FeatureNEWS

മരണത്തെ തോൽപ്പിച്ച മനുഷ്യൻ

തൂക്കിലേറ്റപ്പെട്ട ആളുകള്‍ എല്ലാവരും മരിക്കണമെന്നില്ല.ജീവനും മരണവും തൂക്കുകയറിനോടു മത്സരിച്ചു മരണം തോറ്റുമടങ്ങിയ ചരിത്രങ്ങൾ ഏറെയുണ്ട്.അതിലൊന്നാണ് ഇത്.ഒടുവിൽ കോടതിക്കു പോലും വിധിവാചകം മാറ്റിയെഴുതേണ്ടി വന്നു എന്നത് ചരിത്രം.
 1177 മുതൽ 1798 വരെ ലണ്ടനിലെ Tyburn Tree എന്ന സ്ഥലത്തായിരുന്നു വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ പൊതുമധ്യത്തില്‍ തൂക്കികൊന്നിരുന്നത്.ഇവിടെയുള്ള Newgate Prison ഇങ്ങിനെ പൊതുമധ്യത്തില്‍ തൂക്കി കൊല്ലുന്നത് ഒരു ക്രൂരവിനോദം പോലെ ആഘോഷിച്ചിരുന്നു.ഇത് കാണുവാനും അന്ന് ധാരാളം ആളുകള്‍ കൂടുമായിരുന്നു.
അവിടെ തൂക്കുമരണം വധിക്കപ്പെട്ട ആയിരങ്ങളിൽ ഒരാൾ വില്യം ഡ്യുവൽ എന്നയാളായിരുന്നു.ബലാത്സംഗം, കവർച്ച, കൊലപാതകം എന്നീ കുറ്റങ്ങൾക്ക് കുറ്റാരോപിതനായ 17 കാരനായ ഡ്യുവലിനെ  വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.
1740 നവംബറിലെ ഒരു അതികഠിനമായ ശൈത്യകാലദിനത്തിൽ, ആ യുവാവ് മറ്റ് നാല് പേർക്കൊപ്പം Tyburn Tree എന്ന സ്ഥലത്ത് തൂക്കിലേറ്റപ്പെട്ടു.
ഏതാണ്ട് ഇരുപത്തിരണ്ട് മിനിറ്റോളം തൂക്കിലേറ്റിയ ശേഷം, അദ്ദേഹത്തിന്റെ ശരീരം കയറിൽ നിന്ന് വെട്ടിമാറ്റി, ഒരു കൂലിക്കുതിരവണ്ടിയിലേക്ക്  വലിച്ചെറിഞ്ഞു , അങ്ങിനെ തൂക്കിലേറ്റപ്പെട്ട ശവങ്ങള്‍ ഒക്കെ അടുത്തുള്ള ബാർബർ-സർജൻസ് ഹാളിലേക്ക് (Barber-Surgeons’ Hall) കൊണ്ടുപോകുകയും അവിടെ വച്ച്, മെഡിക്കല്‍ ഗവേഷണ അവയവപഠനത്തിനായി ശരീരം കീറിമുറിക്കലായിരുന്നു അടുത്ത ഘട്ടം.
പക്ഷെ ഡ്യുവലിന്‍റെ ശവശരീരം എടുത്തു സ്ലാബിൽ വെച്ചപ്പോൾ സർജനേയും സഹായികളേയും അത്ഭുതപ്പെടുത്തിയ ഒരു സംഭവമുണ്ടായി… ചെറിയ ഒരു ഞരങ്ങല്‍ !!
കൂടുതല്‍ പരിശോധിച്ചപ്പോള്‍  ജീവന്‍റെ മറ്റു പല സൂചനകളും ആ ശരീരത്തിൽ കണ്ടെത്തി.അതിനാൽ അവർ അയാൾക്ക് അടിയന്തര ചികിത്സ നല്‍കി .
അതിന്റെ ഫലമായി, കുറച്ച് സമയത്തിന് ശേഷം അയാൾക്ക് ഇരിക്കാൻ സാധിച്ചു. തുടർന്ന് അദ്ദേഹത്തെ ന്യൂഗേറ്റ് ജയിലിലേക്ക് കൊണ്ടുപോയി, അവിടെ ഒരു സെല്ലിൽ അടച്ചു.
ചൂടുപിടിക്കാൻ പുതപ്പുകളും ഭക്ഷണവും നൽകി. ഏതാനും ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം പൂർണ ആരോഗ്യവാനായി തിരിച്ചെത്തുകയും ചെയ്തു.
ഈ സമയത്ത്, അവനെ എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അധികാരികളുടെ തലവേദനയായി മാറി.നിയമപരമായി… അവൻ വധശിക്ഷ അനുഭവിച്ചു തൂക്കിലേറിക്കഴിഞ്ഞ ഒരു “മരിച്ചുപോയ” മനുഷ്യനാണ്.
അവസാനം, നിയമത്തെ പരിഹസിക്കുന്നത് ഒഴിവാക്കാനും , തൂക്കിലേറ്റുന്നത് അതിജീവിക്കാൻ കഴിയുമെന്ന വാര്‍ത്ത കൂടുതല്‍ വ്യാപിക്കുന്നത്  തടയാനും, അവർ അവനെ നാടുകടത്തലിന് ശിക്ഷിക്കാൻ തീരുമാനിച്ചു.
അങ്ങിനെ അദ്ദേഹത്തെ വടക്കേ അമേരിക്കയിലേക്ക് നാടുകടത്തി .
ഒടുവിൽ,  എൺപത്തിരണ്ടാം വയസ്സിൽ മരിക്കുന്നതു വരെ , അദ്ദേഹം ബോസ്റ്റണിൽ തന്റെ ശിഷ്ടജീവിതം ജീവിച്ചു തീർത്തു.
പില്‍ക്കാലത്ത്  തൂക്കിക്കൊല്ലുക എന്ന ലിഖിത ശിക്ഷാവിധിയെ മരണംവരെ തൂക്കിലേറ്റുക എന്നതായി  തിരുത്തിയെഴുതാന്‍ ഈ സംഭവമാണ് കാരണമായത്.

Back to top button
error: