KeralaNEWS

ഇംഗ്ലീഷ് പഠിപ്പിക്കാന്‍ അധ്യാപകരില്ല; പിഎസ്‌സി റാങ്ക് പട്ടിക നോക്കുകുത്തി, 432 സ്‌കൂളുകളില്‍ നിയമനവുമില്ല

കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഇംഗ്ലീഷ് ടീച്ചര്‍മാര്‍ വേണമെന്ന ഹൈക്കോടതി ഉത്തരവിന് പുല്ലുവില. ബഹുഭൂരിപക്ഷം സര്‍ക്കാര്‍ ഹൈസ്‌കൂളിലും മറ്റ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരാണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. പുതിയ റാങ്ക് പട്ടികയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍.

ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്ക് പോലും ഇംഗ്ലീഷ് ഭാഷ വഴങ്ങുന്നില്ലെന്നതാണ് കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ പ്രധാന പോരായ്മകളിലൊന്ന്. നമ്മുടെ സ്‌കൂളുകളില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഇംഗ്ലീഷ് അധ്യാപകരില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കേരളത്തിലെ 413 സര്‍ക്കാര്‍ ഹൈസ്‌കൂളുകളടക്കം, 642 സ്‌കൂളുകളിലും ഇംഗ്ലീഷ് അധ്യാപകരില്ല. മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരെ ഇംഗ്ലീഷ് പിരീഡുകള്‍ക്കായി നിയോഗിക്കുന്നതാണ് പതിവ്. പുതിയ തസ്തിക സൃഷ്ടിച്ച് ഒഴിവുകള്‍ നികത്തണമെന്ന ഹൈക്കോടതി ഉത്തരവ് വന്ന് രണ്ട് വര്‍ഷം ആകാറായിട്ടും സര്‍ക്കാര്‍ അനങ്ങിയിട്ടില്ല.

Signature-ad

ഇംഗ്ലീഷ് അധ്യാപകരില്ലാത്തതാണ് ഭാഷ പഠിക്കുന്നതില്‍ കുട്ടികളുടെ നിലവാരത്തകര്‍ച്ചയ്ക്ക് കാരണമെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ഇംഗ്ലീഷ് അധ്യാപകരുടെ കഴിഞ്ഞ പിഎസ്‌സി റാങ്ക് പട്ടികയെ നോക്കുകുത്തിയാക്കിയായിരുന്നു സ്‌കൂളുകളിലെ നിയമനങ്ങള്‍. ഉത്തരവ് നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹര്‍ജിയില്‍ വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഈ മാസം 16 ന് ഹാജരാകണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

 

Back to top button
error: