പാലക്കാട് : വാളയാര്‍ മോട്ടോര്‍ വാഹനവകുപ്പ് ചെക്‌പോസ്റ്റില്‍ കൈക്കൂലിപ്പണം കീശയിലാക്കുന്നതിനുപുറമേ നികുതിപ്പണത്തിലും തിരിമറി നടത്തി ഉദ്യോഗസ്ഥര്‍. കഴിഞ്ഞ ദിവസം വകുപ്പിന്റെ ‘ഇന്‍’ ചെക്‌പോസ്റ്റില്‍ വേഷംമാറിയെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൗണ്ടറില്‍ ലോറിക്കാര്‍ നല്‍കിയ 10,200 രൂപ കൈക്കൂലി പിടികൂടി. തുടര്‍ന്നുള്ള പരിശോധനയിലാണ് രശീതി നല്‍കി സര്‍ക്കാരിലേക്ക് ഈടാക്കിയ പണത്തില്‍ 31,500 രൂപയുടെ കുറവും കണ്ടെത്തിയത്. കൈക്കൂലിപ്പണം കൗണ്ടറില്‍ നിറയുമ്പോള്‍ എടുത്തുമാറ്റുന്നതിനിടെ കണക്കില്‍പ്പെട്ട പണവും മാറ്റിയതാകാമെന്ന് കരുതുന്നു.
കേരളത്തിലേക്കു വരുന്ന ചരക്കുവാഹനങ്ങളിലെ ഡ്രൈവര്‍മാരില്‍നിന്ന് കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് വിജിലന്‍സ് ഡിവൈ.എസ്.പി. എസ്. ഷംസുദ്ദീന്റെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥര്‍ വേഷം മാറി ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ചെക്‌പോസ്റ്റില്‍ പരിശോധന തുടങ്ങിയത്. പരിശോധന നടക്കുന്നുവെന്ന് മനസ്സിലാക്കാതെ ഡ്രൈവര്‍മാര്‍ കൗണ്ടറില്‍ കൈക്കൂലി നല്‍കി പോകുന്നുണ്ടായിരുന്നു. അല്പം കഴിഞ്ഞ്, പരിശോധനാവിവരം പുറത്തറിഞ്ഞതോടെ പണം കൊടുക്കുന്നത് നിര്‍ത്തി.
ചെക്‌പോസ്റ്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പുറത്തു നടന്ന് പരിശോധനാസംഘങ്ങള്‍ വരുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതായും വിജിലന്‍സ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു.