KeralaNEWS

ശത്രുക്കളോട് പോലും ഇങ്ങനൊന്നരുത് കെ.എസ്.ഇ.ബി! ഹൈടെന്‍ഷന്‍ ലൈനിനു കീഴിലെ വാഴത്തോട്ടം വെട്ടിനശിപ്പിച്ചത് ഉടമയെ അറിയിക്കാതെ

എറണാകുളം: യുവകര്‍ഷന്റെ വാഴത്തോട്ടം വെട്ടിനശിപ്പിച്ച് കെ.എസ്.ഇ.ബി. അധികൃതര്‍. ഹൈടെന്‍ഷന്‍ ലൈനിനു കീഴില്‍ കൃഷി ചെയ്തിരുന്ന, വാരപ്പെട്ടി ഇളങ്ങവം കാവുംപുറത്ത് അനീഷിന്റെ കുലച്ചത് ഉള്‍പ്പെടെ 406 വാഴകളാണ് കെ.എസ്.ഇ.ബി. അധികൃതര്‍ ഉടമയെ അറിയിക്കാതെ വെട്ടിമാറ്റിയത്.

അനീഷിന്റെ സ്വന്തം സ്ഥലത്ത് ഹൈടെന്‍ഷന്‍ ലൈനിന് കീഴില്‍ കൃഷി ആരംഭിച്ചപ്പോള്‍ മുന്നറിയിപ്പ് നല്‍കാത്ത കെ.എസ്.ഇ.ബി., കുലകള്‍ വെട്ടാറായ സമയത്ത് ഇവ നശിപ്പിച്ചത് മനഃപൂര്‍വമാണെന്നാണു കര്‍ഷകര്‍ ആരോപിച്ചു. ലൈനു താഴെ അസ്ഥിര കൃഷികള്‍ ചെയ്യാമെന്നിരിക്കെ ഇതിന് പിന്നില്‍ അധികൃതരുടെ ധാര്‍ഷ്ട്യമാണെന്നും കര്‍ഷകര്‍ പറയുന്നു.

Signature-ad

എന്നാല്‍, മുന്നറിയിപ്പ് നല്‍കിയതാണെന്നാണ് കെ.എസ്.ഇ.ബി. അധികൃതര്‍ പറയുന്നത്. മൂലമറ്റത്ത് നിന്നെത്തിയ സംഘമാണ് വാഴകള്‍ വെട്ടിമാറ്റിയതെന്നാണ് അറിയുന്നത്. തോട്ടത്തിലെ വാഴകളിലൊന്ന് ലൈനില്‍ മുട്ടിയത് മൂലം ലൈനില്‍ തകരാറുണ്ടായതാണ് ഇവര്‍ പറയുന്നത്.

സംഭവത്തില്‍ വിശദീകരണം തേടിയതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. കൃഷി മന്ത്രിയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയുടെ പുരോഗതിക്ക് ഒട്ടനവധി പദ്ധതികള്‍ പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്ന കൃഷി വകുപ്പിനെയും സര്‍ക്കാരിനെയും ഇകഴ്ത്തി കാണിക്കുവാനാണോ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ടോമി കെ. തോമസ് അഭിപ്രായപ്പെട്ടു.

ഒരു മാസം കൂടി കഴിഞ്ഞിരുന്നെങ്കില്‍ കുലകള്‍ മൂപ്പെത്തി വില്‍ക്കുവാന്‍ പാകമാകുമായിരുന്നു. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍, ഉയര്‍ന്ന് നിന്ന വാഴക്കൈകള്‍ കര്‍ഷകന്‍ തന്നെ വെട്ടിമാറ്റുമായിരുന്നുവെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

 

 

 

Back to top button
error: