തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ച് നടന്‍ ഭീമന്‍ രഘു. മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് ഇങ്ങനെ ചെയ്തതെതെന്ന് ഭീമന്‍ രഘു പിന്നീട് പ്രതികരിച്ചു. തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു കഴിഞ്ഞദിവസം കൗതുകകരമായ ഈ സംഭവം നടന്നത്.
വ്യാഴാഴ്ച വൈകിട്ടായിരുന്നു 2022-ലെ സംസ്ഥാന ചലച്ചിത്രപുരസ്‌കാര വിതരണം നിശാഗന്ധിയില്‍ നടന്നത്. കുഞ്ചാക്കോ ബോബനും വിന്‍സി അലോഷ്യസും ഉള്‍പ്പെടെ ഒട്ടുമിക്ക പുരസ്‌കാര ജേതാക്കളും ചടങ്ങിനെത്തിയിരുന്നു. ഉദ്ഘാടന പ്രസംഗം നടത്താനായി മുഖ്യമന്ത്രിയെത്തിയതോടെയാണ് ഭീമന്‍ രഘു എഴുന്നേറ്റ് നിന്നത്. മുഖ്യമന്ത്രി സംസാരിച്ച 15 മിനിറ്റും നടന്‍ സദസില്‍ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞപ്പോള്‍ പുഞ്ചിരിയോടെ നല്ലൊരു കയ്യടിയും നല്‍കിയാണ് ഭീമന്‍ രഘു കസേരയിലിരുന്നത്.
നില്‍പ്പിന്റെ കാരണം ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് എഴുനേറ്റ് നിന്നതെന്നായിരുന്നു ഭീമന്‍ രഘുവിന്റെ മറുപടി. ഇമ്പോസിഷന്‍ എഴുതിക്കൊണ്ടു വരാത്തതിന് സാര്‍ എഴുന്നെപ്പിച്ചു നിര്‍ത്തിയിരിക്കുവാണ് എന്ന തരത്തില്‍ ട്രോളും പ്രചരിക്കുന്നുണ്ട്. ഭീമന്‍ രഘു എഴുന്നേറ്റ് നില്‍ക്കുമ്പോള്‍ വേദിയിലുള്ള താരങ്ങള്‍ അടക്കി ചിരിക്കുന്നുമുണ്ട്. ഭീമന്‍ രഘുവിനെ ചലച്ചിത്ര അവാര്‍ഡിലേക്ക് പ്രത്യേകം ക്ഷണിച്ചിരുന്നു. മുന്‍ നിരയില്‍ പേരെഴുതിയ സീറ്റും ഉണ്ടായിരുന്നു. അവിടെയാണ് എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ചത്. ഇതൊന്നും ശ്രദ്ധിക്കാതെ പിണറായി പ്രസംഗിക്കുകയും ചെയ്തു.
രണ്ടുമാസം മുമ്പാണ് ഭീമന്‍ രഘു ബി.ജെ.പി വിട്ട് സി.പി.എമ്മിനൊപ്പം ചേര്‍ന്നത്. അന്ന് താരം എ.കെ.ജി സെന്റര്‍ സന്ദര്‍ശിച്ച ശേഷം പുറത്തിറങ്ങിയത് ചെങ്കൊടി പുതച്ച്, സഖാക്കളേ മുന്നോട്ട് എന്ന പ്രശസ്തമായ ഗാനവും ആലപിച്ചുകൊണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍ തന്നെ സ്വീകരിച്ചത് ഒരു സുഹൃത്തിനെയെന്നപോലെയായിരുന്നുവെന്നും മൂന്നാം പിണറായി സര്‍ക്കാര്‍ വരുമെന്നുമാണ് അന്ന് ഭീമന്‍ രഘു പ്രതികരിച്ചത്. പറയാനുള്ളത് മുഖത്തുനോക്കി പറയുന്നയാളാണ് മുഖ്യമന്ത്രിയെന്നും ഭീമന്‍ രഘു പറഞ്ഞിരുന്നു.