KeralaNEWS

”വിനായകനെതിരേ കേസ് വേണ്ട; അപ്പ ഉണ്ടായിരുന്നെങ്കിലും ഇതു തന്നെ പറയും”

കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ച സംഭവത്തില്‍ കേസ് എടുക്കേണ്ടെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. പിതാവുണ്ടായിരുന്നെങ്കില്‍ അദ്ദേഹവും ഇതാകും പറയുകയെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. അത് വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മന്‍ ചാണ്ടിയും കാണുകയെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, സംഭവത്തില്‍ വിനായകനെ ഇന്നു പൊലീസ് ചോദ്യം ചെയ്‌തേക്കും.

ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയ്ക്കിടെ ആയിരുന്നു ഫെയ്‌സ്ബുക് ലൈവിലൂടെ വിനായകന്റെ പരാമര്‍ശം. ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്‌സ്ബുക് ലൈവിലെത്തി വിനായകന്‍ പറഞ്ഞത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ നടന്‍ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

Signature-ad

അതേസമയം, വിനായകന്റെ കൊച്ചിയിലെ ഫ്‌ളാറ്റിന് നേരെ ആക്രമണം. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ ലിങ്ക് റോഡിലുള്ള ഫ്‌ലാറ്റിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ ആയിരുന്നു സംഭവം. സംഘം ജനല്‍ച്ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. പോലീസും ഫ്‌ളാറ്റിലെ സുരക്ഷാജീവനക്കാരും ചേര്‍ന്നാണ് ഇവരെ പിടിച്ച് മാറ്റിയത്.

Back to top button
error: