NEWSWorld

ദീര്‍ഘദൂര കുതിരയോട്ടത്തില്‍ ചരിത്രം, ഇന്‍ഡ്യയ്ക്ക്  അഭിമാനമായി മലപ്പുറംകാരിയായ നിദ

   ലോകത്തിലെ ഏറ്റവും പ്രശസ്ത കുതിരയോട്ട മത്സരമായ വേള്‍ഡ് എന്‍ഡ്യൂറന്‍സ് ചാംപ്യന്‍ഷിപ് വിജയകരമായി പൂര്‍ത്തിയാക്കി മലയാളികളുടെ അഭിമാനമായി മാറിയിരിക്കുന്നു മലപ്പുറത്തുകാരി നിദ അന്‍ജും. ലോക ദീര്‍ഘ ദൂര കുതിരയോട്ടത്തിലാണ് മലപ്പുറം കല്‍പകഞ്ചേരി ഡോ. അന്‍വര്‍ അമീന്റെ മകള്‍ നിദ ചരിത്രം കുറിച്ചത്. ഇത് ചെറിയ കാര്യമല്ല വേള്‍ഡ് എന്‍ഡ്യുറന്‍സ് ചാംപ്യന്‍ഷിപ് വിജയകരമായി പൂര്‍ത്തീകരിച്ച ആദ്യ ഇന്‍ഡ്യക്കാരി എന്ന നേട്ടമാണ് ഈ മിടുക്കി കുതിരപ്പുറത്തേറി സ്വന്തമാക്കിയത്.

ഫ്രാന്‍സിലെ കാസ്റ്റല്‍സെഗ്രാറ്റ് നഗരത്തില്‍ ആണ് മത്സരം നടന്നത്. മലപ്പുറം തിരൂരില്‍ ജനിച്ച നിദ അന്‍ജും യുവ റൈഡര്‍മാര്‍ക്കായി നടത്തുന്ന ഇക്വസ്ട്രിയന്‍ വേള്‍ഡ് എന്‍ഡുറന്‍സ് ചാംപ്യന്‍ഷിപിലാണ് ഇന്‍ഡ്യയെ പ്രതിനിധീകരിച്ച് നിദ ചരിത്രം തീര്‍ത്തത്. നിദ ചാംപ്യന്‍ഷിപ് ഫിനിഷ് ചെയ്തത് 7.29 മണിക്കൂര്‍ മാത്രം സമയം എടുത്താണ്. 25 രാജ്യങ്ങളില്‍ നിന്നുള്ള 70 മത്സരാര്‍ഥികള്‍ ഉള്‍പെടുന്ന ചാംപ്യന്‍ഷിപില്‍ എപ്‌സിലോണ്‍ സലോ എന്ന കുതിരയ്‌ക്കൊപ്പമാണ് ഫ്രാന്‍സിലെ മത്സരത്തില്‍ നിദ പോരാട്ടത്തില്‍ മുന്നേറിയത്.

ഈ നേട്ടത്തിലൂടെ ഇന്‍ഡ്യയിലെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും കരുത്തുറ്റ മാതൃകയാകാന്‍ മലപ്പുറംകാരിയായ നിദക്ക് കഴിഞ്ഞിരിക്കുന്നുവെന്ന് പി സി സി പ്രസിഡന്റ് കെ സുധാകരന്‍  ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.

കെ സുധാകരന്റെ ഫേസ്ബുക് കുറിപ്പ്:

“ലോകത്തിലെ ഏറ്റവും പ്രശസ്ത കുതിരയോട്ട മത്സരമായ വേള്‍ഡ് എന്‍ഡ്യുറന്‍സ് ചാമ്പ്യന്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച ആദ്യ ഇന്ത്യക്കാരി എന്ന നേട്ടത്തിന് മലപ്പുറം കല്‍പകഞ്ചേരി ഡോ. അന്‍വര്‍ അമീന്റെ മകള്‍ നിദ അന്‍ജും അര്‍ഹയായിരിക്കുന്നു.

ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ട് ഒരാള്‍ ഈയൊരു ഇനത്തില്‍ പങ്കെടുക്കുന്നത്. ആദ്യ മത്സരത്തില്‍ തന്നെ വിജയകരമായി റേസ് പൂര്‍ത്തീകരിക്കാന്‍ സാധിച്ചു എന്നത് ഇരട്ടി മധുരമാണ്. ഈ നേട്ടത്തിലൂടെ ഇന്ത്യയിലെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും കരുത്തുറ്റ മാതൃകയാകാന്‍ മലപ്പുറംകാരിയായ നിദക്ക് കഴിഞ്ഞിരിക്കുന്നു.”

Back to top button
error: