുടെ വെളിപ്പെടുത്തലുകളും സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സാമ്പത്തിക ക്രമക്കേടുകളുടെ തെളിവുകള്‍ അടങ്ങുന്ന ചുവന്ന ഡയറി തന്റെ പക്കലുണ്ടെന്ന ഗൂധയുടെ അവകാശവാദം. നിയമസഭയില്‍ ഈ ഡയറി ഉയര്‍ത്തിക്കാണിച്ചത് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു. മണിപ്പുര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കിയ സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടുവെന്നും മന്ത്രി ആരോപിച്ചിരുന്നു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ മന്ത്രിസ്ഥാനവും തെറിച്ചു.

ഈ ഭരണവിരുദ്ധ വികാരത്തിലാണ് ബിജെപി പ്രതീക്ഷ അര്‍പ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്‍നിര്‍ത്തിയുള്ള പ്രചരണപരിപാടികളാണ് ബിജെപി തയ്യാറെടുക്കുന്നത്. ഇത്തവണ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാണിക്കാത്തതില്‍ വസുന്ധരെ വിഭാഗത്തിനുള്ള എതിര്‍പ്പും ശ്രദ്ധേയമാണ്. മുന്‍ ബിജെപി സര്‍ക്കാരില്‍ ഇവരുടെ മേലുള്ള അഴിമതി ആരോപണം തന്നെയാണ് ബിജെപിക്ക് തിരിച്ചടിയാകാന്‍ സാധ്യതയുള്ളത്.

 

Back to top button
error: