നമ്മുടെ അടക്കം പറച്ചിലിൽ പിടിച്ചുപറിക്കാരായി മാത്രം ചിത്രീകരിക്കപ്പെടാറുള്ള ഒരു കൂട്ടരും ഇവർ തന്നെയാണ്.
രാവന്തിയോളം പാതയോരത്ത് വെയിൽ കൊണ്ട് കിടന്ന് ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നവന്റെ അതിജീവനശ്രമങ്ങളെയാണ് നമ്മൾ പലപ്പോഴും പിടിച്ചു പറിക്കാറായി ചിത്രീകരിക്കുന്നത്.ഓലയ്ക്കും, ഷീ ടാക്‌സിക്കും, മേരുവിനും ഉബറിനുമെല്ലാം മുൻപ് നമുക്കാകെയുണ്ടായിരുന്ന ആശ്രയമായിരുന്നു ഓട്ടോറിക്ഷകൾ.ഇന്നും ഗ്രാമങ്ങളുടെ യാത്രയെ സാധ്യമാക്കുന്നതിൽ ഓട്ടോറിക്ഷകളോളം പങ്ക് മറ്റൊരു വാഹനത്തിനും അവകാശപ്പെടാൻ കഴിയില്ല.
ഇന്ത്യയടക്കമുള്ള മൂന്നാം ലോകരാജ്യങ്ങൾ വളർച്ചയുടെ പാതയിലേക്ക് സഞ്ചരിച്ചത് ഓട്ടോറിക്ഷകൾ പോലെയുള്ള ചെറുവാഹനങ്ങളിൽ കയറിയായിരുന്നു.
.
ദക്ഷിണേഷ്യയിലെമ്പാടും നമ്മളിന്നു കാണുന്ന ഓട്ടോറിക്ഷകളുടെ ഡിസൈൻ വരുന്നത് 1957ൽ പുറത്തിറങ്ങിയ ദെയ്ഹാട്‌സു മിഡിജെറ്റ് എന്ന ത്രീ വീലർ മിനി ട്രക്കിൽ നിന്നാണെന്നു പറയാം.ഇതിനു മുൻപ് സൈക്കിൾ റിക്ഷകളായിരുന്നു നിരത്തുകളിലുണ്ടായിരുന്നത്.എന്തായാലും തുടക്കം മുതൽ ഇതുവരെ ഓട്ടോറിക്ഷയുടെ ഡിസൈനിൽ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ലെന്നു പറയാം.ലോകത്തിലെ ഏറ്റവും ജനപ്രിയ വാഹന ഡിസൈനുകളിലൊന്നായി ഓട്ടോറിക്ഷകൾ ഇപ്പോഴും നിലകൊള്ളുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല പേരുകളിൽ ഓട്ടോറിക്ഷകൾ ഓടുന്നുണ്ട്. ടുക് ടുക്, ബേബി ടാക്‌സി, മോട്ടോടാക്‌സി, ലാപ, സമോസ, ടുക്‌സി തുടങ്ങി രസകരമായ നിരവധി പേരുകളുണ്ട് ഓട്ടോറിക്ഷയ്ക്ക്. മധ്യേഷ്യ, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, കരീബിയൻ ദ്വീപുകൾ, മധ്യ അമേരിക്ക തുടങ്ങിയ ഇടങ്ങളിലെല്ലാം ഈ വാഹനത്തിന്റെ സാന്നിധ്യമുണ്ട്.
വളരെ കുറഞ്ഞ വിലയിൽ ലഭിക്കുന്ന മികച്ചൊരു ജീവിതോപാധിയായിട്ടാണ് ഓട്ടോറിക്ഷകളെ മിക്കവാറും ആളുകൾ കാണുന്നത്.
സ്വയംതൊഴിലെന്ന അഭിമാനമാായിരുന്നു ആ മുച്ചക്ര വാഹനം.അടിക്കടി ഉണ്ടാവുന്ന ഇന്ധന വിലവര്‍ധനയും ഗ്രാമീണ റോഡുകളുടെ തകര്‍ച്ചയും സ്പെയര്‍പാര്‍ട്ടുകളുടെ നിയന്ത്രണാതീതമായ വിലക്കയറ്റവും ഗതാഗത നിയമങ്ങളിലെ ഭേദഗതികളും ഇന്‍ഷുറന്‍സ് പോളിസിയുടെ നിരക്ക് വര്‍ധനയും എല്ലാം ഈ തൊഴില്‍ രംഗത്തെ ഇന്ന് നിരന്തരം പ്രതിസന്ധിയിലാക്കുന്നു.
യുവാക്കളുടെ ആകര്‍ഷകമായ തൊഴിലിടമായിരുന്നു എന്നും ഓട്ടോറിക്ഷ പ്രസ്ഥാനം. ഇന്ന് യുവതികളും ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ട്. സ്വതന്ത്രമായി ജോലി ചെയ്യാന്‍ കഴിയുന്ന തൊഴില്‍ മേഖല എന്ന നിലയില്‍ ഇതിനുള്ള സ്വീകാര്യത തന്നെയായിരുന്നു അതിന്റെ കാരണം. സ്വന്തമായി ഓട്ടോ വാങ്ങാന്‍ സാമ്ബത്തികസ്ഥിതിയില്ലാത്തവര്ക്ക് ഡ്രൈവര്‍മാരായി ജോലി ചെയ്യാനും അവസരമുണ്ടായിരുന്നു.എന്നാല്‍, പലവിധ പ്രതിസന്ധികള്‍ നേരിടുന്നതു വഴി ഇന്ന് ഈ തൊഴില്‍ മേഖലയെയും ആകർഷമല്ലാതായിട്ടുണ്ട്.
നാലുലക്ഷം രൂപവേണം ഇപ്പോള്‍ ഒരു പുതിയ ഓട്ടോ വാങ്ങാന്‍.കൂടാതെ അടിക്കടിയുള്ള ഇന്ധന വിലവർധന..ആദ്യമൊക്കെ പ്രകൃതിവാതകം മറ്റ് ഇന്ധനത്തെക്കാള്‍ ലാഭകരമായിരുന്നു.എന്നാല്‍, ഇപ്പോള്‍ മറ്റ് ഇന്ധനത്തിന് ഒപ്പംതന്നെ പ്രകൃതി വാതകത്തിന്റെ വിലയും ചേര്‍ന്നു പോകുന്നുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. യന്ത്രത്തകരാര്‍ വന്നാല്‍ റിപ്പയര്‍ ചെയ്യാന്‍ ഓട്ടോ കമ്ബനിയില്നിന്നുള്ള മെക്കാനിക് എത്തണം എന്നതാണ് മറ്റൊരു പ്രശ്നം. ഇതിലൂടെയുണ്ടാകുന്ന കാലതാമസം ഓട്ടം മുടക്കും.പുതിയ ഓട്ടോകളുടെ സ്പെയര്പാര്ട്ടിന്റെ വിലയും ദൗര്‍ലഭ്യവും തൊഴിലാളികളെ കഷ്ടപ്പെടുത്തുന്നു.അതേപോലെ ഒരു ജില്ലയില്‍ ഓടുന്ന ഓട്ടോറിക്ഷകള്‍ മറ്റ് ജില്ലകളിലേക്ക് ഓടാന്‍ പാടില്ലെന്ന നിയമം അപരിഷ്കൃതമാണെന്നും തൊഴിലാളികള്‍ പറയുന്നു.മറ്റ് ജില്ലകളിലേക്കുകൂടി ഓടാനുള്ള അനുവാദം നിയമഭേദഗതികളിലൂടെ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
മറ്റൊന്നാണ് പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പിഴിച്ചിൽ.ഇവരിൽ നിന്ന് പിഴ ലഭിക്കാത്ത ഒരു ദിവസം പോലും ഓട്ടോക്കാരുടെ ജീവിതത്തിൽ ഉണ്ടാകാൻ സാധ്യതയില്ല.അതേപോലെ റേഡിയോ കാബുകളുടെ വരവും ഓട്ടോറിക്ഷകളെ ബാധിച്ചിട്ടുണ്ട്.എങ്കിലും മഹാഭൂരിപക്ഷവും ഇന്നും ഓട്ടോറിക്ഷകളെയാണ് കൂടുതൽ ആശ്രയിക്കുന്നത്.രാജ്യത്തിന്റെ ഇടുങ്ങിയ തെരുവുകൾക്ക് ഏറ്റവും അനുയോജ്യം ഓട്ടോകൾ തന്നെയാണ് എന്നതാണ് അതിന്റെ കാരണം.പക്ഷെ ഇടുങ്ങിയ മനസ്സോടെ യാത്ര ചെയ്യാൻ വരുന്നവരാണ് ഓട്ടോ തൊഴിലാളികളുടെ എന്നത്തേയും പ്രശ്നം!