ബംഗളൂരു: യാത്രയ്ക്കിടെ ഓട്ടോഡ്രൈവര്‍ വഴി തിരിച്ചുവിടുന്നതായി സംശയം തോന്നിയതിനെത്തുടര്‍ന്ന് ഓട്ടോയില്‍നിന്ന് ചാടിയ മലയാളിയുവതിക്ക് പരിക്കേറ്റു. ബെംഗളൂരുവില്‍ ഡേറ്റാ അനലിസ്റ്റായ 24-കാരിക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം മഹാദേവപുര പോലീസ് സ്റ്റേഷന്‍ പരിധിയിലെ പൈ ലേഔട്ടിലായിരുന്നു സംഭവം. വലതുകൈക്കും ഇടുപ്പിനും പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സതേടി. ഡോക്ടര്‍മാര്‍ നാലാഴ്ച വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.
പ്രശാന്ത് ലേഔട്ടില്‍ ഹോപ്പ്ഫാമിനു സമീപം പേയിങ് ഗസ്റ്റായി താമസിച്ചുവരുകയാണ് യുവതി. ബി. നാരായണപുരയില്‍നിന്ന് വിജിനപുര ബൃന്ദാവന്‍ ലേഔട്ടിലേക്കാണ് യുവതി ഓട്ടോ വിളിച്ചത്. യാത്രയ്ക്കിടെ ഡ്രൈവര്‍ ഗൂഗിള്‍ മാപ്പില്‍ കാണിക്കുന്ന വഴി ഒഴിവാക്കി വേറെ വഴിക്കുപോയി.
വാഹനങ്ങളോ ആള്‍ക്കാരോ ഇല്ലാത്ത വഴിയിലൂടെയാണ് പോയത്. ഇതില്‍ ദുരൂഹതതോന്നിയ യുവതി ഡ്രൈവറോട് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ വേഗത്തില്‍ ഓടിച്ചുപോയി. ഇതേത്തുടര്‍ന്ന് യുവതി റോഡിലേക്ക് ചാടുകയായിരുന്നു. ഡ്രൈവര്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് ആശുപത്രിയില്‍ ജോലിചെയ്യുന്ന സഹോദരിയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സമീപപ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഓട്ടോയുടെ നമ്പര്‍ വ്യക്തമായില്ല.