Fiction

തനിക്ക് വേണ്ടി മറ്റെല്ലാവരും മാറണം എന്ന ശാഠ്യം വിനാശകരം, സ്വയം മാറുന്നത് ഉത്തമ മാതൃക

വെളിച്ചം

    ആ രാജ്യത്തെ രാജാവിന് മാരകമായ നേത്ര രോഗം ബാധിച്ചു. പ്രശസ്തരായ പല വൈദ്യരും വന്നെങ്കിലും അസുഖം ഭേദമായില്ല. ഒരിക്കല്‍ ദൂരെ നാട്ടില്‍ നിന്നും ഒരു വൈദ്യന്‍ വന്നെത്തി. അദ്ദേഹം പറഞ്ഞു:

Signature-ad

“ഈ രോഗത്തിന് മരുന്നില്ല. പക്ഷേ, ഒരു കാര്യം ചെയ്താല്‍ താങ്കള്‍ രക്ഷപ്പെടും. ഇനി മുതല്‍ ഒരുവര്‍ഷക്കാലം പച്ചനിറം മാത്രമേ കാണാവൂ…”

രാജാവ് പിറ്റേന്ന് തന്നെ കല്‍പനയിറക്കി. ഇനി ഈ നാട്ടില്‍ പച്ചനിറം മാത്രമേ പാടുള്ളു. കൊട്ടാരചുമരുകള്‍, ആളുകളുടെ വസ്ത്രങ്ങള്‍, എന്തിന് മൃഗങ്ങള്‍ക്ക് വരെ പച്ച നിറമടിച്ചു. ഒരു വര്‍ഷം കടന്നുപോയി.

രാജാവിന്റെ അസുഖം മാറി. അദ്ദേഹം അസുഖം മാറ്റിയ വൈദ്യനെ വിളിച്ചുവരുത്തി ധാരാളം പാരിതോഷികങ്ങള്‍ നല്‍കി ആദരിച്ചു. അതിനിടെ വൈദ്യന്‍ പറഞ്ഞു:

“താങ്കളെ പോലെ ഒരു വിഢ്ഢിയായ രാജാവിനെ ഞാന്‍ കണ്ടിട്ടില്ല…” അത്ഭുതത്തോടെ നിന്ന രാജാവിനെ നോക്കി അയാള്‍ തുടര്‍ന്നു:

“ഒരു പച്ചകണ്ണടവെച്ചാല്‍ തീരുന്ന ഒരു കാര്യത്തിനാണ് താങ്കള്‍ ഈ നാടുമുഴുവന്‍ പച്ചയാക്കിയത്…”

ആത്മനിയന്ത്രണത്തേക്കാള്‍ എളുപ്പം അപരനെ നിയന്ത്രിക്കലാണ്. ആത്മനിയന്ത്രണത്തിന് ഉള്ളുരുകണം, സുഖാനുഭവങ്ങളുടെ പുതപ്പ് മാറ്റണം, അനിഷ്ടങ്ങളുടെ തീച്ചൂളയില്‍ സ്വയം പാകപ്പെടണം. എന്നാല്‍ അന്യനെ നിയന്ത്രിക്കാന്‍ ഇതിന്റെയൊന്നും ആവശ്യമില്ല. വെറും അധരവ്യായാമം മാത്രം മതി. കല്‍പനകളിലൂടെയോ വിദഗ്‌ധോപദേശങ്ങളിലൂടെയോ അവരുടെ കടിഞ്ഞാണ്‍ കൈക്കലാക്കിയാല്‍ മാത്രം മതി. താന്‍ സമ്പൂര്‍ണ ശരിയാണെന്നും ചുററുമുള്ളവരെല്ലാം തിരുത്തലിന് വിധേയമാക്കപ്പെടേണ്ടവരാണെന്നും അബദ്ധധാരണയുളളവര്‍ അഹംബോധത്തിന്റെ ആള്‍രൂപങ്ങളാണ്. അത്തരക്കാര്‍ക്ക് അധികാരം കിട്ടിയാല്‍ ജനജീവിതം ദുഃസ്സഹമാക്കും. താന്‍ മാറുന്നതാണ് എളുപ്പം എന്ന് വിശ്വസിക്കുന്ന ആളുകളുള്ള സമൂഹത്തില്‍ അതിവേഗം രൂപാന്തരണശേഷിയുണ്ടാകും. എന്നാല്‍ അന്യനാണ് മാറേണ്ടത് എന്ന ചിന്താഗതിയാണെങ്കില്‍ അവിടെ ആരും വളരുകയില്ല. തനിക്ക് വേണ്ടി മറ്റെല്ലാവരും മാറണമെന്ന ചിന്തയേക്കാള്‍ മറ്റെല്ലാവര്‍ക്കും വേണ്ടി താനൊരാള്‍ മാറിയാല്‍ മതി എന്ന തിരിച്ചറിവ് സാമൂഹികവിപ്ലവം സൃഷ്ടിക്കും.

സൂര്യനാരായണൻ
ചിത്രം: നിപുകുമാർ

Back to top button
error: