KeralaNEWS

ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരേ അഭിപ്രായം; പട്ടയ ഭൂമിയിൽ ചട്ടംലംഘിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ ക്രമപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്ന ഭൂപതിവ് നിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കി

തിരുവനന്തപുരം: പട്ടയ ഭൂമിയിൽ ചട്ടംലംഘിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ ക്രമപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്ന ഭൂപതിവ് നിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കി. നിയമ ഭേദഗതിയെ പിന്തുണച്ച പ്രതിപക്ഷം ചട്ടരൂപീകരണം ശ്രദ്ധയോടെ വേണമെന്ന് ആവശ്യപ്പെട്ടു. പട്ടയഭൂമിയിൽ ചട്ടം ലംഘിച്ച് പണിത പാർട്ടി ഓഫീസുകൾക്ക് അടക്കം ഇനി മുതൽ ഇളവ് ലഭിക്കും.

ഭൂമി പതിവ് നിയമം 1964 ൽ നിർണ്ണായ ഭേദഗതിയാണ് നിയമസഭ ഏകകണ്ഠമായി പാസ്സാക്കിയത്. പട്ടയ ഭൂമിയിൽ വീട് വെക്കാനും കൃഷിക്കും അനുബന്ധ ആവശ്യങ്ങൾക്കും മാത്രമേ ഉപയോഗിനാകൂ എന്ന നിയമമാണ് മാറുന്നത്. ചട്ടം ലംഘിച്ചുള്ള നിർമ്മാണങ്ങൾ ക്രമപ്പെടുത്താൻ ഇനി സർക്കാറിന് അധികാരമുണ്ടാകും. ഭേദഗതി വേണമെന്ന കാര്യത്തിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരേ അഭിപ്രായമായിരുന്നു. ഇടുക്കിയിലെ കർഷകപ്രശ്നം മുൻർനിത്തിയാണ് ഇരു പക്ഷവും ഭേദഗതിയിൽ യോജിച്ചത്. ക്രമപ്പെടുത്തൽ നടപടികൾ ഉദ്യോഗസ്ഥരുടെ വിവേചനമാക്കുന്നതിലെ ആശങ്ക ഉന്നയിച്ച ശേഷമാണ് പ്രതിപക്ഷം ബില്ലിനെ പിന്തുണച്ചത്.

Signature-ad

പട്ടയഭൂമിയിലെ വാണിജ്യ കെട്ടിടങ്ങൾ മുതൽ പാർട്ടി ഓഫീസുകൾ വരെ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ നിയമപരമായ നിർമിതികളാകും. ഭൂമി കാർഷിക ഇതര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും സാധിക്കും. ചർച്ചക്കിടെ ഇടുക്കിയിൽ ഭൂമി കയ്യേറിയെന്ന ആക്ഷേപം ശരിയല്ലെന്ന് എംഎം മണി പറഞ്ഞു. വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ ക്രമവത്ക്കരിക്കുന്നതിൽ എന്താണ് തെറ്റെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു.

ഇടുക്കി ഭൂമി പ്രശ്നം വഷളാക്കിയത് വിഎസിന്റെ മൂന്ന് പൂച്ചകളാണെന്ന് രമേശ് ചെന്നിത്തലയും തിരുവഞ്ചൂർ രാധാകൃഷ്ണനും പരിഹസിച്ചു. ചട്ടങ്ങൾ രൂപീകരിക്കുന്നതിൽ അതീവ ജാഗ്രത പാലിച്ചില്ലെങ്കിൽ നിയമ ഭേദഗതി ദുരുപയോഗം ചെയ്യപ്പെടാനും കോടതി കയറാനും സാധ്യതയുണ്ട്. സഭ പാസ്സാക്കിയെങ്കിലും ഗവർണ്ണർ ബില്ലിൽ ഒപ്പിട്ടാൽ മാത്രമേ പുതിയ ഭേദഗതി നിലവിൽ വരികയുള്ളൂ.

Back to top button
error: