CrimeNEWS

‘എക്‌സ്‌പോര്‍ട്ട്’ ബിസിനസില്‍ ‘എക്‌സ്‌പേര്‍ട്ട്’ ആക്കാമെന്ന് വാഗ്ദാനം; കുടുംബശ്രീപ്രവര്‍ത്തകരില്‍നിന്ന് പണം തട്ടിയവര്‍ പിടിയില്‍

കൊച്ചി: കയറ്റുമതി (എക്‌സ്‌പോര്‍ട്ട്) വ്യാപാരം പഠിപ്പിച്ച് ലൈസന്‍സ് എടുത്തുകൊടുക്കാമെന്നും ഉത്പന്നങ്ങള്‍ വിദേശത്തേക്ക് അയയ്ക്കാമെന്നും പറഞ്ഞ് കുടുംബശ്രീ ജീവനക്കാരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവാവും യുവതിയും അറസ്റ്റില്‍. കടവന്ത്ര കെ.പി. വള്ളോന്‍ റോഡിലെ വാണിജ്യ സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കോട്ടോളാസ് ഗ്രൂപ്പ് ഓഫ് ബിസിനസ് സ്ഥാപന ഉടമ ചോറ്റാനിക്കര ദര്‍ശന എന്‍ക്ലേവില്‍ താമസിക്കുന്ന പി.കെ. സബിന്‍ രാജ് (33), സഹായി എളംകുളം പുതുക്കാട് വീട്ടില്‍ വൃന്ദ (39) എന്നിവരെയാണ് കൊച്ചി സിറ്റി സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിനിരയായ മൂന്നാറിലെ കുടുംബശ്രീ വനിതകള്‍ പ്രതികളെ തടഞ്ഞുവെക്കുകയും മൂന്നാര്‍ പോലീസ് മുഖാന്തരം ഇവരെ സൗത്ത് പോലീസിന് കൈമാറുകയുമായിരുന്നു.

കയറ്റുമതി വ്യാപാരം നടത്തുന്നതിനുള്ള പരിശീലനം തരാമെന്നും ബിസിനസ് ഡീല്‍ സംഘടിപ്പിച്ചുതരാമെന്നും പറഞ്ഞ് മൂന്നാര്‍ സ്വദേശി ജിതിന്‍ മാത്യുവിന്റെ പക്കല്‍നിന്ന് 2.14 ലക്ഷം രൂപ വാങ്ങി ചതിച്ചതിനാണ് അറസ്റ്റ്. ടീഷര്‍ട്ട് കയറ്റുമതി വ്യാപാരം ചെയ്യാന്‍ അവസരമൊരുക്കാമെന്ന് പറഞ്ഞായിരുന്നു ഇവര്‍ പണം വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. പ്രധാനമന്ത്രിയുടെയും വാണിജ്യ മന്ത്രിയുടെയും ഫോട്ടോകള്‍ അച്ചടിച്ച ബുക്കുമായി കേന്ദ്രസര്‍ക്കാര്‍ സംരംഭമെന്ന നിലയിലായിരുന്നു പ്രവര്‍ത്തനം.

മൂന്നാറില്‍ നിര്‍ധനരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് പ്രതികള്‍ കയറ്റുമതി വ്യാപാരത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ക്ലാസെടുത്തിരുന്നു. നേരത്തേ പണം നല്‍കി കബളിപ്പിക്കപ്പെട്ടവര്‍ സംഭവം അറിഞ്ഞ് ക്ലാസ് നടക്കുന്ന സ്ഥലത്തെത്തി ഇരുവരെയും തടഞ്ഞു. സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് ഇരുവരെയും മൂന്നാര്‍ സ്റ്റേഷനിലെത്തിച്ച് സൗത്ത് പോലീസിന് കൈമാറുകയായിരുന്നു.

മൂന്നാറില്‍ 37 സ്ത്രീകളില്‍ നിന്നായി 10 ലക്ഷം രൂപയും എറണാകുളത്തും പരിസര പ്രദേശങ്ങളില്‍നിന്ന് പത്തോളം പേരില്‍ നിന്ന് 25 ലക്ഷം രൂപയും തട്ടിയെടുത്തിട്ടുണ്ടെന്നും കേരളത്തിലെമ്പാടും പ്രതികള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നുമാണ് പ്രാഥമിക വിവരമെന്നും പോലീസ് പറഞ്ഞു.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: