കൊച്ചി: സാമ്പത്തിക തട്ടിപ്പിന് ഇരയായ വിദേശ വനിത മടങ്ങിപ്പോകാനുള്ള പണം പോലുമില്ലാതെ ദുരിതത്തില്‍. ബ്രിട്ടനില്‍ നിന്നുള്ള സാറ പെനിലോപ് കോക്ക് (75) എന്ന വയോധികയാണ് പള്ളുരുത്തി സ്വദേശിക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുള്ളത്. ഏഴര കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി 2007 ല്‍ ലണ്ടനില്‍ നിന്ന് കേരളത്തിലെത്തിയ സാറയും ഭര്‍ത്താവും മൃഗസംരക്ഷണം ദൗത്യമാക്കിയാണ് പ്രവര്‍ത്തനം തുടങ്ങിയത്.
തെരുവ് നായ്ക്കള്‍ക്ക് അഭയ കേന്ദ്രമൊരുക്കാന്‍ മാഡ് ടോഗ് ട്രസ്റ്റ് രൂപീകരിച്ച് ഇവര്‍ പ്രവര്‍ത്തനം വിപുലമാക്കി. മൂന്ന് വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് മരിച്ചെപ്പോഴും സാറ വിസ പുതുക്കി കൊച്ചിയില്‍ത്തന്നെ തുടര്‍ന്നു. ഇതിനിടെ ലണ്ടനിലെ വീട് നല്ല തുകയ്ക്ക് വിറ്റു. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത പള്ളുരുത്തി സ്വദേശി യാഹിയ ഖാലിദ് സാറയില്‍ നിന്ന് പണം കൈക്കലാക്കുകയായിരുന്നു. ബാങ്കിടപാടിലൂടെയാണ് പണം കൈമാറിയത്. ഒന്‍പത് വര്‍ഷം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത പലിശയോ നല്‍കിയ പണമോ തിരിച്ചു കിട്ടിയില്ലെന്നാണ് സാറയുടെ പരാതി. പണം തിരികെ കിട്ടാന്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
ഇതിനിടെ പോലീസ് ഇടപെട്ട് ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് യാഹിയ ഖാലിദ് പാലിച്ചതുമില്ല. വിസ കാലാവധി തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പുതുക്കാന്‍ പോലും ഇവരുടെ കയ്യില്‍ ചില്ലിക്കാശില്ല. ഹോംസ്റ്റേയിലെ താമസം പോലും കടം വാങ്ങിയാണ്. വിദേശ വനിതയുടെ പരാതിയില്‍ കേസെടുക്കുമെന്ന് ഫോര്‍ട്ട് കൊച്ചി പോലീസ് അറിയിച്ചു. പണം തിരികെ കിട്ടിയാലും നാട്ടില്‍പ്പോയ ശേഷം തിരിച്ച് ഫോര്‍ട്ട് കൊച്ചിയിലെത്തണമെന്ന് തന്നെയാണ് സാറയുടെ മോഹം. ഈ നാടും ഇവിടുത്തെ മനുഷ്യരും തനിക്ക് അത്രത്തോളം പ്രിയപ്പെട്ടതാണെന്ന് സാറ പറയുന്നത്.