തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്നതില്‍ വിശദീകരണവുമായി നടന്‍ ഭീമന്‍ രഘു. മുഖ്യമന്ത്രിയെ സോപ്പിടാന്‍ അല്ല എഴുന്നേറ്റു നിന്നതെന്ന് ഭീമന്‍ രഘു പറയുന്നു.
മുഖ്യമന്ത്രി പ്രസംഗിച്ചപ്പോള്‍ എഴുന്നേറ്റു. പിന്നെ ഇരിക്കാന്‍ തോന്നിയില്ല. പുറകിലിരുന്ന ആളുകളോട് ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നു പറഞ്ഞു. പിന്നെ നിന്നു. ഏതെങ്കിലും ഭരണ സംവിധാനത്തിന്റെ ഭാഗമാക്കിയാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും ഭീമന്‍ രഘു പറഞ്ഞു. ബിജെപിയില്‍ നിന്ന് സിപിഎമ്മിലേക്ക് വന്നതു വഴി നല്ലത് മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്ന് പറഞ്ഞ ഭീമന്‍ രഘു, അലന്‍സിയര്‍ കാട്ടിയത് അദ്ദേഹത്തിന്റെ സംസ്‌കാരമാണെന്നും സ്ത്രീ രൂപത്തിലെ പ്രതിമ കിട്ടിയാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ച് ഭീമന്‍ രഘു പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യമന്ത്രി സംസാരിച്ച 15 മിനുട്ട് ഒറ്റ നില്‍പ്പില്‍ കൈകെട്ടി നില്‍ക്കുന്ന ഭീമന്‍ രഘുവിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. നില്‍പ്പിന്റെ കാരണം ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് എഴുന്നേറ്റ് നിന്നതെന്നായിരുന്നു ഭീമന്‍ രഘുവിന്റെ മറുപടി.