തിരുവനന്തപുരം: ഗതാഗതവകുപ്പ് ഒഴികെയുള്ള മറ്റേതെങ്കിലും വകുപ്പിന്റെ മന്ത്രിസ്ഥാനം മതിയെന്ന കേരള കോണ്‍ഗ്രസ് (ബി)യുടെ ആവശ്യം ഗൗനിക്കാതെ ഇടതുമുന്നണി. മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് സി.പി.എമ്മിലോ മുന്നണിയിലോ ചര്‍ച്ചയൊന്നും തുടങ്ങാത്തതിനാല്‍ ആവശ്യം ഉടന്‍ പരിഗണിക്കേണ്ട സാഹചര്യമില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
മന്ത്രിസഭയ്ക്ക് രണ്ടരവര്‍ഷമാകാന്‍ ഇനിയും മാസങ്ങളുണ്ട്. അതിനിടെ പുതുപ്പള്ളി മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പും വന്നേക്കാം. അങ്ങനെയെങ്കില്‍ പുനഃസംഘടനയ്ക്ക് ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞേ സാധ്യതയുള്ളൂ. മാസങ്ങളായി ഇടതുമുന്നണിയുടെ ഭാഗമായി നിന്നുകൊണ്ട് ഭരണത്തിനെതിരേ കെ.ബി. ഗണേഷ്‌കുമാര്‍ വിമര്‍ശനം ഉന്നയിക്കുന്നുമുണ്ട്. ഇതില്‍ അമര്‍ഷമുണ്ടെങ്കിലും സി.പി.എം. പരസ്യമായി മറുപടിയൊന്നും പറഞ്ഞിട്ടില്ല.
അതിനിടെ, ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ സഹോദരന്‍ കലഞ്ഞൂര്‍ മധുവിന്റെ ഒഴിവില്‍ എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡിലേക്ക്
ഗണേഷ്‌കുമാര്‍ വന്നു. എന്‍.എസ്.എസ്. സംഘടനാ സംവിധാനത്തിനുള്ളില്‍പ്പെട്ട കാര്യമാണെങ്കിലും പ്രാദേശികമായി പ്രത്യാഘാതമുണ്ടാക്കുന്നതാണ്. എന്‍.എസ്.എസിന്റെ തണലില്‍ യു.ഡി.എഫ്. പ്രവേശനത്തിനാണ് ഗണേഷ്‌കുമാര്‍ ശ്രമിക്കുന്നതെന്ന പ്രചാരണവും ശക്തമാണ്.
ഗണേഷ്‌കുമാര്‍ വരുന്നതിനോട് കോണ്‍ഗ്രസ് നേതൃത്വം വലിയ ആഭിമുഖ്യം പ്രകടിപ്പിച്ചിട്ടില്ല. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ ബുദ്ധിമുട്ടിക്കുന്നതില്‍ ആര്‍. ബാലകൃഷ്ണപിള്ളയും ഗണേഷ്‌കുമാറും മുന്നിട്ടുനിന്നുവെന്ന പരാതി കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. ഉമ്മന്‍ചാണ്ടി അന്തരിച്ചപ്പോള്‍ താന്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി മൊഴി നല്‍കിയെന്ന ഗണേഷ്‌കുമാറിന്റെ വെളിപ്പെടുത്തലിനെതിരേ ആര്‍.എസ്.പി. നേതാവ് ഷിബു ബേബിജോണടക്കം രംഗത്തുവന്നിരുന്നു.