ന്യൂഡല്‍ഹി: രാജ്യത്ത് ഒരു വര്‍ഷത്തിലധികമായി മാറ്റമില്ലാതിരിക്കുന്ന ഇന്ധനവില കുറയ്ക്കാന്‍ സാദ്ധ്യത. എണ്ണക്കമ്പനികളോട് ഇന്ധനവിലയില്‍ കുറവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഓയില്‍ കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ എന്നീ കമ്പനികളോടാണ് വില കുറയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഇന്ധന കമ്പനികളുടെ നഷ്ടം ഒരു പരിധി വരെ വീണ്ടെടുക്കാന്‍ സാധിച്ചു എന്ന കണക്കുകൂട്ടലിലാണ് കേന്ദ്രത്തിന്റെ ആവശ്യം.
2022 മേയ് മുതല്‍ ഇന്ത്യയിലെ ഇന്ധനവിലയില്‍ മാറ്റം വരുത്തിയിട്ടില്ല. ഇക്കാലയളവില്‍ ആഗോള തലത്തില്‍ ഇന്ധനവില ബാരലിന് 35 ഡോളറില്‍ അധികം കുറഞ്ഞിരുന്നു. ഇതിലൂടെ ഓയില്‍ കമ്പനികള്‍ക്ക് വലിയ ലാഭം കിട്ടുകയും ചെയ്തു.
എന്നാല്‍, കോവിഡ് കാലത്തുണ്ടായ ഭീമമായ നഷ്ടം ഇതുവരെ നികത്തിയിട്ടില്ല എന്ന നിലപാടിലാണ് എണ്ണക്കമ്പനികള്‍. ചില സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്ന നാളുകളില്‍ ആഗോള ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചിട്ടും, രാജ്യത്തെ ഇന്ധനവില വര്‍ദ്ധിപ്പിക്കാതെ എണ്ണക്കമ്പനികള്‍ക്ക് നഷ്ടം സഹിക്കേണ്ടി വന്നുവെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഓയില്‍, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ എന്നീ മൂന്ന് കമ്പനികള്‍ക്കും കൂടി 18,622 കോടി രൂപയുടെ നഷ്ടമുണ്ടായതായി കമ്പനികള്‍ പറയുന്നു. എങ്കിലും കേന്ദ്ര സര്‍ക്കാരില്‍നിന്നുള്ള സമ്മര്‍ദ്ദം കൂടുന്നതോടെ എണ്ണക്കമ്പനികള്‍ വില കറയ്ക്കാന്‍ തയ്യാറായേക്കും.
കഴിഞ്ഞ മാര്‍ച്ച് പാദം എണ്ണക്കമ്പനികള്‍ക്ക് വന്‍ നേട്ടമാണ് നല്‍കിയത്. രാജ്യത്തെ എല്ലാ ഓയില്‍ കമ്പനികളും കൂടി ഏകദേശം 20,000 കോടി രൂപയുടെ ലാഭമാണ് നേടിയത്. ഈ ജൂണ്‍ പാദത്തിലും മികച്ച ലാഭമാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം 2023 സാമ്പത്തിക വര്‍ഷത്തില്‍ സ്റ്റാന്‍ഡ്എലോണ്‍ അടിസ്ഥാനത്തില്‍ 9,000 കോടി രൂപയുടെ നഷ്ടം എച്ച്.പി.സി.എല്‍ കമ്പനിക്ക് ഉണ്ടായി. എന്നാല്‍, തൊട്ടു മുമ്പത്തെ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ അറ്റാദായം 79% വര്‍ധിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം എന്നീ കമ്പനികളുടെ അറ്റാദായത്തില്‍ ഇതേ കാലയളവില്‍ യഥാക്രമം 52%,168% എന്നിങ്ങനെ വര്‍ധനയുണ്ടായിട്ടുണ്ട്.
സ്വകാര്യ എണ്ണവിതരണ കമ്പനികളായ നയാര എനര്‍ജിയും റിലയന്‍സിന്റെ ജിയോ-ബി.പിയും ക്രൂഡോയില്‍ വില കുറഞ്ഞത് പരിഗണിച്ച് വിപണിവിലയേക്കാള്‍ ഒരു രൂപ കുറച്ചാണ് പെട്രോള്‍, ഡീസല്‍ വില്പന നടത്തുന്നത്. പൊതുമേഖലാ കമ്പനികളുടെ വിലയേക്കാള്‍ കുറഞ്ഞ നിരക്കിലുള്ള വില്പന ഈമാസം അവസാനം വരെ തുടരാനാണ് ഈ കമ്പനികളുടെ തീരുമാനം.