ദില്ലി: അന്തരിച്ച എംഎൽഎയുടെ മകനെ ത്രിപുരയിലെ ബോക്സാനഗർ നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കി സിപിഎം. ഇതിന് പിന്നാലെ പരിഹാസവുമായി യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ രംഗത്തെത്തി. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെ സ്ഥാർത്ഥിയാക്കിയതിൽ കുടുംബ ക്വാട്ട എന്നടക്കമുള്ള പരിഹാസം ഉന്നയിച്ച ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പാണ് ഇതെന്ന് ഷാഫി ചൂണ്ടിക്കാണിക്കുന്നു. സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം നടക്കുന്നതിനിടയിലാണ് ത്രിപുരയിലെ സ്ഥാനാർത്ഥി നിർണയ വാർത്തയെത്തുന്നത്.
‘കേവലം ഒരു ഉപതെരഞ്ഞെടുപ്പല്ല ജനാധിപത്യം വീണ്ടെടുക്കുവാനുള്ള പോരാട്ടം എന്ന് ത്രിപുരയിലെ സിപിഎം വിശേഷിപ്പിക്കുന്ന ബക്സനഗർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. നിലവിലെ എംഎൽഎ ആയിരുന്ന ജൂലൈ 19ന് അന്തരിച്ച ഷംസുൽ ഹഖിന്റെ മകൻ മിസാൻ ഹുസൈൻ. ചുമ്മാ പറഞ്ഞൂന്ന് മാത്രം’- എന്നാണ് ഷാഫി പറമ്പിൽ കുറിച്ചിരിക്കുന്നത്.
അസംബ്ലി മണ്ഡലങ്ങളിൽ സെപ്റ്റംബർ അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ കഴിഞ്ഞ ദിവസമാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി പ്രഖ്യാപിച്ചത്. ത്രിപുരയിൽ രണ്ട് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ധൻപൂരിലും ബോക്സാനഗറിലും. ധൻപൂരിൽ കൗശിക് ചന്ദയും ബോക്സാനഗറിൽ മിസാൻ ഹുസൈനുമാണ് ഇടതുമുന്നണി സ്ഥാനാർത്ഥികൾ.
സിപിഎം എംഎൽഎ ഷംസുൽ ഹഖിന്റെ മരണത്തെ തുടർന്നാണ് ബോക്സാനഗർ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അദ്ദേഹത്തിന്റെ മകനാണ് മിസാൻ ഹുസൈൻ. രണ്ട് മണ്ഡലങ്ങളിലെയും പൊതു പ്രതിപക്ഷ സ്ഥാനാർത്ഥികളെ നിർണയിക്കാൻ സിപിഎമ്മും സഖ്യകക്ഷിയായ കോൺഗ്രസും നേരത്തെ ടിപ്ര മോതയെ സമീപിച്ചിരുന്നു. സഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ മൂന്ന് പാർട്ടികളുടെയും നേതാക്കൾ യോഗം ചേരുകയും ചെയ്തു.
പാർട്ടിയുടെ ഉന്നത സമിതി വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് ടിപ്ര നേതാവും പ്രതിപക്ഷ നേതാവുമായ അനിമേഷ് ദേബ്ബർമ പിന്നീട് അറിയിക്കുകയും ചെയ്തു. എന്നാൽ തീരുമാനം വൈകിയതോടെ സിപിഎം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നു. ടിപ്രയിൽ നിന്ന് പിന്തുണ സ്വീകരിക്കാൻ താൽപ്പര്യമുണ്ടായിരുന്നു എന്നും, പ്രാദേശിക പാർട്ടിയുടെ തീരുമാനത്തിനായി കാത്തിരിക്കാനാവില്ലെന്നും സിപിഎം നേതാക്കൾ വ്യക്തമാക്കുകയായിരുന്നു. ഇടത് സ്ഥാനാർത്ഥികൾ ഓഗസ്റ്റ് 16 -ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും അവർ അറിയിച്ചു.