ന്യൂഡല്‍ഹി: ബംഗാളിലെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ സാമ്പത്തിക ക്രമക്കേടെന്ന് കേന്ദ്രസര്‍ക്കാര്‍. സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതി ഫണ്ടില്‍ നിന്നുള്ള തുക പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി വിനിയോഗിച്ചെന്ന് ആരോപിച്ച് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. പിഎം പോഷന്‍ പദ്ധതിക്കുള്ള തുക മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് വകമാറ്റി ക്രമക്കേട് നടത്തിയെന്നാണ് ആരോപണം.
”നിലവില്‍ ഉച്ചഭക്ഷണപദ്ധതിക്കായുള്ള ബാങ്ക് അക്കൗണ്ടില്‍ എന്തുകൊണ്ടെന്ന് വിശദീകരിക്കാനാകാത്ത പണമുണ്ട്. ഇതിനെക്കുറിച്ച് ബംഗാള്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പലവിധ പൊരുത്തക്കേടുകള്‍ പദ്ധതിയുമായി ബന്ധപ്പെട്ടുണ്ട്. ഇതില്‍ നിന്നും പണം പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി വിനിയോഗിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഒരേ അക്കൗണ്ട് തിരഞ്ഞെടുപ്പിന് ഉള്‍പ്പെടെ ഉപയോഗിച്ചെന്ന് വ്യക്തമാക്കാനായിട്ടില്ല.” കേന്ദ്രസര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
കഴിഞ്ഞ മൂന്നുമാസത്തിനിടെ തുക അക്കൗണ്ടുകളില്‍ വര്‍ധിച്ചതായാണ് കണ്ടെത്തിയത്. എന്നാല്‍, തുക മിച്ചം വന്നത് അക്കൗണ്ടുകളിലേക്ക് തിരിച്ചെത്തിയതാണിതെന്ന് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇതിനോട് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.