ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍നിന്നും മത്സരിച്ചേക്കുമെന്ന അഭ്യൂഹം വീണ്ടും സജീവമായി. ഉത്തര്‍പ്രദേശിലെ വാരാണസിക്കുപുറമേ കന്യാകുമാരിയിലോ കോയമ്പത്തൂരിലോ മോദി മത്സരിക്കുന്നത് തെക്കേ ഇന്ത്യയില്‍ ബി.ജെ.പി.യുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.
കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ കാശി തമിഴ് സംഗമവും സൗരാഷ്ട്ര തമിഴ് സംഗമവും നടത്തി ഉത്തരേന്ത്യക്ക് തമിഴ്നാടുമായുള്ള സാംസ്കാരികബന്ധം സ്ഥാപിച്ചെടുക്കാന്‍ ബി.ജെ.പി. ശ്രമം തുടങ്ങിയിട്ട് കുറച്ചുകാലമായി. ചോളപാരമ്പര്യത്തിന്റെ ചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ചതും അതിന് കാര്‍മികത്വം വഹിക്കാന്‍ തമിഴ്നാട്ടിലെ ശൈവസന്ന്യാസിമഠാധിപന്മാരെ വരുത്തിയതും അതിന്റെ ഭാഗമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി കാശിക്കുപുറമേ കന്യാകുമാരിയില്നിന്നുകൂടി പ്രധാനമന്ത്രി മത്സരിക്കണമെന്നാണ് തമിഴ്നാട്ടിലെ ബി.ജെ.പി. നേതാക്കള്‍ ആവശ്യപ്പെടുന്നത്. തമിഴ്നാട്ടുകാര്‍ക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടെന്ന് സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍ കെ. അണ്ണാമലൈ പറയുകയും ചെയ്തു.
സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ വഡോദരയില്‍നിന്നും ഉത്തര്‍പ്രദേശിലെ വാരാണസിയില്‍നിന്നും 2014-ല്‍ മോദി മത്സരിച്ചിരുന്നു. 2019-ല്‍ വാരാണസിയില്‍ മാത്രമാണ് മത്സരിച്ചത്. മോദി വാരാണസിയില്‍ വന്നത് ഉത്തര്‍പ്രദേശ് പിടിച്ചടക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്ക് ആക്കംനല്കുകയും ചെയ്തു. പാര്‍ട്ടിക്ക് വലിയ സ്വാധീനമില്ലാത്ത തമിഴ്നാട്ടില്‍നിന്നും അദ്ദേഹം മത്സരിക്കുന്നതിന്റെ പ്രയോജനം മുഴുവന്‍ തെക്കേ ഇന്ത്യയിലും ബി.ജെ.പി.ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്.
തമിഴ്നാട്ടില്‍ ബി.ജെ.പി.യെ സംബന്ധിച്ചിടത്തോളം ഉറപ്പുള്ള സീറ്റ് ഒന്നുമില്ല എന്നതാണ് ഈ പദ്ധതിക്ക് തടസ്സമായിനില്‍ക്കുന്നത്. 2014-ല്‍ ബി.ജെ.പി. ജയിച്ച കന്യാകുമാരിയാണ് പാര്‍ട്ടിക്ക് പ്രതീക്ഷയുള്ള സ്ഥലം. ബഹുകോണമത്സരത്തില് 1,28,662 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പൊന്‍ രാധാകൃഷ്ണന് ജയിച്ചത്. എന്നാല്‍, 2019-ല്‍ കോണ്‍ഗ്രസിലെ എച്ച്. വസന്തകുമാര്‍ രണ്ടരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് അദ്ദേഹത്തെ തോല്‍പ്പിച്ചു. 2021-ലെ ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ജയിച്ചു. പക്ഷേ, വിജയ് വസന്തിന് 1,37,950 വോട്ടിന്റെ ഭൂരിപക്ഷമേ കിട്ടിയുള്ളൂ. പൊന്‍ രാധാകൃഷ്ണന് 4,38,087 വോട്ടുനേടുകയും ചെയ്തു. കോയമ്പത്തൂരില്‍ ബി.ജെ.പി.യുടെ സി.പി. രാധാകൃഷ്ണന് 2019-ലെ തിരഞ്ഞെടുപ്പില്‍ 3,92,007 വോട്ടുകിട്ടിയിരുന്നു. രാമേശ്വരം ക്ഷേത്രം ഉള്‍പ്പെടുന്ന രാമനാഥപുരത്തേക്കും മോദിയുടെ പേര് പറഞ്ഞുകേള്‍ക്കുന്നുണ്ട്. എന്നാല്‍, ഇവിടെ ബി.ജെ.പി.ക്ക് അത്ര ശക്തിയില്ല. അണ്ണാഡി.എം.കെ. സഖ്യത്തില്‍ മത്സരിച്ച 2019-ല്‍ 3,42,821 വോട്ടുകിട്ടിയെങ്കിലും 2014-ല്‍ 1,71,082 വോട്ടുമായി മൂന്നാംസ്ഥാനത്തായിരുന്നു.