KeralaNEWS

ബിജെപിയിലെ കൊഴിഞ്ഞു പോക്ക് അവസാനിക്കുന്നില്ല; കലാകാരൻമാർ ഒന്നൊന്നായി പാർട്ടി വിടുന്നു

തിരുവനന്തപുരം: ബിജെപിയിൽ നിന്ന് താരങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ബിജെപിക്കുവേണ്ടി സോഷ്യൽമീഡിയയിലും പുറത്തും ശക്തമായി വാദിച്ചിരുന്ന സംവിധായകൻ രാമസിംഹനാണ് അവസാനമായി പാർട്ടിയിൽ നിന്ന് രാജിവെച്ച് പുറത്തുവന്നത്. സ്വതന്ത്ര അഭിപ്രായങ്ങൾക്ക് ബിജെപിയിൽ സ്ഥാനമില്ലെന്നാരോപിച്ചാണ് രാജിയെന്ന് രാമസിംഹൻ വ്യക്തമാക്കി.
ജൂൺ മൂന്നിനാണ് പ്രശസ്ത സംവിധായകനും ബിജെപി നേതാവുമായ രാജസേനൻ പാർട്ടി വിട്ടത്. ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു രാജസേനന്‍. സുരേഷ് ഗോപിക്കും കൃഷ്ണകുമാറിനുമൊപ്പം സിനിമാരംഗത്ത് നിന്നുള്ള ബിജെപിയുടെ സജീവമുഖമായിരുന്നു അദ്ദേഹം. എന്നാൽ, കലാകാരന് പ്രവർത്തിക്കാൻ സ്വാതന്ത്ര്യമില്ലെന്നാണ് രാജസേനനവും ഉന്നയിച്ചത്.
തൊട്ടുപിന്നാലെ ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന ഭീമൻ രഘുവും പാർട്ടി വിടുകയാണെന്ന് അറിയിച്ചു. 2016ൽ പത്തനാപുരത്ത് ​ഗണേഷ്കുമാറിനെതിരെയുള്ള ബിജെപി സ്ഥാനാർഥിയായിരുന്നു ഭീമൻ രഘു.ബിജെപി സഹയാത്രികനായ മേജർ രവിയും നിലവിൽ പാർട്ടിയോട് അകൽച്ചയിലാണ്.
 കലാകാരൻ എന്ന നിലയിൽ പലപ്പോഴും സ്വന്തം അഭിപ്രായം തുറന്നു പറയേണ്ടി വരുമെന്നും ബിജെപിയിലെത്തിയ ശേഷം ഇത് പലപ്പോഴും പറ്റുന്നില്ലെന്നും രാമസിംഹൻ വ്യക്തമാക്കി. ഇനി ഒരു രാഷ്ട്രീയപ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കാനില്ലെന്നും ഹിന്ദു ധർമ്മത്തോടൊപ്പം നിൽക്കുമെന്നും രാമസിംഹൻ കൂട്ടിച്ചേർത്തു. 
 
2019ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രതിനിധി കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തു നിന്നും മത്സരിച്ച്‌ വിജയിച്ചില്ലെങ്കില്‍ തലമുണ്ഡനം ചെയ്യും എന്ന പ്രഖ്യാപനം നിറവേറ്റിയ ആളാണ് സംവിധായകൻ രാമസിംഹൻ (അലി അക്ബര്‍) നിലവില്‍ താൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ല, സ്വതന്ത്രൻ എന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

“പണ്ട് പണ്ട് കുമ്മനം രാജേട്ടൻ തോറ്റപ്പോള്‍ വാക്ക് പാലിച്ചു മൊട്ടയടിച്ചു. ഇനി ആര്‍ക്കും വേണ്ടി മൊട്ടയടിക്കില്ല, എനിക്ക് വേണ്ടിയല്ലാതെ. ഒപ്പം ഒരു സന്തോഷം പങ്ക് വയ്ക്കട്ടെ. ഇപ്പോള്‍ ഞാൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ല. തികച്ചും സ്വതന്ത്രൻ. എല്ലാത്തില്‍ നിന്നും മോചിതനായി.. ഒന്നിന്റെ കൂടെമാത്രം, ധര്‍മ്മത്തോടൊപ്പം. ഹരി ഓം,” അദ്ദേഹം കുറിച്ചു.

Back to top button
error: