IndiaNEWS

അനില്‍ ആന്റണി ബിജെപി ദേശീയ സെക്രട്ടറി; ഉപാധ്യക്ഷനായി അബ്ദുല്ലക്കുട്ടി തുടരും

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍നിന്ന് ബിജെപിയില്‍ എത്തിയ അനില്‍ ആന്റണിയെ പാര്‍ട്ടി ദേശീയ സെക്രട്ടറിയായി നിയമിച്ചു. എപി അബ്ദുല്ലക്കുട്ടി ദേശീയ ഉപാധ്യക്ഷനായി തുടരും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയാണ് പുതിയ നിയമനങ്ങള്‍ നടത്തിയത്.

ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി കാര്യമായ മാറ്റങ്ങള്‍ ഇല്ലാതെ ബിജെപി സംഘടനാ സംവിധാനം തുടരുമെന്നാണ് പുതിയ നിയമനങ്ങള്‍ നല്‍കുന്ന സൂചന. മൂന്നു ദേശീയ ഉപാധ്യക്ഷന്മാരെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എട്ടു ജനറല്‍ സെക്രട്ടറിമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ കേരളത്തില്‍നിന്ന് ആരുമില്ല. ദേശീയ സെക്രട്ടറിമാരുടെ പട്ടികയിലാണ് അനില്‍ ആന്റണി ഇടംപിടിച്ചത്. സംഘടനാ ജനറല്‍ സെക്രട്ടറിയായി ബിഎല്‍ സന്തോഷ് തുടരുമെന്നും പാര്‍ട്ടി അറിയിച്ചു. സഹ ജനറല്‍ സെക്രട്ടറിയായി ശിവപ്രകാശിനെ നിയമിച്ചിട്ടുണ്ട്.

Signature-ad

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനായ അനില്‍ ആന്റണി ഏപ്രിലിലാണ് ബിജെപിയില്‍ ചേര്‍ന്നത്. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്റുമായിരുന്നു അനില്‍ ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചാണ് കോണ്‍ഗ്രസുമായി തെറ്റിയത്. തുടര്‍ന്ന് പദവികളെല്ലാം രാജിവച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്.

 

Back to top button
error: