തിരുവനന്തപുരം: എന്‍എസ്‌എസ് കരയോഗം പ്രസിഡന്‍റിന്‍റെ ആത്മഹത്യയില്‍ പോലീസിനെതിരെ ആരോപണവുമായി ബന്ധുക്കള്‍.
തിരുവനന്തപുരം മാറനല്ലൂരില്‍ എന്‍എസ്‌എസ് കരയോഗം പ്രസിഡന്‍റ് രസല്‍പുറം വേട്ടമംഗലം ശ്രുതിയില്‍ അജയകുമാര്‍ (62) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് മാറനല്ലൂര്‍ പൊലീസിനെതിരെയും ക്രൈംബ്രാഞ്ചിലെ ഒരു പൊലീസുകാരനെതിരെയും ഗുരുതര ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്.
അജയകുമാറിനെ കളളക്കേസില്‍ കുടുക്കി മാനസികമായി പീഡിപ്പിച്ചെന്നും മോഷണകുറ്റമുള്‍പ്പെടെ ചുമത്തി കേസെടുത്തെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.ക്രൈംബ്രാഞ്ചിലെ പൊലീസുകാരനായ സന്ദീപിന്‍റെ പേര് അജയകുമാറിൻ്റെ അത്മഹത്യാക്കുറിപ്പില്‍ ഉണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു.വസ്തു തര്‍ക്കത്തിന്‍റെ പേരില്‍ പൊലീസുകാരനായ സന്ദീപും പിതാവ് മണിയനും ചേര്‍ന്ന് ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഭാര്യ ചിത്രയുടെ മുന്നില്‍ വെച്ച് അജയകുമാറിനെ മര്‍ദിച്ചിരുന്നു എന്ന് കുടുംബം പറയുന്നു.
തുടര്‍ന്ന് തന്നെ കളളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ അജയകുമാര്‍ മുഖ്യമന്ത്രിക്കും മുനുഷ്യാവകാശ കമ്മിഷനും പൊലീസ് കംപ്ലൈൻ്റ് അതോറിറ്റിക്കും പരാതി നൽകിയിരുന്നു.പൊലീസുകാരനായ സന്ദീപ് നിരന്തരം അജയകമാറിനെ ശല്ല്യം ചെയ്തിരുന്നതായും പരാതിയിലുണ്ടായിരുന്നു.എന്നാൽ ഇയാൾക്കെതിരെ കേസെടുക്കുന്നതിനു പകരം അജയകുമാറിനെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു എന്ന് ഭാര്യ ചിത്ര വി എം പറഞ്ഞു. തുര്‍ന്നാണ് കഴിഞ്ഞ തിങ്കളാഴ്ച സന്ദീപിൻ്റെ പേരെഴുതി വച്ചു കരയോഗം കെട്ടിടത്തില്‍ അജയകുമാര്‍ തൂങ്ങി മരിച്ചത്.