BusinessTRENDING

രണ്ടാമൻ ഒന്നാമനേക്കാൾ ബഹുകേമൻ! രണ്ടാം വന്ദേ ഭാരത് സൂപ്പർ ഡ്യൂപ്പർ ഹിറ്റ്; അഞ്ചു ദിവസത്തെ ബുക്കിംഗിൽ ആദ്യ വന്ദേഭാരതിനെയും മറികടന്നു

തിരുവനന്തപുരം: ആദ്യ വന്ദേ ഭാരത് പോലെ രണ്ടാം വന്ദേ ഭാരതും സൂപ്പർ ഹിറ്റ്. ഒന്നുകൂടി വിശദമായി പറഞ്ഞാൽ രണ്ടാം വന്ദേ ഭാരത് സൂപ്പ‍ർ ഹിറ്റല്ല, ബമ്പർ ഹിറ്റാണെന്ന് ചുരുക്കി പറയാം. ഒക്ടോബർ രണ്ടാം തിയതി വരെയുള്ള ടിക്കറ്റ് ബുക്കിംഗ് നോക്കിയാൽ ആദ്യ വന്ദേ ഭാരതിനെയും മറികടന്ന് രണ്ടാം വന്ദേ ഭാരത് കുതിക്കുകയാണെന്ന് കാണാം. അടുത്ത അഞ്ച് ദിവസത്തേക്ക് വന്ദേ ഭാരതിന് ഒരു ക്ളാസിലും ടിക്കറ്റ് നോക്കേണ്ടെന്ന് സാരം.

തിരുവനന്തപുരം – കാസ‍ർകോട് ഒന്നാം വന്ദേ ഭാരതിന് ഒക്ടോബർ ഒന്ന് വരെ ടിക്കറ്റില്ലെങ്കിൽ, കാസർകോട് – തിരുവനന്തപുരം രണ്ടാം വന്ദേ ഭാരതിന് ഒക്ടോബർ രണ്ടാം തീയതി വരെയാണ് ടിക്കറ്റില്ലാത്തത്. ഏറ്റവും പ്രധാനമായി രണ്ട് കാരണങ്ങളാണ് രണ്ടാം വന്ദേ ഭാരതിനെ കൂടുതൽ ജനപ്രീയമാക്കുന്നത്. ആലപ്പുഴ റൂട്ടും, മെച്ചപ്പെട്ട സമയക്രമവും രണ്ടാം വന്ദേ ഭാരതിന് കൂടുതൽ അനുകൂല ഘടകങ്ങളാകുന്നു എന്നാണ് വ്യക്തമാകുന്നത്.

വന്ദേ ഭാരതിൽ കയറാൻ കാത്തിരിക്കാം

കൗതുകത്തിന് വേണ്ടിയാണെങ്കിൽ പോലും കേരളത്തിന് കിട്ടിയ രണ്ടാം വന്ദേഭാരതിൽ യാത്ര ചെയ്യണമെങ്കിൽ അൽപം കാത്തിരിക്കണം. ആദ്യ വന്ദേഭാരതിന് കിട്ടിയ അതേ സ്വീകരണമാണ് രണ്ടാം വണ്ടിക്കും. സർവീസ് യാത്ര തുടങ്ങിയ ഇന്നലെ തന്നെ അഞ്ച് ദിവസത്തേക്കുള്ള ടിക്കറ്റ് മുഴുവൻ തീർന്നു. തിരുവനന്തപുരം – കാസ‍ർകോട് വന്ദേ ഭാരതിന് ഒക്ടോബർ ഒന്ന് വരെയാണ് ടിക്കറ്റില്ലാത്തത്. കാസർകോട് – തിരുവനന്തപുരം വന്ദേ ഭാരതിനാകട്ടെ രണ്ടാം തീയതി വരെയുള്ള ടിക്കറ്റ് ഫുൾ ബുക്കിംഗാണ്. എ സി കോച്ചിനേക്കാൾ പെട്ടെന്ന് ബുക്കിംഗ് പൂർത്തിയായത് എക്സിക്യൂട്ടീവ് കോച്ചിലാണ്.

ആലപ്പുഴ വഴിയും സമയക്രമവും ഗുണമായി

ആലപ്പുഴ വഴിയാണ് രണ്ടാം വന്ദേ ഭാരത് എന്നതാണ് ഹൈലൈറ്റെന്നാണ് യാത്രക്കാർ പറയുന്നത്. രാവിലെ തിരുവനന്തപുരത്തേക്കും ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്നുമുള്ള ജനശതാബ്ദി കോട്ടയം വഴിയാണ്. തിരുവനന്തപുരത്ത് നിന്നും മലബാറിലേക്ക് ഉച്ചക്കുള്ള ജനശതാബ്ദി കഴിഞ്ഞാൽ പിന്നെ ഇതുവരെ ആശ്രയം രാത്രിയിലെ ട്രെയിനുകളായിരുന്നു. എന്നാൽ രണ്ടാം വന്ദേ ഭാരത് നാല് മണിക്ക് പുറപ്പെട്ട് 9 മണിക്ക് കോഴിക്കോടും 11.58 ന് കാസർകോടും എത്തും. മെച്ചപ്പെട്ട സമയക്രമവും രണ്ടാം വന്ദേഭാരതിലേക്ക് കൂടുതൽ യാത്രക്കാരെ എത്തിക്കുന്നുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

Back to top button
error: