തിരുവനന്തപുരം: വ്യാജ പാസ്പോര്‍ട്ടുമായി ഇസ്രയേലില്‍ ജോലിക്കായി എത്തിയ യുവാവിനെ തിരികെ അയച്ചു. പിന്നാലെ ഡൽഹിയിൽ എത്തിയ ഇയാളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം ഇരവിപുരം സ്വദേശിയായ അലക്സ് സിറില്‍ എന്നയാളെയാണ് ഇസ്രയേലില്‍ നിന്ന് തിരികെ അയച്ചത്. തിരികെ ദില്ലിയില്‍ എത്തിയ ഇയാളെ ദില്ലി പൊലീസ് പിടികൂടുകയായിരുന്നു.ഇയാൾക്ക് വ്യാജ പാസ്പോര്‍ട്ട് നിര്‍മ്മിച്ച് നല്‍കിയ മലയിന്‍കീഴ് വിളവൂര്‍ക്കല്‍ ഈഴക്കോട് ദാമോദര്‍ നഗറില്‍ ജോനില്‍ വീട്ടില്‍ എ സുനില്‍ (53) നെയും ദില്ലി പൊലീസ് പിടികൂടി.
നേരത്തെ വിദേശത്തായിരുന്ന അലക്സ് സിറിലിന്റെ പാസ്പ്പോര്‍ട്ട് വിവരങ്ങള്‍ മറച്ചു വച്ചായിരുന്നു സുനില്‍ പുതിയ പാസ്പ്പോര്‍ട്ട് നിർമ്മിച്ച് നല്‍കിയത്.കൊല്ലം ഇരവിപുരം അലക്സ് കൊട്ടേജില്‍ അലക്സ് സിറില്‍ എന്ന വിലാസം മാറ്റി പൂന്തുറ മേല്‍വിലാസത്തിലാണ് ഇസ്രയേലില്‍ പോകാൻ പുതിയ പാസ്പ്പോര്‍ട്ട് ഇയാൾ ഉണ്ടാക്കി നല്‍കിയത്.
മലയിൻകീഴ് പൊലീസിൻറെ സഹായത്താലായിരുന്നു അറസ്റ്റ്.ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.